നെല്ലിന്റെ ജന്മദിനമായി കണക്കാക്കുന്ന കന്നിമാസത്തിലെ മകം നക്ഷത്രത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാഠം-1 പാടത്തേക്ക് എന്ന പരിപാടി സംഘടിപ്പിക്കുമെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കേരളത്തിന്റെ പരമ്പരാഗത കൃഷിയായ നെല്‍ക്കൃഷിയുടെ മഹത്വത്തെ കുറിച്ച് പുതിയ തലമുറയിലും അവബോധം സൃഷ്ടിക്കാന്‍ പരിപാടി സഹായകമാകും. കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് നെല്ലുല്പാദനത്തില്‍ സംസ്ഥാനത്ത് രണ്ടുലക്ഷം ടണ്ണിന്റെ വര്‍ദ്ധനവുണ്ടായതായും മന്ത്രി അറിയിച്ചു. കുട്ടനാട്ടില്‍ മാത്രം 40 ശതമാനമാണ് നെല്ലുല്പാദനം വര്‍ദ്ധിച്ചത്. വിളനാശത്തിന് കര്‍ഷകര്‍ക്ക് 214 കോടി രൂപ ഇതുവരെ നഷ്ടപരിഹാരം നല്‍കിക്കഴിഞ്ഞു. ബാക്കി 43 കോടി ഉടന്‍ വിതരണം ചെയ്യും.
രാസകീടനാശിനിയുടെ ഉപയോഗം മൂന്നുകൊല്ലം കൊണ്ട് 17 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞു. കൂടുതല്‍ മിത്രകീടങ്ങളെ ഉല്പാദിപ്പിക്കുന്നതിനായി എല്ലാ ജില്ലകളിലും ലബോറട്ടിറികള്‍ തുടങ്ങും. 50 ശതമാനം വിലക്കിഴിവോടെ ഒരു വാര്‍ഡില്‍ രോഗബാധയേല്‍ക്കാത്ത 25 നാടന്‍ തെങ്ങിന്‍ തൈകള്‍ വീതം വിതരണം ചെയ്യും. 35 തനിനാടന്‍ വിത്തിനങ്ങള്‍ കണ്ടെത്തുകയും സംഭരണം ആരംഭിക്കുകയും ചെയ്തതായും മന്ത്രി അറിയിച്ചു. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് തീരമേഖല, ലാറ്ററൈറ്റ്, താഴ്‌വരകള്‍, പാലക്കാട് സമതലം എന്നിങ്ങനെ കേരളത്തെ നാല് കാര്‍ഷികമേഖലകളാക്കി തരം തിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാകും വിത്ത് മുതല്‍ വിപണി വരെയുള്ള എല്ലാ കൃഷിരീതികളും പ്രയോഗിക്കുകയെന്നും മന്ത്രി അറിയിച്ചു.