തൃശ്ശൂർ: പേവിഷബാധയുടെ പശ്ചാത്തലത്തിൽ തീവ്രയജ്ഞ പരിപാടിയുമായി മൃഗസംരക്ഷണ വകുപ്പ്. ജില്ലയിലെ മുഴുവൻ വളർത്തു നായ്ക്കൾക്കും തെരുവ് നായ്ക്കൾക്കും പൂച്ചകൾക്കും പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിനാണ് മൃഗ സംരക്ഷണ വകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്. പേവിഷനിർമാർജ്ജന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ നായ്‌ക്കൾക്കും പൂച്ചകൾക്കും പേവിഷ പ്രതിരോധകുത്തിവയ്പ്പ് വകുപ്പ് നിർബന്ധമാക്കി.
ജില്ലയിൽ രണ്ട് മാസത്തിന് മുകളിൽ പ്രായമുള്ള ( ജനിച്ച് 60 ദിവസം കഴിഞ്ഞ ) എല്ലാ നായ്‌കുട്ടികൾക്കും ഈ മാസം 15നകം അതാത് മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് പ്രതിരോധകുത്തിവയ്പ്പ് എടുക്കണമെന്നാണ് നിർദ്ദേശം.
കുത്തിവയ്പ്പിന് ശേഷം മൃഗാശുപത്രിയിൽ നിന്ന് ലഭിക്കുന്ന പ്രതിരോധ കുത്തിവയ്പ്പ് സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട പഞ്ചായത്ത് / നഗരസഭ എന്നിവിടങ്ങളിൽ കാണിച്ച് വളർത്തുമൃഗങ്ങൾക്കുള്ള ലൈസൻസ് എടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: മൃഗ സംരക്ഷണ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍
ആനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാമുമായി ബന്ധപ്പെട്ട് ജില്ലയിൽ 4 സെൻ്ററുകൾ തുടങ്ങും. ഈ സെൻ്ററുകളിലേക്ക് ഡോഗ് ക്യാച്ചേഴ്‌സിനെ നിയമിക്കുന്നതിനും വിദഗ്ധ പരിശീലനം നൽകുന്നതിനും അപേക്ഷ ക്ഷണിച്ചതായും വകുപ്പ് അറിയിച്ചു. താല്പര്യമുള്ളവർ ഈ മാസം 30നകം വകുപ്പുമായി ബന്ധപ്പെട്ട് അപേക്ഷ നൽകണം. ഇവർക്കുള്ള പരിശീലനം ഊട്ടിയിൽ നടത്തുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഒ ജി സൂരജ അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇതിനോടകം പേവിഷ പ്രതിരോധ കുത്തിവയ്പുകൾ ജില്ലയിലെ വിവിധ ഇടങ്ങളിലായി ആരംഭിച്ചെങ്കിലും പേവിഷബാധക്കെതിരെ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനാണ് വകുപ്പിൻ്റെ തീരുമാനം. ബോധവൽക്കരണ ക്യാമ്പയിനുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.