അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തെ നെതര്‍ലന്‍ഡ് സര്‍ക്കാരിറിൻ്റെ സഹായത്തോടെ പുഷ്പകൃഷിയിലും മറ്റും മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. പൂപ്പൊലിയില്‍ പുഷ്പ ഗ്രാമ കര്‍ഷക സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ജീവനി പദ്ധതിയുടെ വയനാട് ജില്ലാതല ഉദ്ഘാടനവും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.മികച്ച രീതിയില്‍ ഇത്തവണ പൂപ്പൊലി നടത്തിയ എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു.
സംസ്ഥാന കൃഷി വകുപ്പും കാർഷിക സർവ്വകലാശാലയും ചേർന്ന് വയനാട് അമ്പലവയലിൽ ഒരുക്കിയ അന്താരാഷ്‌ട്ര പുഷ്‌പോത്സവം "പൂപ്പൊലി" ജനശ്രദ്ധ ആകർഷിക്കുന്നു.വ്യത്യസ്ഥ വര്‍ണകാഴ്ചകളൊരുക്കുന്ന ഡാലിയ, മരങ്ങളില്‍ നിറങ്ങള്‍ വാരിവിതറുന്ന ട്രീ ഗാര്‍ഡന്‍, ഗ്ലാഡിയോരസ്, 1000 അധികം റോസുകള്‍ എന്നിവ പുഷ്‌പോത്സവത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. ജലനിരപ്പില്‍ വര്‍ണം വിതറുന്ന ഫ്ളോട്ടിംഗ് ഗാര്‍ഡന്‍ മേളയിലെ മറ്റൊരു പ്രത്യേകത. നാടന്‍ മറുനാടന്‍ പൂക്കളുടെ അപൂര്‍വ്വ സംഗമവുമാണ് പൂപ്പൊലി.
അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രമാണ് പൂപ്പൊലിയുടെ സംഘാടകര്‍. ഇത് ആറാം തവണയാണ് പുഷ്പമേളക്ക് വേദിയൊരുങ്ങുന്നത്. ഫുഡ് കോര്‍ട്ട്, പെറ്റ് ഷോ, അമ്യൂസ്മെന്റ് പാര്‍ക്ക് എന്നിവയും മേളയുടെ ഭാഗമാണ്.പുതുവർഷ ദിനത്തിൽ ആരംഭിച്ച മേള ജനുവരി 12 വരെ തുടരും.പൂപ്പൊലിയില്‍ ആദ്യ 9 ദിവസം ഒന്നര ലക്ഷം ആളുകളെത്തി. 62 ലക്ഷം രൂപ ടിക്കറ്റ് വരുമാനം മാത്രമുണ്ടായി.