Updated on: 4 December, 2020 11:19 PM IST
- ദിവാകരൻ ചോമ്പാല
''കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
മാളിക മുകളേറിയമന്നൻറെ തോളിൽ
മാറാപ്പു കേറ്റുന്നതും ഭവാൻ ''

പണ്ഡിതനും പാമരനും എന്ന വേർതിരിവില്ലാതെ കാലാ കാലങ്ങളായി മലയാളികൾ തലമുറകളിൽനിന്ന് തലമുറകളിലേക്ക് കൈമാറി പാടിപ്പതിഞ്ഞ വരികൾ ഇതിലപ്പുറം ഇനി മലയാളത്തിൽ വേറെയില്ലെന്നുവേണം പറയാൻ !
മാനുഷികമൂല്യങ്ങൾക്കും ധാർമ്മികതക്കും മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ആധുനിക യുഗത്തിൽ പുതിയ തലമുറക്കാർക്കായി നമുക്കിത് ആവോളം പങ്കുവെക്കാം .
അതിമഹത്തും ദാർശനികസമ്പന്നവുമായ ജ്ഞാനപ്പാന എന്ന ഭക്തി കാവ്യത്തിൻറെ ആനുകാലിക പ്രസക്തി പഠനാർഹമായനിലയിൽ മനസ്സിലാക്കുകയും ജ്ഞാനപ്പാനയുടെ ആത്മീയ സൗന്ദര്യം അശേഷം ചോർന്നുപോകാതെ മലയാളികൾക്ക് സമർപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രമുഖ എഴുത്തുകാരനും കേരളസർക്കാരിൻറെ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ മേധാവിയായി പ്രവർത്തിക്കുകയും ചെയ്‌ത ഡോ .റിജി ജി നായർ ജ്ഞാനപ്പാനക്ക് വ്യാഖ്യാനമായി എഴുതി പ്രസിദ്ധീകരിച്ച പുസ്‌തകമാണ് ''ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ ''. 

മുൻ ഡി .ജി .പി .ഡോ .അലക്‌സാണ്ടർ ജേക്കബ്‌ അവതാരിക എഴുതിയ ഈ പുസ്‌തകത്തിൻറെ പ്രസാധകർ കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന ഡോൺ ബുക്‌സ് എന്ന സ്ഥാപനം .

വേദങ്ങളും ഉപനിഷത്തുക്കളും പഠിക്കാൻ ബ്രാഹ്മണർക്ക് മാത്രം അനുവാദവും അവകാശവുമുള്ള പ്രാകൃതമായ ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു .
ചാതുവർണ്യസമ്പ്രദായം നിലവിലുള്ള കാലഘട്ടം .

സനാതന ധർമ്മ സംഹിതകളെ ആധാരമാക്കി വിരചിതമായ വേദോപനിഷത്തുക്കൾ സാധാരണക്കാർക്ക് വായിച്ചുമനസ്സിലാക്കാൻ എളുപ്പമല്ലെന്ന തിരിച്ചറിവോടെ തന്നെ ഭക്തമഹാകവിയായിരുന്ന പൂന്താനം നമ്പുതിരി നാലുനൂറ്റാണ്ട് മുമ്പാണ് ജ്ഞാനപ്പാനയുടെ രചന നിർവ്വഹിച്ചത്.
ആറ്റുനോറ്റുണ്ടായ തൻറെ പൊന്നോമനപ്പുത്രൻറെ ആകസ്‌മിക ദേഹവിയോഗത്തിൽ പ്രാപഞ്ചികനായ കവി അനുഭവിച്ച വേദനയും കണ്ണുനീരിൻറെ നനവും തേങ്ങലുകളും കൂടി അടങ്ങിയതാണ് ജ്ഞാനപ്പാന.
ഭക്തിയും ജ്ഞാനവും കർമ്മവും സുശക്തവും ലളിതവുമായ തോതിൽ അനുവാചകമനസ്സുകളിൽ പൂന്താനം തിരുമേനി ഈ കൃതിയിലൂടെആവോളം സന്നിവേശിപ്പിച്ചിരിക്കുന്നു .

അതീവ ഗഹനങ്ങളായ ജീവിത ദർശനങ്ങൾ ,സന്മാർഗ്ഗ ബോധങ്ങൾ ഇവയെല്ലാം സമന്വയിപ്പിച്ചുകൊണ്ട് പൂന്താനം നമ്പുതിരി രചിച്ച ജ്ഞാനപ്പാന എന്ന ശേഷ്ഠമായ കൃതി കേരളത്തിൻറെ സ്വന്തം ഭഗവദ്ഗീത എന്നപേരിലുംകൂടിയാണ് അറിയപ്പെടുന്നത് .
ഹൈന്ദവ സംസ്‌കൃതിയുടെ ആഴവും പരപ്പും അശേഷം നഷ്‌ടമാകാത്തതോതിൽ ആത്മീയതയും ഭാരതീയതത്വചിന്തകളും ഇഴചേർത്ത് നെയ്തെടുത്ത ഭക്തകൃതികൂടിയാണ് പൂന്താനത്തിൻറെ ജ്ഞാനപ്പാന.

ഈശ്വരചിന്തയിലൂടെയും ആത്മസമർപ്പണത്തിലൂടെയും സർവ്വദുരിതങ്ങളുമകറ്റി ജീവിതം ധന്യമാക്കാമെന്ന സന്ദേശം കൂടി മുന്നൂറ്റിഅറുപതോളം വരികൾ മാത്രമുള്ള ജ്ഞാനപ്പാനയിലൂടെ പൂന്താനം പങ്കവെയ്ക്കുന്നു .
സത്യം ,സഹിഷ്‌ണുത ,സമഭാവന ,അഹിംസ , നിഷ്ക്കാമഭക്തി തുടങ്ങിയവകളാൽ ഓരോ മനുഷ്യനെയും സത്വഗുണസമ്പന്നനാക്കുന്നതോടൊപ്പം അസൂയ ,അത്യാർത്തി , കുശുമ്പ് ,താൻപോരിമ ,അഹങ്കാരം ,ദുരാഗ്രഹങ്ങൾ തുടങ്ങിയ അധമ വികാരങ്ങളെ ദൂരീകരിക്കാനുമായി സാധാരണക്കാരനുംവരെ ഗ്രഹിക്കാൻ പാകത്തിൽ പരമാവധി സസ്‌കൃത പദങ്ങളുപയോഗിക്കാതെ ലളിതമായ മലയാളത്തിൽ നാടോടി ശൈലിയിലാണ് പൂന്താനം ജ്ഞാനപ്പാനയുടെ രചനനിർവ്വഹിച്ചത് .

താൻ ജീവിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിലെ ജനസമൂഹങ്ങൾ അനുവർത്തിച്ചുവന്നിരുന്ന അധർമ്മത്തിനും അനീതിക്കും അൽപ്പത്തരങ്ങൾക്കും മൂല്യച്യുതികൾക്കുമെതിരെ ധാർമ്മികമായ കടമകൾ നിർവ്വഹിച്ചുകൊണ്ട് നാരായം ചലിപ്പിച്ചതിൻറെ പരിണതഫലമാണ് മലയാളികൾ എക്കാലവും നെഞ്ചിലേറ്റിയതും തലമുറകൾ കൈ മാറിക്കൊണ്ടിരിക്കുന്നതുമായ ജ്ഞാനപ്പാന എന്ന ഭക്തകൃതി മനുഷ്യമനസ്സുകളിലെ വിഹ്വലതകളെ സമഗ്രമായി അപഗ്രഥിച്ച് പഠിച്ച മികച്ച മനഃശാസ്ത്രജ്ഞനെപ്പോലെയാണ് ജ്ഞാനപ്പാനയിലെ പലവരികളും പൂന്താനം രചിച്ചതെന്നുവേണം പറയാൻ .

ഈശ്വരചിന്തയിലൂടെയും ആത്മസമർപ്പണത്തിലൂടെയും സർവ്വദുരിതങ്ങളുമകറ്റി ജീവിതം ധന്യമാക്കാമെന്ന സന്ദേശം കൂടി പൂന്താനം ജ്ഞാനപ്പാനയിലൂടെ പങ്കുവെക്കുന്നു.
ദൈവികതയുടെ അഭാവത്തെക്കുറിച്ച് അതിശക്തമായ ശൈലിയിൽ വിവരിക്കുന്നതോടൊപ്പം സാമൂഹിക ജീർണ്ണതകളെയും നാടുവാഴി - തമ്പുരാക്കന്മാരുടെ വിഷയാസക്തികൾ തുടങ്ങിയ അനാശാസ്യപ്രവണതകൾക്കുനേരെയും വിമർശനത്തിന്റെ മുന കൂർപ്പിച്ചുകൊണ്ട് പരിഹാസശരങ്ങൾ ജ്ഞാനപ്പാനയിലൂടെ തൊടുത്തുവിടുന്നതിലും ബഹു കേമനായിരുന്നു പൂന്താനം .

ഭക്തിയോടൊപ്പം അതിശക്തമായ സാമൂഹിക വിമർശനവും അതിലുപരി വിപ്ളവാത്മകമായ ചിന്താധാരകളും അലിഞ്ഞുചേർന്നിരിക്കുന്നു ജ്ഞാനപ്പാനയുടെ വരികളിൽ .

''മദമത്സരം ചിന്തിച്ചു ചിന്തിച്ചു മതി കെട്ടു നടക്കുന്നിതു ചിലര്‍;
ചഞ്ചലാക്ഷിമാര്‍ വീടുകളില്‍ പുക്കു കുഞ്ചിരാമനായാടുന്നിതു ചിലര്‍; ''

ഐഹികസുഖത്തിൻറെ നിരർത്ഥകതയെ ശുദ്ധമായതോതിൽ പരിഹസിക്കാനും ഈ കൃതിയിൽ പൂന്താനം മറന്നില്ല .

ജ്ഞാനപ്പാന സമൂഹപാരായണം ഗിന്നസ് ബുക്കിൽ

ജ്ഞാനപ്പാന സമൂഹപാരായണം ഗിന്നസ് ബുക്കിൽ

ആർട് ഓഫ് ലിവിംഗ്  പ്രസ്ഥാനത്തിന് ലഭിച്ച ഗിന്നസ്‌ ബുക്ക് ഓഫ് റെക്കോർഡ് എന്ന  ലോക അംഗീകാരം ശ്രേഷ്‌ഠ ഭാഷാപദവിയിൽ ജ്വലിച്ചു നിൽക്കുന്ന മലയാള ഭാഷക്ക് കിട്ടിയ വരദാനമാണെന്നു വേണം കരുതാൻ .
 2014 ഫെബ്രുവരി 2 ന് വടക്കും നാഥൻറെ  തിരുസന്നിധിയിൽ തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത്  ജനലക്ഷങ്ങൾ പങ്കെടുത്ത ആർട് ഓഫ് ലിവിംഗ് മഹാസദസ്സിൽ വിശ്വമഹാഗുരു ശ്രീശ്രീരവിശങ്കർജിയുടെ മഹനീയ സാന്നിദ്ധ്യത്തിലായിരുന്നു കേരളത്തിന്റെ വേദാന്തമെന്ന്  വിശേഷിപ്പിക്കാവുന്ന ജ്ഞാനപ്പാനയുടെ സമൂഹപാരായണം നടന്നത്‌ ,ഗിന്നസ്‌ ബുക്ക് ഓഫ് റെക്കോർഡിൻറെ  അംഗീകാരം ആർട് ഓഫ് ലിവിംഗ് ഓർഗനൈസേഷന് ലഭിക്കാനിടയായതുമങ്ങിനെ .

2012 ൽ കൊല്ലത്ത്  നടന്ന ആനന്ദോത്സവത്തിലാണ് ഗുരുദേവ്  ശ്രീശ്രീരവിശങ്കർജി ജ്ഞാനപ്പാനപാരായണ യജ്ഞം നടത്താൻ  ആഹ്വാനം ചെയ്‌തത്‌  .


ഗുരുജിയുടെ പ്രമുഖ ശിഷ്യനും ആർട് ഓഫ് ലിവിംഗ് കേരളഘടകം മുൻ ചെയർമാനുമായ കൊല്ലം സ്വദേശി ഡോ .റിജിജി നായർ ഭക്ത്യാദരവോടെ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു .
 കേരളത്തിലും കർണ്ണാടകയിലും ഗൾഫുനാടുകളിലുമായി ജ്ഞാനപ്പാന പാരായണവും വ്യാഖ്യാനവും വ്യാപകമായ തോതിൽ സൗജന്യമായി അവതരിപ്പിച്ചുകൊണ്ട് ഇതിനകം നൂറോളം പൊതുവേദികളിൽ  ഡോ ,റിജിജി നായരും സംഘവും ജ്ഞാനപ്പാനമഹായജ്ഞം നടത്തിക്കഴിഞ്ഞു  .  

 മഹാത്മൻ മഹത്വരമായ വാക്കുകളാൽ ശ്രോതാവിലെ മഹത്വത്തെ ഉയർത്തുന്നു.
അത്തരം ഒരു ജ്ഞാനസദസ്സ് ആണ് ഡോ.റിജി ജി നായരുടെ ജഞാനപ്പാന വ്യാഖ്യാന പാരായണ വേദികൾ.

മഹാപണ്ഡിതനായ മേൽപ്പത്തുർ നാരായണഭട്ടതിരിയുടെ പ്രൗഢോജ്വലമായ നാരായണീയത്തേക്കാൾ പരമശുദ്ധനും നിസ്വാർത്ഥനും സാത്വീകനുമായ പൂന്താനത്തിൻറെ നിർമ്മലമായ ഭക്തിയാണെനിക്കിഷ്ടം എന്ന്  ശ്രീഗുരുവായൂരപ്പൻ പറഞ്ഞതും നമ്മൾ കൂട്ടിവായിക്കേണ്ടതാണ് .
പൂന്താനത്തിന്റെ ഭക്തിയും ഭട്ടതിരിയുടെ വിഭക്തിയും തുല്യമാണെന്ന് ഭഗവാൻ അരുളിചെയ്തതിനപ്പുറത്തിനിയെന്ത് നേടാൻ ?
ജാതിമതഭേദമെന്യേ മലയാളികളുടെ ഓരോ വീട്ടിലും ജ്ഞാനപ്പാനയുടെ ഒരു പുസ്‌തകമെങ്കിലും വരും തലമുറയുടെ നന്മയ്ക്കായി മുതൽക്കൂട്ടെന്ന നിലയിൽ സൂക്ഷിക്കേണ്ടതാണെന്ന് വിനയപൂർവ്വം .

ഡോ.റിജി ജി നായർ ജ്ഞാനപ്പാനയെ അധികരിച്ചെഴുതിയ 'ഉണ്ണിക്കൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ' എന്ന പുസ്തകം ഇപ്പോൾ ആമസോണിലും 10% വിലക്കുറവിൽ ലഭിക്കും.

ലിങ്ക് ഇതോടൊപ്പം. 

https://www.amazon.in/dp/B08JJ5G2CN/ref=cm_sw_r_fa_awdb_imm_t1_.6SzFbJ68P91F?fbclid=IwAR2PVCO0_lRKO1W6O8epEXxXtNQmMJ4tgQs062IlxiHA2vQvcO

English Summary: riji nair book release kjarsep3020
Published on: 30 September 2020, 09:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now