ദീർഘകാല നിക്ഷേപത്തിനുള്ള മികച്ച ഓപ്ഷനാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് (Public Provident Fund- PPF). ആകർഷകമായ പലിശ ലഭ്യമാകുന്ന പിപിഎഫിൽ, നിക്ഷേപിച്ച പണത്തിനും അതിന് ലഭിക്കുന്ന പലിശയ്ക്കും കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുകയ്ക്കും നികുതി ഇളവും ലഭിക്കുന്നു എന്നതും പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഇക്കാരണത്താൽ ഇത് നിക്ഷേപകർക്കിടയിൽ വളരെ ജനപ്രിയമാണ്.
ബന്ധപ്പെട്ട വാർത്തകൾ: POST OFFICE; ദിവസവും 70 രൂപ, 5 വർഷത്തിന് ശേഷം നിങ്ങളുടെ കുഞ്ഞിന് ലക്ഷങ്ങളുടെ സമ്പത്ത്!
പിപിഎഫിന്റെ കാലാവധി 15 വർഷമാണ്. ഇതിൽ നിക്ഷേപിച്ച പണം പാതിവഴിയിൽ പിൻവലിക്കാൻ കഴിയില്ലെന്ന തെറ്റിദ്ധാരണ ചിലർക്കുണ്ട്.
എന്നാൽ ഇത് തീർത്തും തെറ്റായ അനുമാനമാണ്. പിപിഎഫ് മെച്യൂരിറ്റി കാലയളവ് പൂർത്തിയാകുന്നതിന് മുൻപ് തന്നെ, ചില പ്രത്യേക സാഹചര്യങ്ങളിൽ ഇതിൽ നിന്നും പണം എടുക്കാവുന്നതാണ്. ഏത് സാഹചര്യത്തിലാണ് പിപിഎഫിൽ നിന്ന് പണം മുൻകൂറായി പിൻവലിക്കാവുന്നതെന്നും അതിന്റെ പ്രക്രിയ എന്താണെന്നും അറിയാം.
ജീവിത പങ്കാളിക്കും കുട്ടികൾക്കും അസുഖം വന്നാൽ പിപിഎഫ് അക്കൗണ്ട് ഉടമയ്ക്ക് പണം പിൻവലിക്കാം.
ഇതുകൂടാതെ, അക്കൗണ്ട് ഉടമകൾക്ക് അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പിപിഎഫ് അക്കൗണ്ടിൽ നിന്ന് മുഴുവൻ പണവും പിൻവലിക്കാം. അക്കൗണ്ട് ഉടമ വിദേശി (എൻആർഐ) ആയാലും അയാൾക്ക് തന്റെ പിപിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്യാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: PPF അക്കൗണ്ട്: പ്രതിമാസം 500 രൂപയ്ക്ക് 15 ലക്ഷം രൂപ നിങ്ങൾക്ക് ലഭിക്കും
എന്നാൽ ഇതിലും ചില നിബന്ധനകളുണ്ട്. അതായത്, ഏതൊരു അക്കൗണ്ട് ഉടമയ്ക്കും PPF അക്കൗണ്ട് തുറന്ന് 5 വർഷം പൂർത്തിയാകുമ്പോൾ മാത്രമേ അത് ക്ലോസ് ചെയ്യാൻ കഴിയൂ. മെച്യൂരിറ്റി കാലയളവിന് മുൻപ് ഇത് അടച്ചാൽ, അക്കൗണ്ട് തുറന്ന തീയതി മുതൽ ക്ലോസ് ചെയ്യുന്ന തീയതി വരെ 1% പലിശ കുറയ്ക്കും.
പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് അക്കൗണ്ട് ഉടമ മരിക്കുകയാണെങ്കിൽ, അക്കൗണ്ട് ഉടമയുടെ നോമിനിക്ക് ഈ അഞ്ച് വർഷത്തെ വ്യവസ്ഥ ബാധകമല്ല. നോമിനിക്ക് അഞ്ച് വർഷത്തിന് മുൻപ് പണം പിൻവലിക്കാം. അക്കൗണ്ട് ഉടമയുടെ മരണശേഷം അക്കൗണ്ട് ക്ലോസ് ചെയ്യണം. കാരണം നോമിനിക്ക് ഇതിൽ തുടരാൻ അർഹതയില്ല.
മെച്യൂരിറ്റി കാലയളവിന് മുൻപ് നിക്ഷേപകൻ പണം പിൻവലിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അയാൾ ഫോം പൂരിപ്പിച്ച് നിങ്ങൾക്ക് PPF അക്കൗണ്ട് ഉള്ള പോസ്റ്റ് ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം.
പാസ്ബുക്കിന്റെ ഫോട്ടോകോപ്പി, ഒറിജിനൽ പാസ്ബുക്ക് എന്നിവയും ആവശ്യമാണ്. അക്കൗണ്ട് ഉടമയുടെ മരണം കാരണം പിപിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്തിട്ടുണ്ടെങ്കിൽ, അക്കൗണ്ട് ക്ലോസ് ചെയ്ത മാസാവസാനം വരെ പലിശ ലഭിക്കും.
PPF പലിശ നിരക്ക്
പിപിഎഫ് അക്കൗണ്ടിന്റെ നിലവിലെ പലിശ നിരക്ക് പ്രതിവർഷം 7.1 ശതമാനമാണ്. ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പിപിഎഫിൽ നിക്ഷേപിക്കാം. ഒരാൾക്ക് സ്വന്തം പേരിൽ ഒരു പിപിഎഫ് അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയൂ.
ബന്ധപ്പെട്ട വാർത്തകൾ: ഇപിഎഫും പിപിഎഫും: വ്യത്യാസം, താരതമ്യം & ഏതാണ് നല്ലത്?