തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് സഹകരണ ബാങ്കുകളുമായി ചേർന്ന് മികച്ച പദ്ധതികൾ നടപ്പാക്കാനുള്ള സാഹചര്യം സംസ്ഥാനത്ത് ഒരുങ്ങുകയാണെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ബന്ധപ്പെട്ട വാർത്തകൾ: കൃഷിയും ഗ്രാമീണ ടൂറിസവും; കടമക്കുടിയിലെ സ്വപ്നത്തുരുത്തുകളുടെ വരും പ്രയാണങ്ങൾ
സഹകരണ ബാങ്കുകളുടെ സർപ്ലസ് ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന സാഹചര്യമുണ്ടാകും. സർപ്ലസ് ഫണ്ട് ഉപയോഗിച്ച് സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച നിരവധി പദ്ധതികൾ നടപ്പാക്കപ്പെട്ടു.
വ്യവസായ വകുപ്പും സഹകരണ വകുപ്പും കൃഷി വകുപ്പും സംയുക്തമായി വികസന പദ്ധതികൾ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാന വികസന ലക്ഷ്യങ്ങൾക്ക് ഊന്നൽ നൽകിയുള്ള പദ്ധതികൾ ആവിഷ്‌കരിക്കണം. പശ്ചാത്തല സൗകര്യ വികസനം ലക്ഷ്യമാക്കുമ്പോൾ സാമൂഹിക പ്രാധാന്യമുള്ള പദ്ധതികൾക്ക് മൂൻതൂക്കം നൽകണം. വ്യക്തിഗത ആനുകൂല്യങ്ങൾക്കൊപ്പം സമൂഹത്തിനു പ്രയോജനകരമായ പദ്ധതികൾ നടപ്പാക്കണം. വ്യവസായ വകുപ്പും സഹകരണ വകുപ്പും കൃഷി വകുപ്പും സംയുക്തമായി നിരവധി പദ്ധതികൾ ഉത്പാദനമേഖലയിൽ ഏറ്റെടുത്ത് നടപ്പാക്കുകയാണ്.
ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയിലൂടെ ഓരോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും കുറഞ്ഞത് രണ്ടു വ്യവസായ സംരംഭങ്ങൾ വീതം ആരംഭിക്കുന്നതിനുള്ള ഒരുക്കം പുരോഗമിക്കുകയാണ്.
കാർഷിക മേഖലയിൽ നടപ്പാക്കുന്ന തരിശുരഹിത ഭൂമി എന്ന ആശയം ഉത്പാദന മേഖലയിൽ വലിയ ഇടപെടലാണ് നടത്തുക. മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കാനുള്ള പദ്ധതികൾ സഹകരണ വകുപ്പും കൃഷിവകുപ്പും ആവിഷ്‌കരിച്ചു വരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇത്തരം പദ്ധതികൾക്ക് പിന്തുണ നൽകണമെന്നും മന്ത്രി പറഞ്ഞു.
കരട് വികസന രേഖ മന്ത്രി സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന് നൽകി പ്രകാശനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത് പദ്ധതി അവതരണം നടത്തി. ഉൽപ്പാദന മേഖലയിൽ സംയുക്ത പ്രോജക്ടുകൾ നടപ്പാക്കുക, ജില്ലയിലെ തരിശു ഭൂമി കൃഷിയോഗ്യമാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനം, ഡയാലിസിസ് രോഗികൾക്കുള്ള സഹായം, കാൻസർ സമഗ്ര രോഗ നിയന്ത്രണ പദ്ധതികൾ എന്നിവയ്ക്കാണ് പദ്ധതിയിൽ മുൻതൂക്കം നൽകുന്നത്.
ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ സി.എൻ. സുഭാഷ് സംയുക്ത പ്രോജക്ട് അവതരിപ്പിച്ചു. 2021-22 സാമ്പത്തിക വർഷത്തിൽ പദ്ധതി വിഹിതത്തിന്റെ 100 ശതമാനവും വിനിയോഗിക്കാൻ പ്രവർത്തിച്ച നിർവഹണ ഉദ്യോഗസ്ഥരെ ചടങ്ങിൽ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ ടി.എൻ. ഗിരീഷ് കുമാർ, ജെസി ഷാജൻ, പി.എസ്. പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.വി. സുനിൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി മേരി ജോ, ജില്ലാ പഞ്ചായത്തംഗങ്ങൾ, ആസൂത്രണ സമിതിയംഗങ്ങൾ, എന്നിവർ പങ്കെടുത്തു.