ആലപ്പുഴ: വര്‍ഷങ്ങളായി സ്വന്തം വീട്ടില്‍ അന്തിയുറങ്ങണമെന്ന ആഗ്രഹവുമായി കഴിഞ്ഞ 24 കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതി പ്രകാരം വീടെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നു. പട്ടണക്കാട് ബ്ലോക്ക് പരിധിയിലെ ആറ് ഗ്രാമപഞ്ചായത്തുകളിലായുള്ള 24 കുടുംബങ്ങള്‍ക്കാണ് സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത്. നിര്‍മാണം പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ദാനം വെള്ളിയാഴ്ച (ഒക്ടോബര്‍ 21) രാവിലെ 9-ന് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും.
ബന്ധപ്പെട്ട വാർത്തകൾ: LIC Housing Finance ഭവന വായ്പ പലിശ നിരക്ക് കുറച്ചു: ഇനി കുറഞ്ഞ ചെലവിൽ വീട് പണിയാം
എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണ് പി.എം.എ.വൈ. ഈ പദ്ധതി പ്രകാരം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 115 വീടുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. 80 ശതമാനം ഗുണഭോക്താക്കള്‍ക്ക് ആദ്യഘഡു കൈമാറി കഴിഞ്ഞു. ബാക്കിയുള്ള വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
ഗ്രാമപഞ്ചായത്തുകളായ അരൂരില്‍ അഞ്ച്, കോടംത്തുരുത്തില്‍ രണ്ട്, കുത്തിയതോടില്‍ രണ്ട്, പട്ടണക്കാട് ഏഴ്, തുറവൂരില്‍ അഞ്ച്, വയലാറില്‍ മൂന്ന് എന്നിങ്ങനെയാണ് പൂര്‍ത്തിയാക്കിയ വീടുകളുടെ എണ്ണം.
ബന്ധപ്പെട്ട വാർത്തകൾ: PMAY; പുതിയ മാറ്റങ്ങൾ, അനുവദിച്ച ഈ വീടുകൾ റദ്ദാക്കപ്പെടും
വീട് നിര്‍മാണത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതമായ 1,20,000 രൂപയും ജില്ല പഞ്ചായത്തിന്റെ വിഹിതമായ 98,000 രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെ വിഹിതമായ 1,12,000 രൂപയും ഗ്രാമപഞ്ചായത്തിന്റെ വിഹിതമായ 70,000 രൂപയും ഉള്‍പ്പടെ നാല് ലക്ഷം രൂപയാണ് ഗുണഭോക്താവിന് ലഭ്യമാകുന്നത്. ഇതിനുപുറമേ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 90 തൊഴില്‍ ദിനങ്ങളും ഗുണഭോക്താവിന് ലഭിക്കും.
സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് (എസ്.ഇ.സി.സി) പ്രകാരം അന്തിമമായി തയ്യാറാക്കിയ പെര്‍മനന്റ് വെയിറ്റിംഗ് ലിസ്റ്റില്‍ നിന്നാണ് ഈ പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നത്. ഉപഭോക്താവ് പരമാവധി 600 ചതുരശ്ര അടിയില്‍ ഹാള്‍, അടുക്കള, മുറികള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് വീട് നിര്‍മിക്കേണ്ടത്.
ബന്ധപ്പെട്ട വാർത്തകൾ: ഗൃഹശ്രീ ഭവന പദ്ധതി: സ്വന്തമായി സ്ഥലമുള്ളവർക്ക് വീട് വയ്ക്കാൻ ധനസഹായം
ചടങ്ങില്‍ ദലീമ ജോജോ എം.എല്‍.എ. അധ്യക്ഷത വഹിക്കും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി, ജില്ല പഞ്ചായത്ത് അംഗങ്ങളായ എന്‍.എസ് ശിവപ്രസാദ്, സജിമോള്‍ ഫ്രാന്‍സിസ്, അനന്തു രമേശന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രാഖി ആന്റണി, ആര്‍. പ്രദീപ്, വി.ജി ജയകുമാര്‍, പി. വത്സല, മോളി രാജേന്ദ്രന്‍, സുജിത ദിലീപ്, കവിത ഷാജി, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ജീവന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ എസ്.വി. ബാബു, ജയ പ്രതാപന്‍, മേരി ടെല്‍ഷ്യ, ബി.ഡി.ഒ. സക്കീര്‍ ഹുസൈന്‍, ജോയിന്റ് ബി.ഡി.ഒ. പി.പി. വിനോദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.