1. ഭാരത് അരിയ്ക്ക് ബദലായി ശബരി കെറൈസ് ഉടൻ വിപണിയിലെത്തുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. ഈയാഴ്ച തന്നെ വിപണിയിലെത്തിക്കാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം. ഓരോ റേഷൻ കാർഡിനും 10 കിലോ വീതം അരി സപ്ലൈകോ ഔട്ലെറ്റുകളിൽ നിന്നും വാങ്ങാം. 26 രൂപയ്ക്ക് പച്ചരിയും, 29 രൂപയ്ക്ക് ജയ അരിയും 5 കിലോ പാക്കറ്റുകളിൽ വിൽക്കും. തെലങ്കാനയിൽ നിന്നും അരിയെത്തിക്കാനാണ് ശ്രമിച്ചതെങ്കിലും സപ്ലൈകോ ടെൻഡറിൽ 4 ഇനം അരി എത്തിക്കാൻ വിതരണക്കാർ തയ്യാറായിട്ടുണ്ട്. അതേസമയം അവധി ദിവസങ്ങളിൽ റേഷൻ മസ്റ്ററിങ് നടത്താൻ സാധിക്കില്ലെന്ന് റേഷൻ വ്യാപാരികൾ അറിയിച്ചു. ഞായറാഴ്ച അടക്കം രാവിലെ 9 മുതൽ വൈകിട്ട് 7 മണി വരെയും, 15,16,17 തീയതികളിൽ കടകൾ അടച്ച് രാവില 9 മുതൽ വൈകിട്ട് 7 വരെയും മസ്റ്ററിങ് നടത്താനാണ് സർക്കാർ നിർദേശം.
കൂടുതൽ വാർത്തകൾ: ഭാരത് അരിയ്ക്കും ആട്ടയ്ക്കും പിന്നാലെ 'ഭാരത് പരിപ്പും' വിപണിയിലേക്ക്!!
2. വട്ടവട, കാന്തല്ലൂർ മേഖലയെ ശീതകാല പച്ചക്കറി ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാർഷിക മേഖലയിലുള്ളവരുമായി ആലപ്പുഴയിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ കൃഷി ചെയ്യുന്ന ശീതകാല പച്ചക്കറിയിനങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, പൊക്കാളി നെല്ലിന് ഉയർന്ന സംഭരണവില ഉറപ്പാക്കുമെന്നും ഇതുസംബന്ധിച്ച് പഠനം നടത്താൻ സംസ്ഥാന കാർഷിക വിലനിയന്ത്രണ ബോർഡിനെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
3. വയനാട്ടിൽ റെക്കോർഡ് വിറ്റുവരവ് നേടി കുടുബശ്രീയുടെ ഹോം ഷോപ്പ് പദ്ധതി. 2021ൽ ആരംഭിച്ച കുടുംബശ്രീ ഉത്പന്നങ്ങള്‍ വീട്ടുപടിക്കൽ പദ്ധതി 96 ലക്ഷത്തിന്റെ വിറ്റ് വരവാണ് നേടിയത്. 2.5 കോടി രൂപയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സുല്‍ത്താന്‍ബത്തേരി കേന്ദ്രീകരിച്ചാണ് ഹോം ഷോപ്പ് ജില്ലാ മാനേജ്‌മെന്റ് ആന്റ് മാര്‍ക്കറ്റിംഗ് സെന്റ്ര്‍ പ്രവര്‍ത്തിക്കുന്നത്. അയല്‍ക്കൂട്ടം സംരംഭകര്‍ നിര്‍മ്മിക്കുന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഹോം ഷോപ്പ് ജില്ലാ മാനേജ്‌മെന്റ് ടീം ശേഖരിച്ച് വാര്‍ഡ് തല അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ഹോം ഷോപ്പ് ഓണര്‍മാരിലൂടെ അയല്‍ക്കൂട്ടങ്ങളിലും അയല്‍പക്ക പ്രദേശങ്ങളിലും നേരിട്ട് വിപണനം ചെയ്യുന്നു. മുപ്പതില്‍പരം സംരംഭകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാനും ഹോം ഷോപ്പ് സംവിധാനത്തിലൂടെ സാധിക്കും.
4. കേരളത്തിലെ കർഷകർക്ക് ആവേശമായി കൊക്കോയ്ക്ക് റെക്കോർഡ് വില. മധ്യകേരളത്തിൽ 425 രൂപയായിരുന്ന കൊക്കോവില 500 രൂപയായി ഉയർന്നു. പച്ച കൊക്കോയ്ക്ക് 195 രൂപയാണ് വില. ആഫ്രിക്കൻ രാജ്യങ്ങളിലെ വിളവ് കുറഞ്ഞതാണ് അന്താരാഷ്ട്ര വിപണിയിൽ വില കുതിച്ചുയരാൻ കാരണമായത്. ജനുവരിയുടെ തുടക്കത്തിൽ ന്യൂയോർക്കിൽ ടണ്ണിന് 4034 ഡോളറായിരുന്ന കൊക്കോയ്ക്ക് രണ്ടുമാസം കൊണ്ട് 6929 ഡോളർ വരെ ഉയർന്നു.