എയർടെല്ലിനും വിഐയ്ക്കും പിന്നാലെ റിലയൻസ് ജിയോയും പ്രീ പെയ്ഡ് പ്ലാനുകൾ പരിഷ്കരിച്ചു. വിപണിയിലെ ഏറ്റവും മികച്ച പ്ലാനുകൾ പ്രഖ്യാപിച്ച റിലയൻസ് ജിയോയുടെ പുതിയ നിരക്കുകൾ ഡിസംബർ 1 മുതൽ ലഭ്യമാകും.
ഓരോ ഇന്ത്യക്കാരന്‍റെയും യഥാർഥ ഡിജിറ്റൽ ജീവിതം ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളുമായി കമ്പനി മുന്നോട്ട് പോകുമെന്ന് ജിയോ പ്രസ്താവനയിൽ പറഞ്ഞു. ജിയോ അവതരിപ്പിക്കുന്ന പുതിയ അൺലിമിറ്റഡ് പ്ലാനുകൾ നോക്കാം…
ജിയോ പ്രീ-പെയ്ഡ് സേവനത്തിന്റെ വില വർധിപ്പിക്കാനുള്ള തീരുമാനം ജിയോഫോൺ പ്ലാനുകൾ, അൺലിമിറ്റഡ് പ്ലാനുകൾ, ഡാറ്റ ആഡ്-ഓണുകൾ എന്നീ സേവനങ്ങൾക്ക് ബാധകമാകുമെന്ന് റിലയൻസ് ജിയോ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ തീരുവ 19.6 ശതമാനത്തിൽ നിന്ന് 21.3 ശതമാനമായാണ് കൂട്ടിയത്.
ഭാരതി എയർടെലും വൊഡാഫോൺ ഐഡിയയും കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പ്രീപെയ്‌ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിക്കുമെന്ന് അറിയിച്ചത്. 20 മുതൽ 25 ശതമാനം വരെയാണ് വർധനവ്. ഇതിൽ വിഐയുടെ വർധിപ്പിച്ച നിരക്ക് നവംബർ 25 മുതലും എയർടെലിന്റെ പുതിയ നിരക്ക് തിങ്കളാഴ്ച മുതലും നിലവിൽ വന്നു.
പുതുക്കിയ പ്ലാൻ വന്നതോടെ ഇരു ടെലികോം കമ്പനികളുടെയും ഏറ്റവും കുറഞ്ഞ പ്ലാൻ 28 ദിവസത്തെ കാലാവധിയുള്ള 99 രൂപയുടേതാണ്. അതേ സമയം, ഡിസംബർ ആദ്യം മുതൽ പ്രാബല്യത്തിൽ വരുന്ന ജിയോയുടെ പുതിയ നിരക്കുകൾ മനസിലാക്കാം.
6 ജിബി ലഭ്യമാക്കുന്ന 51 രൂപയുടെ പ്ലാൻ ഇനി മുതൽ 61 രൂപയ്ക്ക് ലഭിക്കും. അതുപോലെ 101 രൂപയുടെ 12 ജിബി പ്ലാനിന് പുതുക്കിയ നിരക്കിൽ 121 രൂപയായിട്ടുണ്ട്. 251 രൂപയുടെ 50 ജിബി പ്ലാൻ 301 രൂപയായി വർധിപ്പിച്ചു.
ജിയോയുടെ 75 രൂപയുടെ പ്രതിമാസ പ്ലാൻ ഇനിമുതൽ 91 രൂപയായിരിക്കും. അതുപോലെ 129 രൂപയുടെ പ്രീ-പെയ്ഡ് പ്ലാൻ 155 രൂപയിലേക്കും 399 രൂപയുടെ പ്ലാൻ 479 രൂപയിലേക്കും വർധിപ്പിച്ചു.
ജിയോ നൽകുന്ന 1299 രൂപയുടെ പ്ലാൻ 1559 രൂപയാക്കി ഉയർത്തി. 2399 രൂപയുടെ പ്ലാൻ 2879 രൂപയായും വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ തങ്ങളുടെ ഡാറ്റ ടോപ്പ്-അപ്പ് പ്ലാനുകൾക്കും വില വർധിപ്പിക്കുമെന്ന് റിലയൻസ് ജിയോ അറിയിച്ചു.
അടുത്തിടെ എയർടെൽ കൊണ്ടുവന്ന പുതിയ നിരക്കുകൾ
56 ദിവസം കാലാവധിയുള്ള പ്ലാനുകൾ 479 രൂപയ്ക്കും 84 ദിവസത്തെ പ്ലാനുകൾക്ക് 455 രൂപയുമാണ് നിരക്ക്.
പ്രീപേയ്ഡ് പ്ലാനുകൾക്ക് പുറമെ ടോപ് അപ്പ് പ്ലാനുകളുടെയും നിരക്ക് വർധിപ്പിച്ചിരുന്നു.
പുതിയ വിഐ പ്രീപെയ്ഡ് പ്ലാനുകൾ
28 ദിവസത്തെ കാലാവധിയുള്ള ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് പ്ലാനിന്റെ നിരക്ക് 99 രൂപയാണ്. ഈ പ്ലാനിന് മുമ്പ് ഈടാക്കിയിരുന്നത് 75 രൂപയായിരുന്നു. അൺലിമിറ്റഡ് വോയ്‌സ് ആൻഡ് ഡാറ്റ പ്രീപെയ്‌ഡ് വിഭാഗത്തിൽ 149 രൂപയുടെ പ്ലാൻ പുതുക്കിയ നിരക്കിൽ 179 രൂപയാണ്.