ഇടുക്കി: പ്രഖ്യാപിക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്ന ഭരണനിര്‍വഹണ സംസ്‌കാരം സംസ്ഥാനത്ത് വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനസര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് പ്രഖ്യാപിച്ച നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 18 റോഡുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബന്ധപ്പെട്ട വാർത്തകൾ: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ കൂട്ടായ പ്രവര്‍ത്തനം വേണം
സംസ്ഥാനപരിപാടിയുടെ ഭാഗമായി ചെറുതോണിയില്‍ നടന്ന പ്രാദേശിക ചടങ്ങില്‍ ഇടുക്കി മണ്ഡലത്തിലെ തൊടുപുഴ പുളിയന്മല റോഡിലെ 2.3 കിലോമീറ്റര്‍ ഉള്‍പ്പെട്ട പാറമട റീച്ചും ഉദ്ഘാടനം ചെയ്തു. നാടിന്റെ ഗതാഗത വികസനത്തിന് വേഗത കൂട്ടാനാണ് കഴിഞ്ഞ സര്‍ക്കാരും ഈ സര്‍ക്കാറും ശ്രമിക്കുന്നതെന്ന് ആലപ്പുഴ വൈ. എം സി എ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു. റോഡ് നന്നാവുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന സംഗതിയാണ്. നാടിന്റെ വികസനത്തിന് ഒഴിച്ചുകൂടാനാവാത്തതാണ് അത്. വികസനക്ഷേമപ്രവര്‍ത്തികള്‍ കൂടുതല്‍ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് നൂറുദിനകര്‍മ്മ പരിപാടി ആവിഷ്‌കരിച്ചത്.
ശോചനീയാവസ്ഥയിലായിരുന്ന സംസ്ഥാനത്തെ ദേശീയപാതകള്‍ ഇപ്പോള്‍ ശരിയായ അര്‍ത്ഥത്തില്‍ തന്നെ ദേശീയ പാതയാവുകയാണ്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ദേശീയ പാതകളുടെ വികസനം വിവിധ തലങ്ങളില്‍ നടന്നു വരുകയാണ്. ചെയ്യേണ്ട കാര്യം ചെയ്യേണ്ട സമയത്ത് ചെയ്യാതിരുന്നതുകൊണ്ടാണ് മുമ്പ് ദേശീയപാത വികസനം ഇപ്പോള്‍ നടക്കുന്നത് പോലെ നടക്കാതിരുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ബന്ധപ്പെട്ട വാർത്തകൾ: സംരംഭം തുടങ്ങാൻ സഹായിക്കുന്ന പദ്ധതികൾ ഒരുപാടുണ്ട്
ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. പശ്ചാത്തല വികസനമേഖലയില്‍ സംസ്ഥാനത്തെ ലോകോത്തര നിലവാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മികച്ച നിലവാരമുള്ള ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്രവൃത്തികള്‍ സാധ്യമാക്കാനാണ് ശ്രമിക്കുന്നത്. ഗ്രാമീണ മേഖലയിലുള്ള റോഡുകളാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന റോഡുകളില്‍ അധികവും. 48 കോടിയിലധികം രൂപ ചെലവഴിച്ചാണ് ഇവ നവീകരിച്ചത്. നൂറ്ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 231 പ്രവൃത്തികള്‍ക്കാണ് പൊതുമരാമത്ത് വകുപ്പ് തുടക്കം കുറിച്ചിട്ടുള്ളത്. 2610 കോടി രൂപയുടെ പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 71 പദ്ധതികള്‍ നൂറ് ദിന ലക്ഷ്യം കൈവരിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കിയെ സംബന്ധിച്ചിടത്തോളം പുതിയ റോഡുകള്‍, പാലങ്ങള്‍ ഉണ്ടാവുക വഴി ഹൈറേഞ്ചിന്റെ വികസന സാധ്യതകള്‍ക്ക് ആക്കം വര്‍ധിക്കുകയാണെന്ന് വീഡിയോ സന്ദേശത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ചെറുതോണിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ശിലാഫലകം അനാച്ഛാദനം ചെയ്തു. ശബരിമല ഉത്സവ പ്രവൃത്തിയുടെ ഫണ്ടില്‍ ഉള്‍പ്പെടുത്തി 2 കോടി 30 ലക്ഷം രൂപ മുതല്‍മുടക്കി ബിഎം, ബിസി നിലവാരത്തിലാണ് തൊടുപുഴ പുളിയന്മല റോഡിലെ പാറമട റീച്ചിന്റെ നവീകരണ പ്രവര്‍ത്തികള്‍ നടത്തിയിരിക്കുന്നത്. റോഡിന് വശങ്ങളില്‍ ഐറിഷ് ഓട നിര്‍മ്മിക്കുകയും ടൈല്‍ വിരിക്കുകയും അപകടസാധ്യത മേഖലയില്‍ സൈന്‍ ബോര്‍ഡുകള്‍, റോഡ് മാര്‍ക്കിങ്, ക്രാഷ് ബാരിയര്‍, റോഡ് സ്റ്റഡ്സ്, ഡെലിനേറ്ററുകള്‍ എന്നിവ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗം നിമ്മി ജയന്‍, സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികളായ അനില്‍ കൂവപ്ലാക്കല്‍, സി എം അസീസ് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ സി കെ പ്രസാദ്, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.