വയനാട്: വേനൽ കനത്ത പശ്ചാത്തലത്തിൽ ജില്ലയിലെ മാലിന്യ സംഭരണ കേന്ദ്രങ്ങളിൽ മുൻകരുതൽ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടർ ഡോ. രേണു രാജ്. മാലിന്യ സംഭരണ കേന്ദ്രങ്ങൾ, ലെഗസി ഡംപ് യാർഡ്സ് എന്നിവയിൽ അഗ്നിസുരക്ഷയുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലാണ് തീരുമാനം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ എം.സി.എഫ്, ആർ.ആർ.എഫ്, മറ്റ് മാലിന്യ സംഭരണ കേന്ദ്രങ്ങൾ എന്നിവയിൽ സുരക്ഷാ മുൻകരുതലുകളും സി.സി.ടി.വി, ജീവൻ രക്ഷാ ഉപകരണങ്ങൾ എന്നിവയടക്കമുള്ള സജ്ജീകരണങ്ങളും ഒരുക്കണം.
മാലിന്യ സംഭരണ കേന്ദ്രങ്ങളും ലെഗസി ഡംപ് സൈറ്റുകളും സന്ദർശിച്ച് അഗ്നി സുരക്ഷാ വിലയിരുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി ഫയർ ഓഡിറ്റ് ടീമിനെ രൂപീകരിക്കണം. ഫയർ ഓഡിറ്റ് ടീം സ്ഥലങ്ങൾ സന്ദർശിച്ച് സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തി പേരായ്മകൾ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ പരിഹരിക്കുകയും ചെയ്യണം.
എ ഡി എം കെ.ദേവകി, തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.