ആഭ്യന്തര വിപണിയിൽ കുരുമുളകിന് വിലയിടിഞ്ഞു. കിലോയ്ക്ക് 300 രൂപയിൽ താഴെയെത്തി. ബ്രസീലിൽ നിന്ന് മൂല്യവർധിത കയറ്റുമതിക്കെന്ന പേരിൽ ഇറക്കുമതി ചെയ്യുന്ന കുരുമുളക് ആഭ്യന്തര വിപണിയിൽ വിറ്റഴിക്കുന്നതാണ് വിലയിടിവിന് കാരണമെന്ന് സുഗന്ധവ്യജ്ഞന കയറ്റുമതിക്കാരും കർഷകരും വ്യാപാരികളും ഉൾപ്പെട്ട കൺസോർഷ്യം ആരോപിക്കുന്നു. ബ്രസീലിൽ കുരുമുളക് ടണ്ണിന് 1800 ഡോളർ മാത്രമാണ്..ഇന്ത്യൻ കുരുമുളക് ടണ്ണിന് 4000 ഡോളറിലേറെയുണ്ട്. ഈ വില വ്യത്യാസമാണ് ബ്രസീലിൽ നിന്നു കുരുമുളക് ഇന്ത്യയിലെത്താൻ കാരണം. മൂല്യവർധിത കയറ്റുമതി നടത്തുന്നവർക്ക് കുരുമുളക് ചുങ്കമില്ലാതെ ഇറക്കുമതി ചെയ്യാം, പക്ഷേ അതു മുഴുവൻ തിരികെ കയറ്റുമതി ചെയ്യണം. ബ്രസീൽ കുരുമുളക് ഇവിടെ എത്തുമ്പോൾ കടത്തുകൂലിയും കഴിഞ്ഞ് കിലോ 135–140 രൂപ മാത്രം. കയറ്റുമതി ചെയ്യുന്നതിനു പകരം ആഭ്യന്തര വിപണിയിൽ ഇതേ കുരുമുളക് കിലോ 325–335 രൂപയ്ക്കു വിൽക്കുമ്പോൾ വൻ ലാഭമാണുണ്ടാകുന്നത്.
ഉത്തരേന്ത്യൻ വിപണികളിൽ ഇങ്ങനെ കുരുമുളക് വിൽപന നടക്കുന്നുവെന്നും അതാണ് നാട്ടിലെ കുരുമുളക് വില ഇടിക്കുന്നതെന്നും കർഷകർ ആരോപിക്കുന്നുഇടുക്കി കുരുമുളക് പോലെ ബ്രസീലിലെ കുരുമുളകിന് കനവുമുണ്ട്. ഒരു ലീറ്റർ ജാർ നിറയെ ഇട്ടാൽ 600 ഗ്രാം തൂക്കം വരും. വിയറ്റ്നാം, കർണാടക കുരുമുളക് ഒരു ലീറ്റർ ജാർ നിറയെ ഇട്ടാൽ 520–530 ഗ്രാം മാത്രമേ വരൂ.മൂല്യവർധിത കയറ്റുമതി ആനുകൂല്യം ദുരുപയോഗം ചെയ്ത് ബ്രസീൽ കുരുമുളക് ആഭ്യന്തര വിപണിയിൽ വിൽക്കുന്നതിനെതിരെ കർഷക–വ്യാപാരി കൂട്ടായ്മ പ്രധാനമന്ത്രിക്കും വാണിജ്യമന്ത്രിക്കും നിവേദനം നൽകി.