Updated on: 8 February, 2023 5:42 PM IST

1. പുതിയ മോഡൽ ഗ്യാസ് സിലിണ്ടർ വിപണിയിലെത്തിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. സാധാരണ ഗ്യാസ് സിലിണ്ടറുകളേക്കാൾ ഭാരം കുറവാണെന്ന് മാത്രമല്ല, തീ പടർന്നാലും കോംപോസൈറ്റ് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കില്ല എന്നാണ് കമ്പനി അവകാശപ്പെടുന്നത്. സാധാരണ സിലിണ്ടറുകളേക്കാൾ ഇവ സുരക്ഷിതവും, അനായാസം എടുത്ത് മാറ്റാനും, അകത്തോ പുറത്തോ തുരുമ്പ് പിടിക്കാതെ സൂക്ഷിക്കുകയും ചെയ്യാം. കൂടാതെ, സിലിണ്ടറിൽ എത്ര അളവ് ഗ്യാസുണ്ടെന്ന് ഉപഭോക്താവിന് അറിയാനും സാധിക്കും. കോംപോസൈറ്റ് ഗ്യാസ് സിലിണ്ടറുകളുടെ നിക്ഷേപതുക 3,300 രൂപയാണ്. ഇതൊഴിച്ചാൽ സാധാരണ ഗ്യാസ് സിലിണ്ടറിന്റെ അതേ വില തന്നെയാണ് ഈടാക്കുന്നത്.

കൂടുതൽ വാർത്തകൾ: കേരള ചിക്കന് റെക്കോർഡ് വിറ്റുവരവ്..കൂടുതൽ വാർത്തകൾ

2. ആദിവാസി വിഭാഗത്തിലുള്ളവർക്ക് 8,176 പുതിയ റേഷൻ കാർഡുകൾ അനുവദിച്ചതായി മന്ത്രി ജിആർ അനിൽ നിയമസഭയിൽ അറിയിച്ചു. ഒറ്റപ്പെട്ട ആദിവാസി ഊരുകളിൽ പ്രമോട്ടർമാരുടെ സഹായത്തോടെ റേഷനിങ് ഓഫിസർ നേരിട്ടെത്തിയാണ് പരിശോധന നടത്തിയതെന്നും സഞ്ചരിക്കുന്ന റേഷൻകടകൾ വഴി 10 ജില്ലകളിലെ ഊരുകളിൽ റേഷൻ സാധനങ്ങൾ എത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റേഷൻകട പദ്ധതിയിലൂടെ അർഹതപ്പെട്ട റേഷൻ വിഹിതം കൃത്യമായി ഓരോ കാർഡുടമക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുണ്ടെന്നും മന്ത്രി അറിയിച്ചു.

3. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പല്ലന കെഎഎം യുപി സ്കൂളിൽ ചീരകൃഷി വിളവെടുത്തു. കുരുന്നുകൾ പരിപാലിച്ചു വളർത്തിയ ചീരകൃഷിയുടെ ആദ്യ വിളവെടുപ്പ് തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാർ, വാർഡ് മെമ്പർ അർച്ചന ദിലീപ്, പിടിഎ പ്രസിഡന്റ് പ്രദീപ് എന്നിവർ ചേർന്ന് നടത്തി. ഉച്ചഭക്ഷണത്തിന് വേണ്ടിയാണ് പ്രധാനമായും സ്കൂളിൽ കൃഷി ആരംഭിച്ചത്.

4. പിഎം കിസാന്‍ ആനുകൂല്യം ലഭിക്കാൻ എറണാകുളം ജില്ലയിലെ കർഷകർ ഈ മാസം 10നു മുൻപ് നപടികൾ പൂർത്തീകരിക്കണമെന്ന് നിർദേശം. ബാങ്ക് അക്കൗണ്ട് ആധാര്‍ സീഡിംഗ്, ഇ കെ വൈ സി, PFMS ഡയറക്ട് ബെനെഫിറ്റ് ട്രാന്‍സ്ഫറിനായി ബാങ്ക് അക്കൗണ്ട് സജ്ജീകരിക്കുക തുടങ്ങിയവയാണ് ചെയ്യേണ്ടത്. ഗുണഭോക്താക്കള്‍ അടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ്റ് ബാങ്ക് അക്കൗണ്ട് തുടങ്ങി ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

5. കോട്ടയത്ത് കാർഷിക സെമിനാറും സോയിൽ ഹെൽത്ത് കാർഡ് വിതരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്വൻ കുളത്തുങ്കൽ എം.എൽ.എ. നിർവഹിച്ചു. മണ്ണുസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന കുഴിമ്പള്ളി-ഇളംപ്ലാശേരി ലാൻഡ് സ്ലൈഡ് സ്റ്റെബിലൈസേഷൻ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മണ്ണുസംരക്ഷണത്തിനായി സർക്കാർ ആവിഷ്‌ക്കരിക്കുന്ന പദ്ധതികൾ വിജയിക്കണമെങ്കിൽ ഉദ്യോഗസ്ഥർക്കൊപ്പം ജനങ്ങളും സജീവമായി പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.

6. കേരളത്തിൽ കൃത്രിമ മട്ട അരിയുടെ വിൽപന വ്യാപകം. പൊതുവിപണിയിൽ അരിവില കുതിച്ചുയർന്നതോടെ റേഷനരി നിറം മാറ്റിയാണ് വിൽപന നടത്തുന്നത്. നിറം മാറ്റുന്നതിനായി അരിയിൽ മാരക രാസവസ്തുക്കളായ റെഡ് ഓക്‌സൈഡും, കാത്സ്യം കാർബണേറ്റുമാണ് ചേർക്കുന്നത്. ഭക്ഷ്യമന്ത്രിയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് മായംചേർക്കൽ കണ്ടെത്തിയത്. തുടർന്ന് എല്ലാ റേഷൻ കടകളിലും പരിശോധന നടത്താൻ മന്ത്രി നിർദ്ദേശം നൽകി.

7. തെങ്ങുകയറ്റക്കാർ ഇല്ലാത്തതാണ് നാളികേര കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. നാളികേരം, അടയ്ക്ക, സുഗന്ധവ്യജ്ഞനങ്ങൾ എന്നിവയുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് ലോക്സഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. യുവാക്കളെ പരിശീലിപ്പിച്ച് ഈ മേഖലയിലേക്ക് എത്തിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ടെന്നും, 20 വർഷം കൊണ്ട് 18.2 ലക്ഷം ഹെക്ടറായിരുന്ന നാളികേര കൃഷി 21.09 ലക്ഷമായി വർധിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

8. ഇന്ത്യൻ കാർഷിക വ്യവസായ മേഖലയിൽ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കുന്ന മാഷ്യോ ഗസ്പാർദേ ഗ്രൂപ്പ് 10-ാം വർഷത്തിലേക്ക് കടക്കുന്നു. റോട്ടറി ടില്ലർ, മിസ്റ്റ് ബ്ലോവർ മുതലായവയുടെ മുൻനിര നിർമ്മാതാവാണ് പൂനെയിലെ മാഷ്യോ ഗസ്പാർദേ. ഗുണനിലവാരം, വ്യത്യസ്ത പാറ്റേണുകൾ എന്നിവയാണ് എംജി ഉൽപ്പന്നങ്ങളുടെ പ്രത്യേകത. 1964ൽ ഇറ്റലിയിൽ സ്ഥാപിതമായ മാഷ്യോ ഗസ്പാർദേയ്ക്ക് ഇറ്റലി, റൊമാനിയ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലായി 8 ഉൽപാദന യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.

9. കർഷകരും പശുക്കളും കുറഞ്ഞതോടെ കോയമ്പത്തൂരിലെ ക്ഷീരമേഖല പ്രതിസന്ധിയിൽ. മഞ്ഞുവീഴ്ച മൂലം പുൽമേടുകൾ കരിഞ്ഞുണങ്ങുന്ന സാഹചര്യത്തിൽ പശുക്കൾക്ക് തീറ്റ ലഭിക്കാത്ത അവസ്ഥയാണ്. ഇതോടെ പാൽ ഉൽപാദനവും കുറഞ്ഞു. ഉൽപാദനം കുറഞ്ഞതോടെ ആവിൻ കമ്പനി കോയമ്പത്തൂരിൽ നിന്നും പാൽ സംഭരിച്ച് നീലഗിരിയിലാണ് വിൽക്കുന്നത്. വന്യമൃഗശല്യവും പ്രദേശത്ത് നിലനിൽക്കുന്ന വലിയ പ്രതിസന്ധിയാണ്.

10. കേരളത്തിൽ മഴ കുറയുന്നു.അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ദുർബലമായതോടെ അടുത്ത 5 ദിവസം മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ മാസം 9-ാം തിയതി വരെ മഴ മുന്നറിയിപ്പുകളോ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശമോ നൽകിയിട്ടില്ല. ജനുവരി 1 മുതൽ സംസ്ഥാനത്ത് 68 ശതമാനം അധിക മഴയാണ് ലഭിച്ചത്.

English Summary: Safe, light weight Composite gas cylinders in the market
Published on: 08 February 2023, 05:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now