പ്രധാനമന്ത്രി മിത്ര മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ രാജ്യത്തു 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. 4,445 കോടി രൂപയുടെ പ്രധാനമന്ത്രി മിത്ര പദ്ധതി പ്രകാരം തമിഴ്‌നാട്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഏഴ് മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഈ പാർക്കുകൾ പ്രത്യക്ഷമായും പരോക്ഷമായും 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനായി 70,000 കോടി രൂപയുടെ ആഭ്യന്തര, വിദേശ നിക്ഷേപം ആകർഷിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിൽ 'പിഎം മിത്ര മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ' സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പ്രഖ്യാപിച്ചു, ഇത് വൻതോതിൽ നിക്ഷേപം ആകർഷിക്കുമെന്നും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഉറപ്പിച്ചു. പ്രധാനമന്ത്രിയുടെ 5F (Farm to Fibre to Factory to Fashion to Foreign) ഫാം ടു ഫൈബർ ടു ഫാക്ടറി ടു ഫാഷൻ ടു ഫോറിൻ എന്ന കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ പാർക്കുകൾ സൃഷ്ടിക്കുന്നതെന്ന് ഗോയൽ പറഞ്ഞു. 2030-ഓടെ ഇന്ത്യയിൽ നിന്ന് 100 ബില്യൺ ഡോളറിന്റെ ടെക്സ്റ്റൈൽ കയറ്റുമതി എന്ന ലക്ഷ്യം കൈവരിക്കാനും പിഎം മിത്ര പദ്ധതി രാജ്യത്തെ സഹായിക്കുമെന്ന് ഒരു പത്രസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
'ആഗോള തലത്തിലുള്ള ചാമ്പ്യന്മാരെ ഇന്ത്യയിൽ സൃഷ്ടിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ ലോകോത്തര സംയോജിത സൗകര്യത്തിലൂടെ ഇന്ത്യയെ ആഗോള മൂല്യ ശൃംഖലയിലേക്ക് സമന്വയിപ്പിക്കാൻ ഞങ്ങൾക്ക് കഴിയും'. ഇത് കേന്ദ്രാവിഷ്‌കൃത പദ്ധതിയായതിനാൽ ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കുമെന്ന് മന്ത്രി വിശദീകരിച്ചു. ഈ പാർക്കുകൾക്കെല്ലാം ഒരു മാസ്റ്റർ ഡെവലപ്പറെ നിയമിക്കുമെന്നും, അതിനുശേഷം ഈ പാർക്കുകൾക്ക് 3 മുതൽ 4 തരത്തിലുള്ള പിന്തുണ നൽകും. പുതിയ പാർക്കുകൾക്ക് 500 കോടി രൂപ വരെ വികസന മൂലധന പിന്തുണയായി നൽകും, അതേസമയം ബ്രൗൺഫീൽഡ് പാർക്കുകൾക്ക് 200 കോടി രൂപ വീതം നൽകും. ഇത് കൂടാതെ, 300 കോടി രൂപ വരെ മത്സരാധിഷ്ഠിത പ്രോത്സാഹന പിന്തുണയും, പുതിയ ആങ്കർ നിക്ഷേപകർക്ക് വിറ്റുവരവിന്റെ 3 ശതമാനം നൽകുമെന്നും മന്ത്രി പറഞ്ഞു.
4,445 കോടി രൂപ ചെലവിൽ ഈ മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കുമെന്നും ഈ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള എക്കാലത്തെയും വലിയ സംരംഭമാണിതെന്നും ഗോയൽ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഈ പാർക്കുകൾ 20 ലക്ഷം പ്രത്യക്ഷ/പരോക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും 70,000 കോടി രൂപയുടെ ആഭ്യന്തര, വിദേശ നിക്ഷേപം ആകർഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സീറോ ലിക്വിഡ് ഡിസ്ചാർജ്, സാധാരണ മലിനജല സംസ്കരണം, എമിഷൻ-ഫ്രീ റിന്യൂവബിൾ എനർജി ഉപയോഗം, ആഗോള മികച്ച സമ്പ്രദായങ്ങൾ സ്വീകരിക്കൽ എന്നിവയിലൂടെ സുസ്ഥിരതയുടെ തിളങ്ങുന്ന ഉദാഹരണങ്ങളായിരിക്കുമെന്നും ഗോയൽ പറഞ്ഞു. അതേസമയം, പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ 'ആഗോള ടെക്സ്റ്റൈൽസ് ഹബ്ബായി മാറുന്നതിനുള്ള ഇന്ത്യയുടെ വലിയ കുതിച്ചുചാട്ടം' എന്നും ഗോയൽ ട്വീറ്റുകളുടെ ഒരു പരമ്പരയിൽ വിശേഷിപ്പിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യയിലെ വർധിച്ചു വരുന്ന താപനില ഗോതമ്പിനെ ബാധിക്കില്ല: കേന്ദ്രം