പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയ്ക്ക് കീഴിലുള്ള രാജ്യത്തെ 8.5 കോടി കർഷക ഗുണഭോക്താക്കൾക്ക് 14-ാം ഗഡുവായി 17,000 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നൽകുമെന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ന് രാജസ്ഥാനിലെ സിക്കാറിൽ നടക്കുന്ന പരിപാടിയിൽ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഈ പദ്ധതിയുടെ തുടക്കം മുതൽ ഗുണഭോക്താക്കൾക്ക് കൈമാറിയ ആകെ തുക 2.59 ലക്ഷം കോടി രൂപ കവിയുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാമ്പത്തിക സഹായം കർഷകർക്ക് അവരുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവരുടെ മൊത്തത്തിലുള്ള ക്ഷേമത്തിനും സഹായിക്കുമെന്നും ഈ പ്രസ്താവനയിൽ പറയുന്നു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN) എന്നത് 2019 ഫെബ്രുവരി 24-ന് ആരംഭിച്ചതും, 2018 ഡിസംബർ മുതൽ പ്രാബല്യത്തിൽ വന്നതുമായ ഒരു കേന്ദ്ര ധന സഹായ പദ്ധതിയാണ്.
ഈ പദ്ധതി പ്രകാരം, മൂന്ന് തുല്യ ഗഡുക്കളായി പ്രതിവർഷം 6,000 രൂപയുടെ സാമ്പത്തിക ആനുകൂല്യങ്ങൾ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കേന്ദ്ര സർക്കാർ മാറ്റുന്നു. 'ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) മോഡിലൂടെ രാജ്യത്തുടനീളമുള്ള കുടുംബങ്ങളിലേക്ക് ഈ പണം എത്തി ചേരുന്നു. ഇതുവരെ, രാജ്യത്തുടനീളമുള്ള 11 കോടിയിലധികം കർഷകർക്ക് 2.42 ലക്ഷം കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ നരേന്ദ്ര മോദിയുടെ ഈ പദ്ധതി മൂലം നൽകിയിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: കുത്തനെ ഉയർന്ന് കുരുമുളക് വില
Pic Courtesy: Pexels.com