1. സംസ്ഥാനത്തെ മത്തി ലഭ്യതയിൽ വൻ കുറവ്. അനിയന്ത്രിത ചെറു മത്സ്യ ബന്ധനമാണ് ലഭ്യത കുറയാൻ കാരണമെന്ന് മത്സ്യതൊഴിലാളി ഐക്യവേദി അറിയിച്ചു. മണ്ണെണ്ണ വിലക്കയറ്റവും മത്തിയുടെ ലഭ്യത കുറവും മത്സ്യബന്ധന തൊഴിലാളികൾക്ക് വൻ തിരിച്ചടിയായി. 2021 ൽ ഏകദേശം 3297 ടൺ മത്തിയാണ് കേരളത്തിൽ ലഭിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ലഭ്യതയിൽ 75 ശതമാനം ഇടവുണ്ടായി. വാർഷിക ശരാശരിയേക്കാൾ 98 ശതമാനമാണ് കുറവ്. 2014ൽ 608 കോടിയായിരുന്ന മത്തിയുടെ വാർഷിക മൂല്യം 2021 ആയപ്പോൾ 30 കോടിയായി ഇടിഞ്ഞു. (കടപ്പാട്:മനോരമ)
2. കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡിന് (കെ-ഫോൺ) അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് അനുവദിച്ച് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ ഉത്തരവിറക്കി. ഇതോടെ കേരളത്തിന്റെ അഭിമാന പദ്ധതിക്ക് പ്രവർത്തനാനുമതി ലഭിച്ചിരിക്കുകയാണ്. പദ്ധതിക്കുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് അധികം വൈകാതെ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്റർനെറ്റ് ഒരു ജനതയുടെ അവകാശമാണ് എന്ന പ്രഖ്യാപനമാണ് എൽഡിഎഫ് സർക്കാരിന്റെ കെ ഫോൺ പദ്ധതി. അതിവേഗ ഇന്റർനെറ്റ് സൗജന്യമായും കുറഞ്ഞനിരക്കിലും ഗുണമേന്മയോടുകൂടിയും പരമാവധി പേർക്ക് ലഭ്യമാക്കുന്ന ഈ പദ്ധതി ടെലികോം മേഖലയിലെ കോർപറേറ്റ് ശക്തികൾക്കെതിരെയുള്ള ഇടതുസർക്കാരിന്റെ ജനകീയ ബദൽകൂടിയാണ്.
ബന്ധപ്പെട്ട വാർത്തകൾ : ഈ ഭക്ഷണം കഴിച്ചാൽ മുഖക്കുരു ഉറപ്പാണ്
3. പരിസ്ഥിതി സംരക്ഷണവും മനുഷ്യസംരക്ഷണവും ഒന്നിച്ചുകൊണ്ടുപോകുന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍. വനമഹോല്‍സവം-2022 സമാപന സമ്മേളനം നിയമസഭാ മന്ദിരത്തിലെ ആര്‍.ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിക്കുവേണ്ടി മനുഷ്യനെയോ മനുഷ്യനുവേണ്ടി പരിസ്ഥിതിയേയോ എതിര്‍ക്കുന്ന നിലപാട് സര്‍ക്കാരിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ ജനസാന്ദ്രതയും അതീവപ്രത്യേകതയുള്ള ഭൂപ്രകൃതിയും മുന്‍നിര്‍ത്തി പരിസ്ഥിതിലോല മേഖല നിര്‍ണയിക്കണം. പരിസ്ഥിതിലോല മേഖല വിഷയം ജനപക്ഷത്ത് നിന്നുകൊണ്ട് ശരിയായി പരിഹരിക്കാനുള്ള സമ്മര്‍ദ്ദമാണ് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തില്‍ ചെലുത്തുന്നത്. ജനവാസമേഖലകളെ ഒഴിവാക്കണം. വിദഗ്ധ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വനം വകുപ്പിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങളുടെ പുസ്തകപ്രകാശനവും ചടങ്ങില്‍ നിര്‍വ്വഹിച്ചു.
4. കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ വികസനത്തിനായി 14.5 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രോഗികൾക്കുള്ള കാൻസർ മരുന്നുകൾക്ക് രണ്ടു കോടി, ആശുപത്രി ഉപകരണങ്ങൾക്ക് അഞ്ച് കോടി, ജില്ലാ കാൻസർ നിയന്ത്രണ പരിപാടിയ്ക്ക് 67 ലക്ഷം, ജനസംഖ്യാധിഷ്ഠിത കാൻസർ രജിസ്ട്രി 40 ലക്ഷം, നവീകരണത്തിന് 87 ലക്ഷം, കാൻസർ അധിഷ്ഠിത പരിശീലന പരിപാടികൾക്ക് ആറ് ലക്ഷം എന്നിങ്ങനെയാണ് തുകയനുവദിച്ചത്. കൊച്ചിൻ കാൻസർ സെന്ററിനെ മറ്റ് കാൻസർ സെന്ററുകളെ പോലെ വിപുലമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 2023 അവസാനത്തോടെ കൊച്ചിൻ കാൻസർ സെന്ററിന്റെ പുതിയ കെട്ടിടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ വലിയ സൗകര്യങ്ങൾ ഒരുക്കാനാകുമെന്നും മന്ത്രി പറഞ്ഞു. സ്റ്റാൻഡ്ബൈ അനസ്തേഷ്യ മെഷീൻ, രണ്ട് പോർട്ടബിൾ അൾട്രാ സൗണ്ട് മെഷിൻ, മൂന്ന് മൾട്ടി പാരാ മോണിറ്ററുകൾ, കോഗുലേഷൻ അനലൈസർ, ഓപ്പറേഷൻ തീയറ്റർ ഉപകരണങ്ങൾ, മൈക്രോസ്‌കോപ്പ്, ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്, സി ആം തുടങ്ങിയ ഉപകരണങ്ങളാണ് പുതുതായി സജ്ജമാക്കുന്നത്.
5. കാര്‍ഷിക ഉല്പന്നങ്ങള്‍ സമയബന്ധിതമായി കയറ്റുമതി ചെയ്ത് അധിക വരുമാനം നേടുന്നതിനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന് കേന്ദ്ര കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് സഹമന്ത്രി ശോഭാ കരന്ദലജെ പറഞ്ഞു. പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന് അനുസൃതമായ നൂതന കാര്‍ഷിക സാങ്കേതിക വിദ്യകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ശിലപ്ശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്ന പി.എം. കിസാന്‍ സമ്മാന്‍നിധി, ആര്‍.കെ.വി.വൈ, പി.എം. ഫസല്‍ ബീമാ യോജന, സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറില്‍ മെക്കനൈസേഷന്‍ തുടങ്ങിയ പദ്ധതികള്‍ കര്‍ഷകരും കര്‍ഷക ഗ്രൂപ്പുകളും കാര്യക്ഷമമായ രീതിയില്‍ പ്രയോജനപ്പെടുത്തണം. ഉല്‍പ്പാദന വര്‍ദ്ധനവിലൂടെയും സുസ്ഥിരമായ വിപണന സംവിധാനങ്ങള്‍ മുഖേനയും ഭക്ഷ്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനൊപ്പം മൂല്യവര്‍ദ്ധനവിലെ നൂതന സാധ്യകള്‍ കര്‍ഷകര്‍ കണ്ടെത്തണം.കേരളത്തില്‍ സുലഭമായി ലഭിക്കുന്ന ചക്കയുടെയും, റമ്പൂട്ടാന്‍പോലയുള്ള ഫലങ്ങളുടെയും കയറ്റുമതിക്കുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ചക്കയുടെ സംസ്ഥാന വിഭവ കേന്ദ്രവും, വിവിധ ലാബുകളും, പ്രദര്‍ശന യൂണിറ്റുകളും മന്ത്രി സന്ദര്‍ശിച്ചു.
6. ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ കൂടി വരുന്ന സാഹചര്യത്തിലും ഡെങ്കിപ്പനിമൂലമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലും ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ജില്ലയിൽ ഇതുവരെ ഏഴ് സ്ഥിരീകരിച്ച ഡെങ്കിപ്പനി മരണങ്ങളും അഞ്ച് സംശയിക്കുന്ന മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മെയ്, ജൂൺ, ജൂലൈ മാസങ്ങളിലായാണ് ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും രക്തസ്രാവം ഉണ്ടാക്കുന്ന ഡെങ്കിപ്പനി (ഡെങ്കി ഹെമറാജിക് പനി)മൂലമാണ്. ഡെങ്കി ഹെമറാജിക് പനി മാരകമാണ്. ഡെങ്കി ഹെമറാജിക് ഫീവർ ചികിൽസിച്ചാൽ പോലും ചിലപ്പോൾ ഭേദമാക്കാൻ സാധിച്ചുവെന്നുവരില്ല.ഈ വർഷം ഉണ്ടായ ഡെങ്കിപ്പനി മരണങ്ങളിൽ കൂടുതലും ഇത്തരത്തിൽ സംഭവിച്ചതാണ്.
ഈ വർഷം ഇതുവരെ 2269 സംശയിക്കുന്ന ഡെങ്കിപ്പനി കേസുകളും 593 സ്ഥിരീകരിച്ച കേസുകളമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ജൂൺ മാസത്തിലാണ്. ജൂലൈ മാസത്തിൽ മാത്രം ഇതുവരെ 243 സംശയിക്കുന്ന കേസുകളും 45 സ്ഥിരീകരിച്ച കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
7. കേരളത്തിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ഭൂജല സെൻസസ് നടപ്പാക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. നാഷണൽ ഹൈഡ്രോളജി പ്രോജക്ട് ഭൂജല വകുപ്പുമായി സഹകരിച്ചു നടപ്പിലാക്കുന്ന വെൽ സെൻസസ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം പദ്ധതി നടപ്പിലാക്കുന്നതെന്നും അഭിമാനകരമായ നിമിഷമാണിതെന്നും മന്ത്രി പറഞ്ഞു. ജീവിതത്തിലെ എല്ലാ മേഖലകളിലും സെൻസസ് വളരെ പ്രധാനപെട്ടതാണ്. ഭൂജല സമ്പത്തിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ വെൽ സെൻസസിലൂടെ കഴിയും. കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ മൊബൈൽ അപ്ലിക്കേഷൻ വഴിയാണ് വിവരങ്ങൾ ശേഖരിക്കുക. ഇതിലൂടെ ജലവിനിയോഗം എങ്ങനെ വേണമെന്ന് നിശ്ചയിക്കാൻ സാധിക്കും. ജലസ്രോതസ്സുകൾ ഒരുപാടുണ്ടെങ്കിലും ഭൂഗർഭജലം താഴുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. അതുകൊണ്ട് വെള്ളം എങ്ങനെ സൂക്ഷിച്ചുപയോഗിക്കണം എന്നതിനെ കുറിച്ച് ബോധവത്കരണം നൽകാനും വെൽ സെൻസസിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
8. സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യു, കമ്മീഷൻ അംഗങ്ങൾ എന്നിവർ പങ്കെടുക്കും. കൊല്ലം ജില്ലയിൽ സർക്കാർ അതിഥി മന്ദിരത്തിൽ 12നും, പത്തനംതിട്ട ജില്ലയിൽ സർക്കാർ അതിഥി മന്ദിരത്തിൽ 13നും, ആലപ്പുഴ ജില്ലയിൽ സർക്കാർ അതിഥി മന്ദിരത്തിൽ 14നും, തിരുവനന്തപുരം ജില്ലയിൽ കമ്മീഷന്റെ ആസ്ഥാനത്ത് 16നുമാണ് സിറ്റിംഗ്. രാവിലെ 9.30ന് സിറ്റിംഗ് ആരംഭിക്കും. അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഹാജരാകാൻ നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നൽകുന്ന വായ്പാ വിവരങ്ങളിൽ എന്തെങ്കിലും തർക്കം ഉണ്ടെങ്കിൽ ആവശ്യപ്പെട്ട രേഖകൾ സഹിതം കൃത്യസമയത്ത് എത്തേണ്ടതാണ്.
9. പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ ഈ മാസം 13,14 തീയതികളില്‍ (ജൂലൈ 13,14) ശുദ്ധമായ പാലുത്പാദനം എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. താല്‍പര്യമുളളവര്‍ 0473 4299869, 9495390436, 9446453247 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ചോ വാട്ട്‌സാപ്പ് സന്ദേശം അയച്ചോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരിശീലനത്തിനു പങ്കെടുക്കുന്നവര്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ആയിരിക്കണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കാണ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക.
10. രാജഹംസം പദ്ധതിയുടെ ഭാഗമായി എറണാകുളം വാരപ്പെട്ടി പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു. ഭിന്നശേഷി ജനവിഭാഗങ്ങള്‍ക്ക് സൈഡ് വീലോടുകൂടിയ മുച്ചക്ര വാഹനം നല്‍കുന്ന സർക്കാർ പദ്ധതിയാണ് രാജഹംസം. ജില്ലാ പഞ്ചായത്തിന്റെയും സാമൂഹ്യ നീതി വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
11. കാർഷിക വിളകളെ ബാധിക്കുന്ന കീടങ്ങളെ തുരത്താൻ പുതിയ ഉൽപന്നങ്ങൾ പുറത്തിറക്കി സുമിറ്റോമോ കെമിക്കൽ ഇന്ത്യ ലിമിറ്റഡ്. പ്രമുഖ ആഗോള വിള സംരക്ഷണ കമ്പനിയായ ജപ്പാനിലെ സുമിറ്റോമോ കെമിക്കൽ കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനമാണിത്. സുമി ബ്ലൂ ഡയമണ്ട്, പൈക്ലോം, ഡാനിറ്റോൾ NXT എന്നീ ഉൽപന്നങ്ങളാണ് ഇവർ പുറത്തിറക്കിയത്. ഉൽപന്നങ്ങൾ പരുത്തി, വഴുതന തുടങ്ങിയ പാടശേഖരങ്ങളിലെ കീടങ്ങളെ പ്രതിരോധിക്കുമെന്ന് SCILന്റെ Chief Commercial Officer ഡോ. സുരേഷ് രാമചന്ദ്രൻ അറിയിച്ചു.
12. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂന മർദ്ദ പാത്തി നിലനിൽക്കുന്നു. തെക്കൻ ഒഡിഷ - വടക്കൻ ആന്ധ്രാ പ്രദേശ് തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിന് മുകളിൽ ചക്രവാതചുഴി ( Cyclonic Circulation) നിലനിൽക്കുന്നു.ഇതിന്റെ ഫലമായി അറബിക്കടലിൽ പടിഞ്ഞാറൻ /തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കോട്ടയം, ഇടുക്കി, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ചാറ്റൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.