ഗ്രാമത്തിലും നഗരത്തിലും താമസിക്കുന്നവർക്ക് തങ്ങളുടെ സമ്പാദ്യം ഭാവിയിലേക്ക് സുരക്ഷിതമാക്കുന്നതിനുള്ള പദ്ധതിയാണ് പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപ പദ്ധതി. സുരക്ഷിതമെന്നതിന് പുറമെ പോസ്റ്റ് ഓഫീസിന്റെ ഈ പദ്ധതി ലാഭകരവുമാണ്. പോസ്റ്റ് ഓഫീസിന്റെ സ്ഥിര നിക്ഷേപ പദ്ധതികളില്‍ നിക്ഷേപം നടത്തിക്കൊണ്ട് മെച്ചപ്പെട്ട ലാഭം നേടാവുന്നതാണ്. ഇതിലൂടെ നിക്ഷേപകന് വലിയ തുക പലിശയായി ലഭിക്കും. സര്‍ക്കാര്‍ ഗ്യാരണ്ടി, ത്രൈമാസ അടിസ്ഥാനത്തിൽ പലിശ സൗകര്യം പോലുള്ള ആനുകൂല്യങ്ങളും പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങളിലൂടെ സ്വന്തമാക്കാവുന്നതാണ്.
പോസ്റ്റ് ഓഫീസിൽ സ്ഥിര നിക്ഷേപം (Fixed Deposit) എങ്ങനെ ആരംഭിക്കാം?
ഒരു കാലത്ത് കത്തുകളും മണി ഓർഡറുകളും കൈമാറ്റം ചെയ്യുന്നതിനായിരുന്നു പോസ്റ്റ് ഓഫീസുകൾ വലിയ രീതിയിൽ പ്രയോജനപ്പെട്ടിരുന്നതെങ്കിൽ ഇന്ന് സ്ഥിതിഗതികൾ പാടെ മാറിയിട്ടുണ്ട്.
ഒരു ബാങ്കിൽ നിന്ന് ലഭിക്കുന്ന ഒട്ടുമിക്ക സേവനങ്ങളും പോസ്റ്റ് ഓഫീസ് മുഖേന ഏതൊരു സാധാരണക്കാരനും സ്വന്തമാക്കാം. അത്തരത്തിലുള്ള സേവനമാണ് പോസ്റ്റ് ഓഫീസിലെ സ്ഥിര നിക്ഷേപം.
പോസ്റ്റ് ഓഫീസിൽ ഫിക്സ്ഡ് ഡിപ്പോസിറ്റ് അഥവാ സ്ഥിരനിക്ഷേപം ആരംഭിക്കുന്നത് വളരെ എളുപ്പവും ലളിതവുമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇ-കൊമേഴ്സും ബാങ്കിങും മണി ട്രാൻസ്ഫറും; നിങ്ങളറിയാത്ത പോസ്റ്റ് ഓഫീസ് സേവനങ്ങൾ
പോസ്റ്റ് ഓഫീസിന്‍റെ വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച് നിർദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരു വർഷത്തേക്കോ അല്ലെങ്കിൽ 2, 3, 5 വർഷത്തേക്കോ ഇത് അനുസരിച്ച് നിങ്ങൾക്ക് FD ആരംഭിക്കാവുന്നതാണ്.
സ്ഥിര നിക്ഷേപത്തിലൂടെയുള്ള ആനുകൂല്യങ്ങൾ?
നിങ്ങൾ നിക്ഷേപിക്കുന്ന തുകയ്ക്ക് പൂർണമായും സുരക്ഷിതത്വം തരുമെന്നതാണ് പോസ്റ്റ് ഓഫീസിലൂടെ ലഭിക്കുന്ന സേവനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പോസ്റ്റ് ഓഫീസിൽ FD ആരംഭിക്കുമ്പോള്‍ അതിന് കേന്ദ്ര സർക്കാർ നിങ്ങൾക്ക് ഗ്യാരണ്ടി നൽകുന്നു. പോസ്റ്റ് ഓഫീസ് സേവനത്തിലൂടെ ഓഫ്‌ലൈനായോ, ഓണ്‍ ലൈനായോ പണം നിക്ഷേപിക്കാം. അതായത് പണമായോ ചെക്ക് രൂപത്തിലോ അതുമല്ലെങ്കിൽ നെറ്റ് ബാങ്കിങ്/ മൊബൈൽ ബാങ്കിങ് വഴിയോ തുക നിക്ഷേപിക്കാവുന്നതാണ്.
ഒന്നിൽ കൂടുതൽ FD ചെയ്യാൻ സാധിക്കുമെന്നതും പോസ്റ്റ് ഓഫീസ് Fixed Deposit പദ്ധതിയുടെ മറ്റൊരു പ്രത്യേകതയാണ്.
പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപ പദ്ധതിയിലെ മറ്റ് സവിശേഷതകൾ
നിക്ഷേപകന് തന്റെ എഫ്ഡി അക്കൗണ്ട് ജോയിന്‍റ് ആക്കാൻ സാധിക്കുന്നു. ഈ പദ്ധതി പ്രകാരം 5 വർഷത്തേക്ക് സ്ഥിര നിക്ഷേപം നടത്തിയാൽ ITR ഫയല്‍ ചെയ്യുമ്പോൾ നിങ്ങൾ നികുതി ഇളവ് ലഭിക്കുന്നതിനും അർഹനാണ്. അതുപോലെ, ഒരാൾക്ക് ഒരു പോസ്റ്റ് ഓഫീസിൽ നിന്ന് മറ്റൊരു പോസ്റ്റ് ഓഫീസിലേയ്ക്ക് എളുപ്പത്തിൽ എഫ്ർി ട്രാൻസ്ഫർ ചെയ്യാൻ കഴിയും. എഫ്ഡി ആരംഭിക്കുന്നതിനായി നിങ്ങളുടെ സമീപത്തുള്ള പോസ്റ്റ് ഓഫീസിൽ ചെക്കോ അല്ലെങ്കില്‍ പണമോ അടച്ച് നിങ്ങൾക്ക് അക്കൗണ്ട് തുറക്കാം. ഒരു അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. എന്നാൽ, അക്കൗണ്ടിനുള്ള പരമാവധി തുകയ്ക്ക് പരിധിയില്ല.