സുരക്ഷിതമായ സേവിങ്സ് പ്ലാനുകളിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർക്ക് വിശ്വാസ്യതയോടെ ആശ്രയിക്കാവുന്നതാണ് പോസ്റ്റ് ഓഫീസ് നൽകുന്ന നിക്ഷേപ പദ്ധതികൾ (Post Office Savings Schemes). മുതിർന്നവർക്കും ജോലിയിൽ നിന്ന് വിരമിച്ചവർക്കും കുട്ടികൾക്കുമെല്ലാം പ്രത്യേകം നിക്ഷേപ പദ്ധതികളും പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്.
കുട്ടികളുടെ സുരക്ഷിത ഭാവി മുന്നിൽകണ്ട് നിക്ഷേപ പദ്ധതികളിൽ അംഗമാകാൻ ആഗ്രഹിക്കുന്ന രക്ഷകർത്താക്കൾക്കായി ഇന്ത്യൻ തപാൽ വകുപ്പ് ചില സ്കീമുകൾ പരിചയപ്പെടുത്തുന്നുണ്ട്.
നിങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ അവരുടെ പഠനത്തിനും മറ്റുമുള്ള ചെലവ് ഇന്നേ കരുതി വയ്ക്കണം. പൈസ മിച്ചം വച്ച് സമ്പാദ്യശീലമില്ലാത്ത കുട്ടികൾക്ക് വേണ്ടിയും ഈ പദ്ധതി വിനിയോഗിക്കാം. ഇത്തരത്തിൽ പോസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കുന്ന ഒരു മികച്ച നിക്ഷേപ പദ്ധതിയെ കുറിച്ചാണ് ചുവടെ വിശദീകരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: POST OFFICE; ദിവസവും 70 രൂപ, 5 വർഷത്തിന് ശേഷം നിങ്ങളുടെ കുഞ്ഞിന് ലക്ഷങ്ങളുടെ സമ്പത്ത്!
ഇതിന് ആദ്യം കുട്ടികൾക്കായി നിങ്ങൾ പോസ്റ്റ് ഓഫീസിൽ MIS അക്കൗണ്ട് തുറക്കണം. ഒരിക്കൽ നിക്ഷേപിച്ചാൽ എല്ലാ മാസവും പലിശ ലഭിക്കുന്ന പദ്ധതിയാണിത്.
ഒറ്റ അക്കൗണ്ടായോ ജോയിന്റ് അക്കൗണ്ടായോ തുറക്കാം എന്നതാണ് ഈ പദ്ധതിയുടെ മേന്മ. ഈ അക്കൗണ്ടിൽ 3.50 ലക്ഷം രൂപ നിക്ഷേപിച്ചാൽ നിലവിലെ പലിശ നിരക്കിൽ പ്രതിമാസം 1925 രൂപ ലഭിക്കും. 2 ലക്ഷം രൂപ നിക്ഷേപിച്ചാൽ നിലവിലെ പലിശ പ്രകാരം പ്രതിമാസം 1100 രൂപ ലഭിക്കും. അഞ്ച് വർഷത്തിനുള്ളിൽ, നിങ്ങൾക്ക് മൊത്തം 66,000 രൂപ പലിശ ലഭിക്കും. കൂടാതെ നിങ്ങളുടെ നിക്ഷേപ തുകയും തിരികെ ലഭിക്കും.
നിങ്ങളുടെ കുട്ടികൾ സ്‌കൂളിൽ പഠിക്കുന്നവരാണെങ്കിൽ, ഈ സ്കീം വളരെ ഉപയോഗപ്രദമാണ്. മാത്രമല്ല, രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിൽ നിന്നും നിങ്ങൾക്ക് ഈ അക്കൗണ്ട് തുറക്കാം. കുട്ടികൾക്കായി അവതരിപ്പിക്കുന്ന ഈ പോസ്റ്റ് ഓഫീസ് പദ്ധതിയെ കുറിച്ച് കൂടുതൽ അറിയാം…
ഈ അക്കൗണ്ടിന്റെ മിനിമം ബാലൻസ് ആയി നിങ്ങൾ സൂക്ഷിക്കേണ്ടത് 1000 രൂപയാണ്. ഈ അക്കൗണ്ടിൽ നിങ്ങൾക്ക് പരമാവധി 4.5 ലക്ഷം രൂപ നിക്ഷേപിക്കാം. നിങ്ങൾക്ക് ഈ സ്കീമിന് കീഴിൽ ഇപ്പോൾ ലഭിക്കുന്ന പലിശ 6.6 ശതമാനമാണ്.
ബന്ധപ്പെട്ട വാർത്തകൾ: Post Office സ്ഥിര നിക്ഷേപം; കൂടുതൽ പലിശ, കൂടുതൽ സുരക്ഷിതം
ഏത് പേരിലും ഈ അക്കൗണ്ട് തുറക്കാവുന്നതാണ്. നിങ്ങളുടെ കുട്ടിയുടെ പേരിലാണ് അക്കൗണ്ട് തുറക്കുന്നതെങ്കിൽ, അവനോ അവൾക്കോ കുറഞ്ഞത് 10 വയസ് പ്രായമുണ്ടായിരിക്കണം.
ഇതുകൂടാതെ, ഈ പോസ്റ്റ് ഓഫീസ് പദ്ധതിയുടെ കാലാവധി 5 വർഷമാണ്. അതിനു ശേഷം വേണമെങ്കിൽ പദ്ധതിയിൽ തുടരാം.
ഇത്തരത്തിൽ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനും മറ്റുമായി കേന്ദ്ര സർക്കാരും ഏതാനും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച ഒരു നിക്ഷേപ സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന.
പെൺകുട്ടികളുള്ള രക്ഷിതാക്കൾ മകളുടെ പേരിലാണ് ഈ പദ്ധതിയിൽ അക്കൗണ്ട് തുറക്കേണ്ടത്. കേന്ദ്രസർക്കാരിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി പെൺകുട്ടികൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താൻ 2015 ജനുവരിയിലാണ് കേന്ദ്രസർക്കാർ സുകന്യ സമൃദ്ധി യോജനയ്ക്ക് തുടക്കമിട്ടത്.