ഡിമാൻ്റ് ഇടിഞ്ഞ് കോഴിയിറച്ചി. ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെയാണ് കോഴിയിറച്ചിക്ക് വില കുറഞ്ഞത്. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ചിക്കൻ മേടിക്കുന്നത് പലരും കുറച്ചുവെന്ന് കോഴിയിറച്ചി വ്യാപാരികൾ പറഞ്ഞു. ഇതോടെ ചിക്കനും വില ഇടിഞ്ഞു. സംസ്ഥാനത്തൊട്ടാകെ കോഴിയിറച്ചിയുടെ വിലയിൽ ഇടിവ് ഉണ്ടായിട്ടുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. കഴിഞ്ഞയാഴ്ച വരെ സർവകാല റെക്കോർഡിൽ എത്തിയ ചിക്കനാണ് കിലോയ്ക്ക് 30 രൂപ മുതൽ 50 രൂപ വരെ ഇടിവ് ഉണ്ടായിരിക്കുന്നത്.
ആലപ്പുഴയിലെ എടത്വ, ചെറുതന എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകൾ കൂട്ടത്തോടെ ചത്ത് വീണതോടെ പക്ഷിപ്പനി എന്ന നിഗമനത്തിലെത്തുകയായിരുന്നു, തുടർന്ന് താറാവുകളിൽ നിന്നും എടുത്ത സാമ്പിളുകൾ ഭോപ്പാൽ ലാബിലേക്ക് അയക്കുകയും സ്ഥിരീകരിക്കുകയുമായിരുന്നു.
ഇതിൻ്റെ പശ്ചാത്തലത്തിൽ കേരള അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട്. കോഴി, താറാവ് എന്നിവയുടെ മുട്ടകളോ അല്ലെങ്കിൽ ഇറച്ചികളോ കൊണ്ടുവരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കുന്നതിനാണ് നിർദ്ദേശം കൊടുത്തിരിക്കുന്നത്. കേരള അതിർത്തിയിലെ 12 ചെക്ക് പോസ്റ്റുകളിലായി 24 മണിക്കൂും നിരീക്ഷണമുണ്ടാകും. വെറ്ററിനറി ഡോക്ടർ, ഇൻസ്പെക്ടർ എന്നിവരടക്കമുള്ള 5 പേരായിരിക്കും നിരീക്ഷിക്കുക.
അതേ സമയം തന്നെ പക്ഷിപ്പനി സ്ഥിരീകരിച്ത സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി ജെ. ചിഞ്ചുറാണി വ്യക്തമാക്കിയിരുന്നു. എടത്വ, ചെറുതന പ്രദേശത്തിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ താറാവുകളേയും കൊന്നു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട എന്നിവ വിൽക്കുന്നതിന് നിരോധനവും ഏർപ്പെടുത്തി. നാളെ വരെയാണ് നിരോധനം ഏർപ്പെടുത്തിയത്.
പെരുന്നാൾ, വിഷു സമയത്ത് ഒരു കിലോ കോഴിയിറച്ചിക്ക് വില 240 രൂപ മുതൽ 260 രൂപ വരെ വില വർധിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വില വർധിച്ചത് 50 രൂപയിൽ അധികമാണ്. ഇറച്ചി വില 200 രൂപയിൽ നിന്നും 260 രൂപയും ആയി ഉയർന്നിരുന്നു.
സംസ്ഥാനത്ത് ചൂട് കൂടിയ സാഹചര്യത്തിൽ കോഴി ഉത്പാദനം കുറഞ്ഞതും, അയൽ സംസ്ഥാനങ്ങളിൽ നിന്നും കോഴിയുടെ വരവ് കുറഞ്ഞതുമാണ് അന്ന് വില വർധിക്കുന്നതിന് ഇടയാക്കിയത്. ചൂട് കൂടിയതോടെ കോഴിക്കുഞ്ഞുങ്ങൾ ചത്ത് പോകുകയും, തൂക്കം കുറഞ്ഞതും, വെള്ളത്തിന് അടക്കം ക്ഷാമം വന്നതും പല ഫാമുകളും കോഴി ഉത്പാദനം കുറച്ചു. ഇതാണ് അന്ന് ചിക്കൻ്റെ വില ഇത്രയധികം കൂടുന്നതിന് ഇടയാക്കിയത്. അതേ സമയം തന്നെ മീനിൻ്റെ വിലയും വർധിച്ചിരുന്നു, 60 രൂപ മുതൽ 100 രൂപ വരെയാണ് മീനിൻ്റെ വില കൂടിയത്.