Updated on: 24 February, 2023 7:52 PM IST
കൃഷിയും സഹകരണവും സംബന്ധിച്ച ബജറ്റാനന്തര വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

തിരുവനന്തപുരം:  കൃഷിയും സഹകരണവും സംബന്ധിച്ച ബജറ്റിന് ശേഷമുള്ള വെബിനാറിനെ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. കേന്ദ്ര ബജറ്റ് 2023 ല്‍ പ്രഖ്യാപിച്ച മുന്‍കൈകള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും തേടുന്നതിനായി ഗവണ്‍മെന്റ് സംഘടിപ്പിക്കുന്ന 12 ബജറ്റാനന്തര വെബിനാറുകളുടെ പരമ്പരയിലെ രണ്ടാമത്തേതാണിത്.

ഈ വര്‍ഷത്തെ ബജറ്റിലും കഴിഞ്ഞ 8-9 വര്‍ഷത്തെ ബജറ്റുകളിലും കാര്‍ഷിക മേഖലയ്ക്ക് നല്‍കിയ പ്രാധാന്യം സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. 2014ല്‍ 25,000 കോടിയില്‍ താഴെയായിരുന്ന കാര്‍ഷിക ബജറ്റ് ഇന്ന് ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം കോടിയിലേറെയായി ഉയര്‍ത്തിയതായി അദ്ദേഹം അറിയിച്ചു. ''സമീപകാലത്തെ ഓരോ വര്‍ഷങ്ങളിലേയും ബജറ്റുകളെ 'ഗാവ്, ഗരീബ്, കിസാന്‍' (ഗ്രാമം, ദരിദ്രര്‍, കൃഷിക്കാര്‍) എന്നിവയ്ക്കുള്ള ബജറ്റ് എന്നാണ് വിളിക്കപ്പെടുന്നത്'', ശ്രീ മോദി പറഞ്ഞു.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യയുടെ കാര്‍ഷിക മേഖല വളരെക്കാലം ദുരിതത്തിലായിരുന്നെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, നമ്മുടെ ഭക്ഷ്യസുരക്ഷയ്ക്കായി രാജ്യം പുറംലോകത്തെ ആശ്രയിച്ചിരുന്നതും ചൂണ്ടിക്കാട്ടി. രാജ്യത്തെ ആത്മനിര്‍ഭര്‍ (സ്വയം പര്യാപ്തത) മാത്രമല്ല, ഭക്ഷ്യധാന്യങ്ങള്‍ കയറ്റുമതി ചെയ്യാന്‍ പ്രാപ്തവുമാക്കികൊണ്ട് ഇന്ത്യയിലെ കര്‍ഷകര്‍ സാഹചര്യത്തെ എങ്ങനെ മാറ്റിമറിച്ചുവെന്നത് അദ്ദേഹം എടുത്തുപറഞ്ഞു. ''ഇന്ന് ഇന്ത്യ പല തരത്തിലുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു'', കര്‍ഷകര്‍ക്ക് ആഭ്യന്തര, അന്തര്‍ദേശീയ വിപണികള്‍ പ്രാപ്യമാക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളിലേക്ക് വെളിച്ചം വീശിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സ്വയംപര്യാപ്തയിലേയ്‌ക്കോ അല്ലെങ്കില്‍ കയറ്റുമതിയിലേയ്‌ക്കോ വരുമ്പോള്‍ ഇന്ത്യയുടെ ലക്ഷ്യം അരിയിലോ ഗോതമ്പിലോ മാത്രമായി പരിമിതപ്പെടുത്തരുതെന്നും അദ്ദേഹം പ്രസ്താവിച്ചു.

കാര്‍ഷിക മേഖലയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, ഭക്ഷ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവുകളുടെ ഉദാഹരണവും നല്‍കി. 2021-22ല്‍ ഇറക്കുമതിക്ക് വേണ്ടി പയറുവര്‍ഗ്ഗങ്ങള്‍ക്കായി 17,000 കോടിയും മൂല്യവര്‍ദ്ധിത ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കായി 25,000 കോടി രൂപയും 2021-22 ല്‍ ഭക്ഷ്യ എണ്ണകള്‍ക്കായി 1.5 ലക്ഷം കോടിരൂപയും ചെലവഴിച്ചതായി പ്രധാനമന്ത്രി വിശദീകരിച്ചു. എല്ലാ കാര്‍ഷിക ഇറക്കുമതിയുടെയും കൂടി ആകെത്തുക ഏകദേശം 2 ലക്ഷം കോടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രം ആത്മനിര്‍ഭര്‍ ആകുന്നതിനും ഇറക്കുമതിക്ക് ഉപയോഗിക്കുന്ന പണം നമ്മുടെ കര്‍ഷകരിലേക്ക് എത്തുന്നതിനുമായി ബജറ്റില്‍ കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ തീരുമാനങ്ങള്‍ തുടര്‍ച്ചയായി എടുക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി തറപ്പിച്ചുപറഞ്ഞു. എം.എസ്.പി (താങ്ങുവില) വര്‍ദ്ധന, പയറുവര്‍ഗ്ഗങ്ങളുടെ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുല്‍, ഭക്ഷ്യസംസ്‌കരണ പാര്‍ക്കുകളുടെ എണ്ണം വര്‍ധിപ്പിക്കല്‍, ഭക്ഷ്യ എണ്ണയുടെ കാര്യത്തില്‍ പൂര്‍ണമായും സ്വയംപര്യാപ്തത കൈവരിക്കാന്‍ ദൗത്യമാതൃകയിലുള്ള പ്രവര്‍ത്തനം തുടങ്ങിയ ഉദാഹരണങ്ങള്‍ അദ്ദേഹം ഉയര്‍ത്തിക്കാട്ടി.

ബന്ധപ്പെട്ട വാർത്തകൾ: Passion Fruit: പാഷൻ ഫ്രൂട്ട് കൃഷിയും മൂല്യവർധിത ഉൽപന്നങ്ങളും

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ ഇല്ലാതാക്കുന്നതുവരെ സമ്പൂര്‍ണ വികസനം എന്ന ലക്ഷ്യം കൈവരിക്കാനാകില്ലെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. ഈ മേഖലയില്‍ നിന്നും സ്വകാര്യ നിക്ഷേപവും നൂതനാശയങ്ങളും അകലം പാലിക്കുകയാണ്, സജീവമായ പങ്കാളിത്തത്തിനും വളര്‍ച്ചയ്ക്കും സാക്ഷ്യം വഹിക്കുന്ന മറ്റ് മേഖലകളെ അപേക്ഷിച്ച് ഇത് കാര്‍ഷിക മേഖലയില്‍ ഇന്ത്യയിലെ യുവജനങ്ങളുടെ പങ്കാളിത്തം കുറയുന്നതിന് കാരണമാകുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഈ വിടവ് നികത്താന്‍ ഈ വര്‍ഷത്തെ ബജറ്റില്‍ വിവിധ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ടെന്നത് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. യു.പി.ഐയുടെ തുറന്നവേദിയോട് സാമ്യമുള്ള, കാര്‍ഷിക മേഖലയിലെ ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യ വേദി (പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്ലാറ്റ്‌ഫോംയെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിക്കുകയും അഗ്രി-ടെക് (കാര്‍ഷിക സാങ്കേതിക) മേഖലകളിലെ നിക്ഷേപത്തിന്റെയും നവീകരണത്തിന്റെയും അപാരമായ സാദ്ധ്യതകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. മെച്ചപ്പെട്ട ലോജിസ്റ്റിക്‌സ്, വലിയ വിപണികള്‍ കൂടുതല്‍ പ്രാപ്യമാക്കുക, സാങ്കേതികവിദ്യയിലൂടെ ഡ്രിപ്പ് ഇറിഗേഷന്‍ പ്രോത്സാഹിപ്പിക്കുക, മെഡിക്കല്‍ ലാബുകളുടെ മാതൃകയില്‍ മണ്ണ് പരിശോധനാ ലാബുകള്‍ സ്ഥാപിക്കുക തുടങ്ങിയ അവസരങ്ങളുടെ പട്ടികയും പ്രധാനമന്ത്രി നല്‍കി. ഗവണ്‍മെന്റിനും കര്‍ഷകര്‍ക്കും ഇടയില്‍ തങ്ങളുടെ നൂതനാശയങ്ങളെക്കുറിച്ചുള്ള വിവരങ്ങളുടെ ഒരു പാലം സൃഷ്ടിക്കുന്നതിനൊപ്പം ശരിയായ സമയത്ത് ശരിയായ ഉപദേശം നല്‍കുന്നതിനും നയരൂപീകരണത്തിന് സഹായിക്കുന്നതിനും അദ്ദേഹം യുവാക്കളോട് അഭ്യര്‍ത്ഥിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ നല്‍കുന്നതിനിടെ വിളകളുടെ മതിപ്പുകണക്ക് എടുക്കുന്നതിനും ഡ്രോണുകളെ ഉപയോഗിക്കുന്നതിലും പ്രധാനമന്ത്രി സ്പര്‍ശിച്ചു.

അഗ്രി-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിലറേറ്റര്‍ ഫണ്ടുകള്‍ (വേഗതവര്‍ദ്ധിപ്പിക്കല്‍ ഫണ്ട്) അവതരിപ്പിക്കുന്നതിനെക്കുറിച്ച് അറിയിച്ച പ്രധാനമന്ത്രി, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല ഗവണ്‍മെന്റ് ഫണ്ടിംഗിനുള്ള മാര്‍ഗ്ഗങ്ങള്‍ ഒരുക്കുകയുമാണെന്നും പറഞ്ഞു. തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ മുന്നോട്ടുപോകുന്നതിന് യുവജനങ്ങളോടും യുവസംരംഭകരോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 9 വര്‍ഷം മുമ്പ് ഒന്നുമില്ലാതിരുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് ഇന്ത്യ 3000-ലധികം അഗ്രി സ്റ്റാര്‍ട്ടപ്പുകളുള്ള നാടാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര തിന വര്‍ഷത്തെ സ്പര്‍ശിച്ച പ്രധാനമന്ത്രി, അതിന്റെ അന്താരാഷ്ട്ര സ്വത്വം ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ആഗോള വിപണിയിലേക്കുള്ള ഒരു കവാടം തുറക്കുന്നുവെന്ന് പറഞ്ഞു. '' ഈ ബജറ്റില്‍ നാടന്‍ ധാന്യങ്ങളെ ശ്രീ അന്നയായി രാജ്യം തിരിച്ചറിഞ്ഞിരിക്കുന്നു'', പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നമ്മുടെ ചെറുകിട കര്‍ഷകരുടെ ഗുണത്തിനും ഈ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചാ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ശ്രീ അന്നയെ പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

''ഇന്ത്യയുടെ സഹകരണ മേഖലയില്‍ ഒരു പുതിയ വിപ്ലവം നടക്കുകയാണ്'', ചില സംസ്ഥാനങ്ങളിലും രാജ്യത്തിന്റെ ചില പ്രദേശങ്ങളിലും മാത്രമായി അത് ഇനി പരിമിതപ്പെടില്ലെന്ന് ചൂണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ ബജറ്റില്‍ സഹകരണ മേഖലയ്ക്ക് നികുതിയുമായി ബന്ധപ്പെട്ട ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്ന് അറിയിച്ച അദ്ദേഹം അത് ഉല്‍പ്പാദനമേഖലയുമായി ബന്ധിപ്പിട്ടിരിക്കുന്ന പുതിയ സഹകരസംഘങ്ങള്‍ക്ക് നേട്ടമാകുമെന്നും പറഞ്ഞു. സഹകരണ സംഘങ്ങള്‍ പിന്‍വലിക്കുന്ന മൂന്നു കോടി രൂപ വരെയുള്ള പണത്തിന് ടി.ഡി.എസ് ഈടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016-17 ന് മുമ്പ് പഞ്ചസാര സഹകരണസംഘങ്ങള്‍ നല്‍കിയ പണത്തിന് നികുതി ഇളവ് കൊടുത്ത സുപ്രധാന തീരുമാനവും പരാമര്‍ശിച്ച പ്രധാനമന്ത്രി, ഇത് പഞ്ചസാര സഹകരണ സംഘങ്ങള്‍ക്ക് 10,000 കോടി രൂപയുടെ നേട്ടമുണ്ടാക്കുമെന്ന് പറഞ്ഞു.

മുന്‍പ് സഹകരണ സംഘങ്ങള്‍ ഇല്ലാതിരുന്ന ഡയറി, ഫിഷറീസ് തുടങ്ങിയ മേഖലകള്‍ കര്‍ഷകര്‍ക്ക് ഇന്ന് ഏറെ പ്രയോജനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കഴിഞ്ഞ 8-9 വര്‍ഷത്തിനിടെ രാജ്യത്തെ മത്സ്യോത്പാദനം ഏകദേശം 70 ലക്ഷം മെട്രിക് ടണായി വര്‍ദ്ധിച്ചതായി മത്സ്യമേഖലയില്‍ നമ്മുടെ കര്‍ഷകര്‍ക്കുള്ള വലിയ അവസരങ്ങളിലേക്ക് വെളിച്ചം വീശിക്കൊണ്ട്, പ്രധാനമന്ത്രി അറിയിച്ചു. മത്സ്യമേഖലയിലെ മൂല്യ ശൃംഖലയ്ക്കും വിപണിക്കും ഉത്തേജനം നല്‍കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയ്ക്ക് കീഴില്‍ പ്രഖ്യാപിച്ച 6000 കോടി ചെലവിലുള്ള പുതിയ ഉപഘടകവും അദ്ദേഹം സ്പര്‍ശിച്ചു.

പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും രാസാധിഷ്ഠിത കൃഷി കുറയ്ക്കുന്നതിനുമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി പ്രണാം യോജന, ഗോബര്‍ദന്‍ യോജന എന്നിവയേയും പ്രധാനമന്ത്രി സ്പര്‍ശിച്ചു.

English Summary: Prime Minister addressed a post-Budget webinar on agriculture and cooperation
Published on: 24 February 2023, 07:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now