മലപ്പുറം: ഇന്ത്യയിലെ ഗ്രാമീണ വികസനത്തിന് നൂതനമായ പദ്ധതികൾ ആവിഷകരിച്ച് നടപ്പിലാക്കുകയാണ് നബാർഡ് ലക്ഷ്യം വെക്കുന്നതെന്ന് ചെയർമാൻ കെ.വി ഷാജി. നിലമ്പൂരിലെ നബാർഡ് ധനസഹായത്തോടെയുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർധിച്ചുവരുന്ന ജനസംഖ്യയുടെ ആശയങ്ങൾ നിറവേറ്റാൻ ആവശ്യമായ നൂതന സാങ്കേതിക വിദ്യകളും വിവരസാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തി ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനുള്ള സത്വര നടപടികൾ സ്വീകരിച്ചുവരുകയാണ്. സുസ്ഥിര വികസന സൂചികയിൽ മുന്നേറാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. ഇതിനായി മലപ്പുറത്തിന് കൂടുതൽ സഹായം നൽകാൻ നബാർഡ് ഒരുക്കമാണ്. ശരിയായ രീതിയിൽ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കാനുള്ള സംവിധാനം ഒരുക്കാൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള ഗ്രാമീണ ബാങ്കിന്റെ സാമൂഹിക ബാധ്യത ഫണ്ട് ഉപയോഗിച്ച് പണി പൂർത്തീകരിച്ച് വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ അളക്കൽ പട്ടികവർഗ കോളനിയിലെ കുടിവെള്ള പദ്ധതിയും, ഐ.ആർ.ടി.സിയും നബാർഡും നടപ്പിലാക്കുന്ന പദ്ധതികൾക്ക് വേണ്ടി നിലമ്പൂർ എരഞ്ഞിമങ്ങാട് നിർമ്മിച്ച കോഫി പ്രോസസിങ് സെന്ററിന്റെയും, ജൻ ശിക്ഷൺ സൻസ്ഥാൻ നബാർഡുമായി ചേർന്ന് നടത്തുന്ന ആദിവാസി വികസന പദ്ധതിയിൽ രൂപീകരിച്ച ഗോത്രാമൃത് കമ്പനിയുടെ ഉൽപ്പന്നങ്ങളുടെ വിപണനോദ്ഘാടനവുമാണ് അദ്ദേഹം നിർവ്വഹിച്ചത്.
ജെ.എസ്.എസ് ചെയർമാൻ പി.വി.അബ്ദുൾ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തി. കേരള ഗ്രാമീണ ബാങ്ക് ചെയർമാൻ സി. ജയപ്രകാശ്, നബാർഡ് ചീഫ് ജനറൽ മാനേജർ ഡോ. ഗോപകുമാരൻ നായർ, വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ നെടുമ്പ, ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മനോഹരൻ, നബാർഡ് ജില്ലാ മാനേജർ മുഹമ്മദ് റിയാസ് തുടങ്ങിയവർ സംസാരിച്ചു.