1. കേരളത്തിൽ കോഴിയിറച്ചി വില കൂപ്പുകുത്തുന്നു. ഭക്ഷ്യവിഷ ബാധ, പക്ഷിപ്പനി എന്നിവ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നതും ഉൽപാദനം കുറഞ്ഞതുമാണ് വിലയിടിവിന്റെ പ്രധാന കാരണങ്ങൾ. ഇതോടെ പ്രതിസന്ധി നേരിടേണ്ടി വരുന്നത് കോഴിക്കർഷകരാണ്. ജനുവരി 16 മുതൽ ഇറച്ചികോഴികൾക്ക് 100 രൂപയിൽ താഴെയാണ് വില. ചിക്കൻ സ്റ്റാളുകളിൽ 110 മുതൽ 120 രൂപ വരെയാണ് വില ഈടാക്കുന്നത്. ഉൽപാദന ചെലവിനേക്കാളും കുറഞ്ഞ നിരക്കിൽ കർഷകന് കോഴികളെ വിൽക്കേണ്ടി വരുന്ന അവസ്ഥയാണ്. ഒരു കോഴിക്കുഞ്ഞിനെ വളർത്തുന്നതിന് ഏകദേശം 180 രൂപ വരെ ചെലവ് വരും. കൂടാതെ, അപ്രതീക്ഷിതമായി സംഭവിക്കുന്ന രോഗങ്ങൾ, മറ്റ് ചെലവുകൾ എന്നിവ കൂടിയായാൽ ഇത് വർധിക്കും. ഇടനിലക്കാരും കച്ചവടക്കാരും വഴി വിൽപന നടത്തുമ്പോഴും നഷ്ടം കർഷകർക്ക തന്നെ. ഭക്ഷ്യവിഷ ബാധയ്ക്ക് കാരണം കോഴിയിറച്ചിയല്ല, എന്ന യാഥാർഥ്യം ജനങ്ങൾ മനസിലാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
കൂടുതൽ വാർത്തകൾ: കൃഷിയ്ക്ക് 971 കോടി, റബ്ബർ സബ്സിഡിക്ക് 600 കോടി; ബജറ്റ് പ്രഖ്യാപനങ്ങൾ ..കൂടുതൽ വാർത്തകൾ
2. റേഷൻ കടകളിൽ ഈ മാസം മുതൽ പുഴുക്കലരി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. കഴിഞ്ഞ 4 മാസമായി മിക്ക റേഷൻ കടകളിലും പച്ചരിയാണ് വിതരണം ചെയ്യുന്നത്. ഇക്കാര്യം കേന്ദ്രമന്ത്രിയെ അറിയിച്ചതിനെ തുടർന്ന് 50 ശതമാനം പുഴുക്കലരി നൽകാൻ എഫ്.സി.ഐക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു. സമ്പുഷ്ടീകരിച്ച അരി വയനാട്ടിലെ സിക്കിൾസെൽ അനീമിയ, തലാമീസിയ രോഗികൾക്ക് നൽകില്ലെന്ന് തീരുമാനിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
3. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ഗ്ലോബൽ എക്സ്പോയ്ക്ക് കൊച്ചിയിൽ തുടക്കം. എക്സ്പോയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേരളത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് എക്സ്പോ സംഘടിപ്പിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പും ശുചിത്വ മിഷനും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നായി 50ലധികം ഉത്പന്നങ്ങളാണ് എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഗ്ലോബല്‍ എക്‌സ്‌പോയുടെ ഭാഗമായി കുടുംബശ്രീയുടെ ഭക്ഷ്യമേളയും നടക്കുന്നുണ്ട്.
4. ഞങ്ങളും കൃഷിയിലേക്ക്, കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതികളുടെ ഭാഗമായി ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ മേത്താനം ജമാഅത്ത് പള്ളി അങ്കണത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ മേൽനോട്ടത്തിൽ അനുഗ്രഹ കൃഷിഗ്രൂപ്പിൻ്റെ കൃഷിയിടത്തിലാണ് കൃഷി ആരംഭിച്ചത്. നടീൽ ഉത്സവം എറണാകുളം ജില്ലാ പഞ്ചായത്തംഗം Adv. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. പള്ളി അങ്കണത്തിൽ കൃഷിയാരംഭിച്ചത് മാതൃകാപരമാണെന്നും കൃഷി എല്ലാവരിലേക്കും എത്തിക്കുവാൻ ഇത്തരം ജനകീയ പ്രവർത്തനങ്ങൾ വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
5. കേരള അഗ്രോ-ഫുഡ് പ്രൊ 2023ന് തൃശ്ശൂരിൽ തുടക്കം. കാർഷിക മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ ഏറ്റവും വലിയ പ്രദർശന-വിപണന മേളയാണിത്. കേരളത്തിലെ കാർഷിക വിഭവങ്ങളിൽ നൂതനസങ്കേതിക വിദ്യകൾ ഉപയോഗിച്ച് തയ്യാറാക്കിയ മൂല്യവർദ്ധിത ഉൽപന്നങ്ങളും, വിവിധ യന്ത്രോപകരണങ്ങളും മേളയിൽ പ്രദർശിപ്പിക്കുന്നു. ഒപ്പം ചെറുകിട വ്യവസായികൾക്കായി മൂല്യ വർദ്ധിത ഉൽപ്പന്ന വ്യവസായ രംഗത്തെ അവസരങ്ങളെക്കുറിച്ച് ശിൽപ്പശാലയും സംഘടിപ്പിക്കുന്നുണ്ട്. മേള ഈ മാസം 7ന് സമാപിക്കും.
6. തിരുവനന്തപുരം ജില്ലയിലുള്ളവർ പി.എം കിസാന്റെ 13-ാം ഗഡു ലഭിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. ബാങ്ക് അക്കൗണ്ട് ആധാർ സീഡിംഗ്, ഇകെവൈസി, PFMS ഡയറക്ട് ബെനെഫിറ്റ് ട്രാൻസ്ഫറിന് ബാങ്ക് അക്കൗണ്ട് സജ്ജീകരണം എന്നിവ ഈ മാസം 10ന് മുമ്പ് പൂർത്തീകരിക്കണം. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവർക്ക്, ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങി, പിഎം കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കളാകാമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
7. പാൽവില വർധിപ്പിച്ച് അമുൽ. ലിറ്ററിന് 3 രൂപയാണ് കൂട്ടിയത്. ഇതോടെ അമുൽ ഗോൾഡ് മിൽക്ക് ലിറ്ററിന് 66 രൂപയാകും. അമുൽ താസ ലിറ്ററിന് 54 രൂപയും, അമുൽ പശുവിൻ പാൽ ലിറ്ററിന് 56 രൂപയും, അമുൽ എ2 എരുമ പാലിന് 70 രൂപയുമാണ് പുതിയ വില. പ്രവർത്തനച്ചെലവും ഉത്പാദനച്ചെലവും വർധിച്ചതാണ് വിലവർധനവിന് കാരണമെന്ന് അമുൽ അറിയിച്ചു. ഇതിനുമുമ്പ് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അമുൽ പാൽവില വർധിപ്പിച്ചത്.
8. എക്സ്പോ ഓൺ ഓർഗാനിക് നോർത്ത് ഈസ്റ്റ് 2023ന് അസമിൽ തുടക്കം. അസം സർക്കാരിന് കീഴിലുള്ള അഗ്രികൾച്ചർ ആൻഡ് ഹോർട്ടികൾച്ചർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സിക്കിം സ്റ്റേറ്റ് കോപ്പറേറ്റീവ് സപ്ലൈ ആന്റ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡാണ് പരിപാടി സംഘടിപ്പിച്ചത്. കർഷകരെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുക, ഓർഗാനിക് ഉൽപന്നങ്ങളുടെ വ്യവസായം സാധ്യമാക്കുക തുടങ്ങിയവയാണ് എക്സ്പോയുടെ പ്രധാന ലക്ഷ്യങ്ങൾ. പ്രദർശനം ഈ മാസം 5ന് സമാപിക്കും.
9. വിദേശ രാജ്യങ്ങളിൽ നിന്നുള്ള പച്ചക്കറി ഇറക്കുമതി കുറച്ച് ഖത്തർ. പ്രാദേശിക ഫാമുകളിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറിയുടെ അളവ് കൂടിയതോടെയാണ് ഇറക്കുമതി കുറച്ചത്. ഇറക്കുമതിയെ ആശ്രയിക്കാതെ തന്നെ വിപണിയിൽ പ്രാദേശിക പച്ചക്കറികൾ വിൽപന നടത്താൻ സാധിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം ബാധിച്ചിട്ടും പച്ചക്കറി ഉൽപാദനത്തിൽ അധിക കുറവ് വന്നിട്ടില്ല. ഏപ്രിൽ അവസാനം വരെ പച്ചക്കറി ഇറക്കുമതി ചെയ്യേണ്ടി വരില്ലെന്നാണ് കച്ചവടക്കാരുടെ അഭിപ്രായം. തക്കാളി, കാപ്സിക്കം, കോളിഫ്ലവർ, വഴുതനങ്ങ, ലെറ്റൂസ് എന്നിവയാണ് പ്രാദേശിക ഫാമുകളിൽ നിന്നും പ്രധാനമായും എത്തുന്നത്.
10. തീവ്രന്യൂന മർദം ദുർബലമായെങ്കിലും കേരളത്തിൽ മഴ മുന്നറിയിപ്പ്. സംസ്ഥാനത്തെ 6 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിൽ മഴ പെയ്യും. കൂടാതെ ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.