വിനോദ സഞ്ചാര മേഖലക്ക് കൊറോണ ഭീതിയിൽ കനത്ത പ്രഹരമേറ്റതോടെ കരിമീനിന്റെ വിലയിലും ഇടിവ്. ഹോട്ടലുകളും റിസോർട്ടുകളിലുമാണു കരിമീൻ കൂടുതലായി വാങ്ങിയിരുന്നത്. സഞ്ചാരികളുടെ വരവു കുറഞ്ഞതോടെ റിസോർട്ടുകൾ കരിമീൻ വാങ്ങുന്നില്ല. വെസ്റ്റ് ഉൾനാടൻ മത്സ്യ സഹകരണ സംഘത്തിൽ 150 കിലോയിലേറെ കരിമീൻ സ്റ്റോക്കുണ്ട്. നേരത്തെ കരിമീൻ പൂർണമായും വിൽപന നടത്തിയിരുന്നു.
കരിമീനിന്റെ വിൽപന കൂടാൻ കിലോയ്ക്ക് 20 രൂപയാണ് സംഘം കുറച്ചത്. എപ്ലസ് കരിമീനിനു കിലോയ്ക്ക് 460 രൂപയിൽ നിന്നു 440 രൂപയായും എ വിഭാഗത്തിന് 410 രൂപയിൽ നിന്നു 390, ബി വിഭാഗത്തിനു 330 രൂപയിൽ നിന്നു 310, സി വിഭാഗത്തിനു 230 രൂപയിൽ നിന്നു 210 രൂപയുമാണ് കുറച്ചത്. അതേ സമയം കുമരകത്ത് ഇന്നലെ മത്തിക്കു വില കുതിച്ചു. കിലോയ്ക്ക് 200 രൂപയായി.