1. പരമ്പരാഗത റബ്ബർ കൃഷി മേഖലകളിൽ 2025-ൽ വീണ്ടും നട്ടുപിടിപ്പിച്ചതോ പുതുതായി നട്ടുപിടിപ്പിച്ചതോ ആയ റബ്ബർ കർഷകരിൽ നിന്ന് ധനസഹായത്തിനായി റബ്ബർ ബോർഡ് അപേക്ഷകൾ ക്ഷണിക്കുന്നു. റബ്ബർ ബോർഡ് വെബ്‌സൈറ്റ് വഴി ആക്‌സസ് ചെയ്യാൻ കഴിയുന്ന 'സർവീസ് പ്ലസ്' വെബ് പോർട്ടൽ വഴി കർഷകർക്ക് 2025 ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. റബ്ബർ നട്ടുപിടിപ്പിച്ച സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, നട്ടുപിടിപ്പിച്ച സ്ഥലത്തിന്റെ ഏകദേശ രേഖാചിത്രം, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് (ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ട്), അംഗീകൃത നഴ്‌സറികളിൽ നിന്ന് വാങ്ങിയ നടീൽ വസ്തുക്കളുടെ തെളിവ് തുടങ്ങിയവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഹെക്ടറിന് 40,000 രൂപയാണ് സബ്‌സിഡി. റബ്ബർ ബോർഡിന്റെ വെബ്‌സൈറ്റായ www.rubberboard.gov.in-ൽ നിന്ന് വിശദാംശങ്ങൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള റബ്ബർ ബോർഡ് റീജിയണൽ ഓഫീസുകൾ, ഫീൽഡ് സ്റ്റേഷനുകൾ, റബ്ബർ ബോർഡ് കോൾ സെന്റർ (ഫോൺ: 0481 - 2576622) എന്നിവയുമായി ബന്ധപ്പെടാം.
2. അടൂര്‍ അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസനകേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി 'സുരക്ഷിതമായ പാലുത്പാദനം' എന്ന വിഷയത്തില്‍ ഓഗസ്റ്റ് 26, 27 തീയതികളില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9496332048, 04734 299869, 8304948553, 9447305100 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
3. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് നേരിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യതാപ്രവചനത്തിൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ദുർബലമായതിനാൽ ഇന്ന് എല്ലാ ജില്ലകളിലും നേരിയ മഴ സാധ്യത മാത്രമാണ് നിലനിൽക്കുന്നത്. ശക്തമായ മഴയ്ക്കോ കാറ്റിനോ സാധ്യത ഇല്ലെന്നും അറിയിപ്പിൽ പറയുന്നു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്രകാലാവസ്ഥവകുപ്പ് അറിയിച്ചു.