മണ്ണിനെ ഫലഭൂയിഷ്ഠം ആകാനും ചെടിയുടെ വളർച്ചയെ ത്വരിതപ്പെടുത്താനും ഏറ്റവും മികച്ച വളമാണ് കോഴിക്കാഷ്ടം. ചെടിയുടെ വളർച്ചയ്ക്ക് ആവശ്യമായ നൈട്രജൻ, ഫോസ്ഫറസ്,പൊട്ടാസ്യം എന്നീ ഘടകങ്ങൾ അഥവാ എൻ പി കെ വളങ്ങൾ ധാരാളം അടങ്ങിയിരിക്കുന്ന ജൈവവളമാണ് കോഴി കാഷ്ടം. കോഴി കാഷ്ടം ചെടികളിൽ നേരിട്ട് ഉപയോഗിക്കുന്നത് ശാസ്ത്രീയമായ രീതിയല്ല. ഇങ്ങനെ ഉപയോഗിച്ചാൽ ചെടികളിൽ നെഗറ്റീവ് ഫലമാണ് ഉണ്ടാവുക. ഈ സാഹചര്യം ഒഴിവാക്കാൻ നാം ഏവരും ശ്രദ്ധിക്കണം. നേരിട്ട് കോഴിഫാമുകളിൽ നിന്നും നിങ്ങളുടെ കോഴിക്കൂടുകളിൽ നിന്നും ലഭ്യമാവുന്ന കോഴി കാഷ്ടം ചെടിയുടെ തടത്തിൽ വെറുതെ ഇട്ടുകൊടുത്താൽ ചെടികൾ വാടി പോകാനുള്ള സാധ്യത കൂടുതലാണ്. കാരണം സംസ്കരിക്കാത്ത കാഷ്ടത്തിന്റെ ജൈവ പ്രക്രിയ ആ സമയം മുതലാണ് ആരംഭിക്കുന്നത്. ജീവ പ്രക്രിയയുടെ തോത് കൂടുന്തോറും ചൂടു കൂടി വരുന്നു. ആദ്യം ചൂട് കുറവാണെങ്കിലും പിന്നീട് ചൂട് കൂടിക്കൂടി വരുന്നു. ഇതിന് കാരണം ഇതിലുള്ള ബാക്ടീരിയയാണ്. ഏകദേശം 45 ദിവസം എങ്കിലും എടുക്കും കോഴി കാഷ്ടം ശരിയായ വളമായി മാറുന്നതിന്. ആദ്യമേ ജൈവവളം ആക്കിയതിനു ശേഷം കോഴി കാഷ്ടം ഉപയോഗിച്ചാൽ ചെടിയുടെ ഓരോഘട്ടത്തിലും ആവശ്യമായ പോഷക ഘടകങ്ങൾ ഇതിൽ നിന്ന് ലഭ്യമാകും. കോഴി കാഷ്ടം ഉത്തമമായ ജൈവവളം ആക്കുന്നതിന് ശരിയായ രീതി പറഞ്ഞുതരാം.
ഒരു വൃത്തിയുള്ള പ്രതലത്തിൽ ഒരടി ഉയരത്തിൽ കോഴി കാഷ്ടം ഒരു ബെഡ് ആയി വിതറുക. അതിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുക. അഞ്ച് കിലോ കോഴി കാഷ്ഠത്തിനു ഒന്നര ലിറ്റർ വെള്ളമെങ്കിലും ചേർക്കണം. എന്നിട്ട് ഇത് നന്നായി ഇളക്കുക. അതിനുശേഷം ഒരു കൂനയായി മൂടുക. വീണ്ടും മൂന്നാം ദിവസം നന്നായി ഇളക്കി ഒരു കൂനയായി മൂടുക. ഇങ്ങനെ 45 ദിവസം മുതൽ 90 ദിവസം വരെ ഈ പ്രക്രിയ ചെയ്യണം. ഇതിനിടയിൽ അതിൽ നിന്ന് പുക ഉയരുന്നത് നിങ്ങൾക്ക് കാണാം. 90 ദിവസം ആകുമ്പോഴേക്കും നല്ല കറുത്ത ജൈവവളമായി ഇതു മാറും. ഈ ജൈവവളം വേര് തൊടാതെ ചെടിയുടെ വേരിൽ നിന്ന് കുറച്ച് അകലത്തിൽ മാത്രമേ ഇട്ടു കൊടുക്കാവൂ. ഏതു വള പ്രയോഗത്തിനു ശേഷവും നനക്കുന്നതുപോലെ ഈ പ്രയോഗത്തിന് ശേഷവും നന വേണം. സാധാരണ ഉപയോഗിക്കുന്നതിനേക്കാൾ 25% മാത്രം മതി ജൈവവളമാക്കി ഉപയോഗിക്കുമ്പോൾ. വെള്ളം ഒഴിക്കാനും ചുവട്ടിൽ നേരിട്ട് വളം പ്രയോഗിക്കാതിരിക്കാൻ മറക്കരുത്.
തിരുവനന്തപുരം ക്ഷീര പരിശീലന കേന്ദ്രം വഴി പരിശീലനം
പെരിയാർവാലി പശുക്കൾക്ക് വിപണി കണ്ടെത്താം..
രാസകീടനാശിനികളെക്കാൾ കൂടുതൽ ഫലം തരുന്നു വേപ്പെണ്ണ