റബര്‍ ഉല്‍പാദന മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനായി കൃഷി ഉപേക്ഷിച്ച തോട്ടങ്ങള്‍ ദത്തെടുക്കാൻ റബർ ബോർഡിൻ്റെ പദ്ധതി.ഇതിനായി കൃഷി ഉപേക്ഷിച്ച തോട്ടങ്ങള്‍ റബര്‍ ബോര്‍ഡ് ഏറ്റെടുത്തു കൃഷി നടത്തി ലാഭവിഹിതം ഉടമയ്ക്കു നല്‍കുന്ന പദ്ധതി നടപ്പാക്കും. കൃഷിചെയ്യാതെ കിടക്കുന്ന തോട്ടങ്ങളുടെ കണക്കെടുപ്പ് റബര്‍ ബോര്‍ഡ് ആരംഭിച്ചു.
തോട്ടങ്ങളുടെ കണക്കും ഉടമസ്ഥത സംബന്ധിച്ച വിവരങ്ങളും ഉള്‍പ്പെടുന്ന ഡേറ്റബേസ് ജൂലൈ പകുതിയോടെ തയാറാകും. ഇതില്‍ ലാഭകരമായി കൃഷി നടത്താവുന്ന തോട്ടങ്ങള്‍ കണ്ടെത്തിയ ശേഷം ഉടമകളെ സമീപിക്കും.കേരളത്തില്‍ 30% തോട്ടങ്ങള്‍ പല കാരണങ്ങളാല്‍ ഉല്‍പാദനം നിര്‍ത്തിയെന്നാണ് റബര്‍ ബോര്‍ഡിന്റെ കണക്ക്. അതിനാല്‍ ഈ പദ്ധതി ലക്ഷ്യമിടുന്നത് രണ്ടു
വര്‍ഷത്തിനുള്ളില്‍ ഇവയില്‍ 15% തോട്ടങ്ങളില്‍ ഉല്‍പാദനം പുനരാരംഭിക്കുക എന്നാണ്. തൊഴിലാളിക്ഷാമം മൂലവും ലാഭകരമല്ലാത്തതിനാലും ഉടമസ്ഥര്‍ക്ക് നോക്കി നടത്താന്‍ കഴിയാതെ ഉപേക്ഷിക്കപ്പെട്ട് കിടക്കുന്ന കൃഷിതോട്ടങ്ങളുണ്ട്. ഏറ്റെടുക്കുന്ന തോട്ടങ്ങളിലെ ടാപ്പിങ്ങിനെ കൂടാതെ മരങ്ങളുടെ പരിപാലനം, മരുന്നു തളിക്കല്‍, തോട്ടം ഒരുക്കല്‍, ഷീറ്റ് തയാറാക്കല്‍ എന്നിവയും റബര്‍ ബോര്‍ഡ് ചെയ്യും. ചെലവ് കഴിഞ്ഞുള്ള നിശ്ചിത വിഹിതം ഉടമയ്ക്കു നല്‍കും.
റബര്‍ ബോര്‍ഡിന്റെ പദ്ധതി ഈ വര്‍ഷം മുതല്‍ നടപ്പിലാകും. റബര്‍ ഉത്പാദക സംഘങ്ങള്‍ വഴിയാണു തോട്ടം ഏറ്റെടുക്കുക. ഇതിനു മുന്നോടിയായി വിദഗ്ധരായ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ടാപ്പേഴ്‌സ് ബാങ്ക് രൂപീകരിക്കും.