ചെറുകിട റബർത്തോട്ടങ്ങളിലെ ടാപ്പിങ് തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയിലേക്ക് മാര്‍ച്ച് 16 വരെ അപേക്ഷിക്കാം. അഞ്ചു ഹെക്ടറിൽ താഴെ വിസ്തൃതിയുള്ള ചെറുകിടത്തോട്ടത്തില്‍ വര്‍ഷം മുഴുവന്‍ ടാപ്പിങ് തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോ ഒരു ഹെക്ടര്‍വരെ മാത്രം വിസ്തൃതിയുള്ള സ്വന്തം തോട്ടത്തില്‍ സ്വയം ടാപ്പുചെയ്യുന്നവരോ ആയ തൊഴിലാളികള്‍ക്ക് പദ്ധതിയില്‍ ചേരാം. അപേക്ഷകര്‍ ഭാരത സര്‍ക്കാരിന്‍റെ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ ഭാഗമായുള്ള ആര്‍പിഎല്‍ പരിശീലനപരിപാടിയില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് നേടിയവരോ ടാപ്പിങ് മികവ് വര്‍ധിപ്പിക്കുന്നതിനായി റബർ ബോര്‍ഡ് നടത്തുന്ന പരിശീലനങ്ങളില്‍ പങ്കെടുത്തിട്ടുള്ളവരോ ആയിരിക്കണം. റബറുൽപാദകസംഘങ്ങളുടെ കീഴില്‍ രൂപവൽകരിക്കപ്പെട്ടിട്ടുള്ള ടാപ്പര്‍ബാങ്കുകളില്‍ അംഗങ്ങളായ ടാപ്പിങ് തൊഴിലാളികള്‍ക്കും പദ്ധതിയില്‍ ചേരാന്‍ അര്‍ഹതയുണ്ടായിരിക്കും.അപേക്ഷകര്‍ 18 മുതല്‍ 55 വരെ വയസ് പ്രായമുള്ളവരും തൊട്ടു മുന്‍പിലുള്ള 12 മാസക്കാലത്ത് 90 ദിവസത്തില്‍ കുറയാതെ കൂലിക്കോ സ്വന്തം തോട്ടത്തില്‍ സ്വയമോ ടാപ്പിങ് തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ളവരായിരിക്കണം. കേന്ദ്ര/സംസ്ഥാനസര്‍ക്കാരുകള്‍ നടപ്പാക്കിയിട്ടുള്ള ഏതെങ്കിലും മറ്റു ക്ഷേമപെന്‍ഷന്‍പദ്ധതികളില്‍ അംഗമായവര്‍ക്ക് പദ്ധതിയില്‍ ചേരുന്നതിന് അര്‍ഹതയുണ്ടായിരിക്കില്ല. ഈ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനായി അഞ്ചു വര്‍ഷത്തേക്ക് അംശാദായത്തുകയുടെ 50 ശതമാനം റബർ ബോര്‍ഡ് അടയ്ക്കും. അംശാദായം കൃത്യമായി അടയ്ക്കാത്തവര്‍ക്ക് റബ്ബര്‍ബോര്‍ഡിന്‍റെ വിഹിതം ലഭിക്കില്ല. അത്തരക്കാര്‍ മുഴുവന്‍ വിഹിതവും നേരിട്ട് അടയ്ക്കണം.
കേരളസര്‍ക്കാരിന്‍റെ ചെറുകിട തോട്ടംതൊഴിലാളി ക്ഷേമനിധിപദ്ധതി പ്രകാരം പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് അര്‍ഹതയുണ്ട്. ഈ ആനുകൂല്യം ടാപ്പിങ്തൊഴിലാളികള്‍ക്കും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് റബര്‍ബോര്‍ഡ് പെന്‍ഷന്‍പദ്ധതി പ്രോത്സാഹിപ്പിക്കുന്നത്. ടാപ്പിങ്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓരോ അംഗവും 60 വയസ് വരെ പ്രതിവര്‍ഷം 480 രൂപ അംശാദായം അടയ്ക്കണം. 60 വയസ് പൂര്‍ത്തിയാകുന്നതുവരെ അംശാദായം കൃത്യമായി അടച്ചുവന്നിട്ടുളള ടാപ്പിങ് തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടായിരിക്കും. നിലവില്‍ പ്രതിമാസം 1300 രൂപയാണ് പെന്‍ഷന്‍ ആയി നിശ്ചയിച്ചിട്ടുള്ളത്. ഇതോടൊപ്പം കുടുംബപെന്‍ഷന്‍, പ്രസവാനുകൂല്യം, അവശതാപെന്‍ഷന്‍, മരണാനന്തരസഹായം എന്നീ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടായിരിക്കും. ഈ പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ അടുത്തുള്ള റബ്ബര്‍ബോര്‍ഡിന്‍റെ റീജണല്‍ ഓഫീസുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2576622.
കടപ്പാട്: മനോരമ