കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം അടിയന്തര വൈദ്യസഹായത്തിന് സ്വകാര്യ ആശുപത്രികളുടെ സേവനവും ഉറപ്പാക്കിയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ചേംബറില്‍ ചേര്‍ന്ന സ്വകര്യ ആശുപത്രി പ്രതിനിധികളുമായുള്ള യോഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ദേശം നല്‍കി. അടിയന്തര ഘട്ടങ്ങളിലേക്കുള്ള സംവിധാനങ്ങള്‍ ഒരുക്കാനും ആവശ്യപ്പെട്ടു.
85 വയസു കഴിഞ്ഞ വോട്ടര്‍മാര്‍ക്കും, ഭിന്നശേഷി വോട്ടര്‍മാര്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ പോളിങ് സ്റ്റേഷനുകളില്‍ എ.ആര്‍.ഓ മാരുടെ മേല്‍നോട്ടത്തില്‍ ഏര്‍പ്പെടുത്തും. വോട്ടിംഗ് ദിവസം പോളിങ് സ്റ്റേഷനുകളിലും പോളിങ് സാമഗ്രികള്‍ തിരിച്ചേല്പിക്കുന്ന കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്കായും വൈദ്യ സഹായം ഏര്‍പ്പെടുത്തും. താലൂക്ക്-ജില്ലാ ആശുപത്രികളുടെ സൗകര്യങ്ങളാണ് വിനിയോഗിക്കുക. കൂടുതല്‍ വീല്‍ ചെയറുകള്‍ സ്വകര്യ ആശുപത്രികളില്‍ നിന്ന് ശേഖരിച്ചും ഉപയോഗിക്കും.
എല്ലാ പോളിങ് കേന്ദ്രങ്ങളിലും ഹയര്‍ സെക്കന്‍ഡറിതല എന്‍.സി.സി, എന്‍.എസ്.എസ് വോളന്റിയര്‍മാരെ വിന്യസിക്കും. അടിയന്തരസാഹചര്യങ്ങള്‍ നേരിടുന്നതിന് ആംബുലന്‍സ് ഉള്‍പ്പടെ സൗകര്യങ്ങളുള്ള ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെയും നിയോഗിക്കുമെന്ന് വ്യക്തമാക്കി.
ഡി.എം.ഓ. ഡോ. ഡി. വസന്തദാസ്, ജില്ലാ സാമൂഹ്യസുരക്ഷ ഓഫീസര്‍ എ.ആര്‍. ഹരികുമാരന്‍ നായര്‍, സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.