അത്യാവശ്യ കാര്യങ്ങള്‍ക്ക് പണം കണ്ടെത്താനായി സാധാരണക്കാര്‍ പലപ്പോഴും ആശ്രയിക്കുന്നത് ചിട്ടികളെയാണ്. ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് ജീവിതകാലം മുഴുവന്‍ പലിശ നല്‍കുന്നതിലും എത്രയോ ലാഭകരമാണ് ചിട്ടിയില്‍ ചേര്‍ന്ന് പണം കണ്ടെത്തുന്നത്.
ഓരോരുത്തരും അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച ചിട്ടിയില്‍ ചേരണമെന്നു മാത്രം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സ്വകാര്യ ചിട്ടികളില്‍ ചേരുന്നതില്‍ സുരക്ഷ കുറവാണ്. എന്നാല്‍ സര്‍ക്കാരുകള്‍ നടത്തുന്ന ചിട്ടികളാണെങ്കില്‍ വിശ്വസിച്ച് ചേരാം.
സമ്പാദ്യത്തോടൊപ്പം വായ്പ
സംസ്ഥാന സര്‍ക്കാരിന്റെ കെഎസ്എഫ്ഇ പോലുളള ചിട്ടികളാണെങ്കില്‍ സുരക്ഷിതമായിരിക്കും. കേന്ദ്ര ചിട്ടി നിയമപ്രകാരം ഏറെ സുതാര്യമായി നടപ്പാക്കുന്നവയാണ് കെഎസ്എഫ്ഇ ചിട്ടികള്‍. സ്വകാര്യ ചിട്ടികളില്‍ ചേരുമ്പോള്‍ത്തന്നെ ഉളളിലൊരു ഭയവും തലപൊക്കും. എങ്ങാനും ചിട്ടി പൊട്ടിയാല്‍ എന്തുചെയ്യുമെന്ന ആശങ്കകളായിരിക്കും മനസ്സുനിറയെ.
എന്നാല്‍ സമ്പാദ്യത്തോടൊപ്പം വായ്പ എന്ന രീതിയിലാണ് കെഎസ്എഫ്ഇയിലെ കാര്യങ്ങള്‍. നിശ്ചിത കാലയളവിനുളളില്‍ ചിട്ടികള്‍ ലേലം വിളിച്ച് പണം നല്‍കുന്ന രീതിയാണ് കെഎസ്എഫ്ഇയുടെ പ്രത്യേകത.
ആവശ്യം അറിഞ്ഞാവണം ചിട്ടി
നമ്മുടെ ആവശ്യവും അതിനുളള തുകയും എത്രയാണെന്ന് മനസ്സിലാക്കിയശേഷം ചിട്ടി തെരഞ്ഞെടുക്കുന്നതാണ് നല്ലത്. 1000 രൂപ മുതല്‍ 5,00,000 രൂപ വരെ പ്രതിമാസത്തവണകളുളള ചിട്ടികള്‍ കെഎസ്എഫ്ഇയിലുണ്ട്. സാധാരണയായി 30, 40 , 50 , 60, 100, 120 മാസങ്ങള്‍ കാലാവധിയായുളള ചിട്ടികളാണ് കെഎസ്എഫ്ഇ നടത്തിവരുന്നത്.
നഷ്ടമില്ലാതെ ചിട്ടി വിളിയ്ക്കാം
മിക്ക ചിട്ടികളിലും വായ്പക്കാരായിരിക്കും കൂടുതലുളളത്. അതിനാല്‍ കാലാവധിയുടെ ആദ്യം ചിട്ടി വിളിച്ചെടുക്കാനും പ്രയാസങ്ങളുണ്ടാകും. ഇക്കാലയളവില്‍ വിളിച്ചെടുക്കുന്നതും നഷ്ടമാണ്. കുറച്ച് ക്ഷമയോടെ വലിയ നഷ്ടം കൂടാതെ ചിട്ടി വിളിച്ചെടുക്കാനും ശ്രദ്ധിയ്ക്കാം.
ചിട്ടി നേരത്തെ ലഭിച്ചാല്‍ ?
നറുക്കെടുപ്പില്‍ നിങ്ങള്‍ക്ക് ചിട്ടി നേരത്തെ ലഭിച്ചാല്‍ ചിട്ടിയില്‍ത്തന്നെ നിക്ഷേപത്തിനുളള അവസരമുണ്ടായിരിക്കും.
അതുപോലെ ചിട്ടിയുടെ ലാഭവിഹിതത്തിന് പുറമെ പലിശയും നിങ്ങള്‍ക്ക് കിട്ടും. ലാഭവിഹിതത്തോടൊപ്പം പലിശ കൂടിയാകുമ്പോള്‍ നിങ്ങള്‍ അടയ്‌ക്കേണ്ട തവണസംഖ്യ കുറയുന്നതാണ്.
അത്യാവശ്യങ്ങളില്ലെങ്കില്‍ ?
അത്യാവശ്യമായി പണം വേണ്ടാത്തവര്‍ക്ക് ചിട്ടിയെ നിക്ഷേപമായി കണക്കാക്കാം. ഇവര്‍ കാലാവധി കൂടുതലുളള ചിട്ടികള്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. അതേസമയം വായ്പ എന്ന രീതിയിലാണ് ചിട്ടിയെടുക്കുന്നതെങ്കില്‍ കാലാവധി കുറഞ്ഞ ചിട്ടി തെരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.
കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/news/ksfe-offers-special-gold-loans-to-covid-victims-at-low-interest-rates/