1. കേരളത്തിൽ കോഴിയിറച്ചി വില പകുതിയായി കുറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ 1 കിലോ കോഴിയിറച്ചിക്ക് 85 മുതൽ 90 രൂപ വരെയാണ് വില. എന്നാൽ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങളുടെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഹോട്ടൽ വിഭവങ്ങൾക്ക് ഏകീകൃത വില നിർണയ സംവിധാനം ഇതുവരെ ഏർപ്പെടുത്തിയിട്ടില്ല. 170 രൂപ വില വരുന്ന രണ്ട് കിലോ ലൈവ് കോഴിയിൽ നിന്നും 1.3 കിലോ മാംസമാണ് ലഭിക്കുക. തമിഴ്നാട് തിരുപ്പൂർ ജില്ലയിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും കോഴി ഇറക്കുമതി ചെയ്യുന്നത്. തമിഴ്നാട് ലോബി നിശ്ചയിക്കുന്ന വിലയാണ് കേരളത്തിലെ കർഷകർ ഉൽപാദിപ്പിക്കുന്ന കോഴിയ്ക്കും ഈടാക്കുന്നത്. കോഴിവില കുറയുമ്പോൾ മാർക്കറ്റ് വില താഴുന്നു. ഇതോടെ കേരളത്തിലെ കോഴി വളർത്തൽ ചെലവ് കൂടും. നഷ്ടം കാരണം കർഷകർ കോഴി വളർത്തൽ അവസാനിപ്പിക്കുന്നത് തമിഴ്നാടൻ ഇറക്കുമതി കൂട്ടുന്നു.
കൂടുതൽ വാർത്തകൾ: ഭിന്നശേഷിക്കാർക്ക് മുൻഗണനാ റേഷൻ കാർഡ് ലഭിക്കും
2. വനാശ്രിത വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാനതല അന്താരാഷ്ട്ര വന ദിനാചരണവും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമിക്കപ്പെട്ട 500 വനാശ്രിത പട്ടിക വര്‍ഗ്ഗവിഭാഗക്കാര്‍ക്ക് സ്വീകരണം നല്‍കുന്ന ചടങ്ങും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പു മന്ത്രി കെ.രാധാകൃഷ്ണന്‍ ഉപഹാരം കൈമാറി. കാവുകള്‍ക്കുള്ള ധനസഹായം ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു വിതരണം ചെയ്തു.
3. വാമനപുരം ബ്ലോക്കിലെ പുല്ലമ്പാറ ഗ്രാമപഞ്ചായത്തിൽ ക്ഷീരഗ്രാമം പദ്ധതിക്ക് തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 20 ഗ്രാമപഞ്ചായത്തുകളിൽ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ ക്ഷീരമേഖലയുടെ ഉന്നമനത്തിനായി എല്ലാ കർഷകരും പദ്ധതി പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു.
4. സ്ത്രീ-പുരുഷ സമത്വത്തിന് പരിപൂർണ്ണ പിന്തുണനൽകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട് സംഘടിപ്പിച്ച സമം സാംസ്കാരികോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ ജില്ലയിലെ വിവിധ മേഖലയിൽ പ്രമുഖരായ പതിനഞ്ചോളം വനിതകളെ ആദരിച്ചു. സമത്വത്തിനുവേണ്ടി സാംസ്കാരിക മുന്നേറ്റം എന്ന കാഴ്ചപ്പാടിൽ സംഘടിപ്പിച്ച പരിപാടി മാതൃകാപരമാണെമന്നും, സമൂഹത്തിന്റെ അധിക്ഷേപങ്ങൾക്കും വെല്ലുവിളികൾക്കും എതിരെ സ്ത്രീകൾ നടത്തിയ പോരാട്ടങ്ങൾ വളരെ വലുതാണെന്നും ചടങ്ങിൽ മന്ത്രി കൂട്ടിച്ചേർത്തു.
5. കേരള സർക്കാരിന്റെ പരമോന്നത പുരസ്കാരങ്ങൾ വിതരണം ചെയ്തു. വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ ആദ്യമായി നൽകുന്ന പുരസ്കാര ദാനമാണിത്. രാജ്ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവാർഡുകൾ വിതരണം ചെയ്തു. സാഹിത്യകാരൻ എം.ടി വാസുദേവൻ നായർക്ക് കേരള ജ്യോതി പുരസ്‌കാരവും നാടക രചയിതാവ് ഓംചേരി എൻ.എൻ പിള്ള, സിവിൽ സർവീസ്, സാമൂഹ്യ സേവന രംഗത്തെ ടി മാധവമേനോൻ, നടൻ മമ്മൂട്ടി എന്നിവർക്ക് കേരള പ്രഭ പുരസ്‌കാരവും ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
6. കാഷ്യു പ്രൊട്ടക്ട് മൊബൈല്‍ ആപ്പ് പുറത്തിറക്കി ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിൽ. കര്‍ണാടകയിലെ പുത്തൂരിലുള്ള കശുമാവ് ഗവേഷണ ഡയറക്ടറേറ്റാണ് ആപ്പ് വികസിപ്പിച്ചത്. ഇതിനുമുമ്പ് ‘കാഷ്യു ഇന്ത്യ’ എന്ന ആപ്പും ഇവർ പുറത്തിറക്കിയിരുന്നു. കശുമാവിലെ പരിപാലന മുറകള്‍ ഇനം തിരിച്ച് നല്‍കാനും, കമ്പോള നിലവാരം മനസിലാക്കാനും ആപ്പിലൂടെ സാധിക്കും. കൂടാതെ, ആപ്പിലൂടെ കീടങ്ങളുടെ ഫോട്ടോ അപ്ലോഡ് ചെയ്യാം. ഇതുവഴി വിവിധ കീടങ്ങളെ മനസ്സിലാക്കുന്നതിനും, പരിഹാര മാർഗങ്ങൾ നിർണയിക്കുന്നതിനും ആപ്പ് സഹായിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്; 9902273468.
7. നോര്‍ക്കയുടെ പുനരധിവാസ പദ്ധതികള്‍ രാജ്യത്തിന് മാതൃകയെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണൻ. നോര്‍ക്ക റൂട്ട്‌സും കേരള ബാങ്കും സംയുക്തമായി ഇടുക്കി ചെറുതോണിയില്‍ സംഘടിപ്പിച്ച പ്രവാസി ലോണ്‍ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്നതുപോലെയുള്ള പദ്ധതികള്‍ മറ്റൊരു സംസ്ഥാനങ്ങളിലും ഇല്ലെന്നും, നോര്‍ക്കയുടെ സംരംഭകത്വപദ്ധതികള്‍ കേരളത്തിലെ പ്രവാസികള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോര്‍ക്ക - കേരള ബാങ്ക് ലോണ്‍ മേളയിലൂടെ 196 സംരംഭങ്ങള്‍ക്ക് വായ്പാനുമതി ലഭിച്ചത്.
8.പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ കൂണ്‍കൃഷി വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ഈ മാസം 24 ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ചാണ് പരിശീലനം നടക്കുക. പരിശീലനത്തില്‍ പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക: 9447801351.
9. യുഎഇയിൽ മുട്ടയ്ക്കും കോഴിത്തീറ്റയ്ക്കും വില ഉയരുമെന്ന് സൂചന. കോഴി വളർത്തലിന് ആവശ്യമായ ഉൽപന്നങ്ങളുടെ വില ഏകദേശം 13 ശതമാനം വർധിക്കും. യുഎഇ ധനകാര്യ മന്ത്രാലയമാണ് അറിയിപ്പ് നൽകിയത്. ഉൽപാദനം, കയറ്റുമതി- ഇറക്കുമതി മേഖലയിലുണ്ടായ വില വർധനവ് മാർക്കറ്റ് വില ഉയർത്തുമെന്ന് വ്യാപാര കമ്പനികളും ചൂണ്ടിക്കാട്ടി.
10. കേരളത്തിൽ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ മഴ തുടരും. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.