ലോക് ഡൗൺ കാലത്ത് വീട്ടിലെ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന സർക്കാർ പദ്ധതി. സംസ്ഥാനത്തെ 50 ലക്ഷം കുടുംബങ്ങൾക്ക് പച്ചക്കറി വിത്തുകളും തൈകളും സൗജന്യമായി വീട്ടിലെത്തിക്കും. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ 'വീട്ടിലിരിക്കാം വിളവെടുക്കാം' എന്ന പേരിൽ പദ്ധതി ആരംഭിച്ചു. സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ, ആശാ വർക്കർമാർ, പഞ്ചായത്ത് - നഗരസഭാ വാർഡ് കൗൺസിലർമാർ എന്നിവരുടെ സഹായത്തോടെ ഇവ സൗജന്യമായി വീടുകളിലെത്തിക്കും. റേഷൻ കടകൾ വഴിയും വിത്തുകൾ നൽകും. സർക്കാരിന്റെ സൗജന്യ റേഷൻ വിതരണം നടക്കുന്നതിനാൽ അതാടൊപ്പം വിത്ത് നൽകുന്നത് കൂടുതൽ ആളുകളിലേക്ക് പദ്ധതി എത്തിക്കാൻ സഹായിക്കുമെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ഓഫീസർ ഡോ.ടി.വി. രാജേന്ദ്രലാൽ പറഞ്ഞു.
വെണ്ട, പയർ, പാവൽ, ചീര തുടങ്ങി ഒരു അടുക്കളത്തോട്ടത്തിന് ആവശ്യമായ അഞ്ചിനം വിത്തുകളാണ് സൗജന്യമായി ലഭ്യമാക്കുന്നത്.lകൃഷി വകുപ്പിന്റെ കീഴിലുള്ള വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിലാണ് വിത്തുകളും തൈകളും നൽകുന്നത്. പെരിങ്ങമ്മല കൃഷിത്തോട്ടം, പാലോട് ബനാനാ ഫാം തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും കൂടുതൽ വിത്തുകൾ ലഭ്യമാക്കും. ആവശ്യക്കാർക്ക് അടുത്തുള്ള കൃഷിഭവനിൽ ബന്ധപ്പെട്ടാലും വിത്തുകൾ വീടുകളിലെത്തിക്കും.