ചെറുകിട മത്സ്യത്തൊഴിലാളികള്‍ക്ക് കനത്ത തിരിച്ചടിയായി കേരളത്തിൽ മത്തിയുടെ ലഭ്യതയിൽ വൻ കുറവ്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്‌ആര്‍ഐ) ഗവേഷകരുടെ പഠനത്തിനാലാണ് കേരളത്തിലെ പ്രധാനപ്പെട്ട മേഖലകളിലൊന്നിലുണ്ടായിട്ടുള്ള ഈ തിരിച്ചടി കണ്ടെത്തിയിട്ടുള്ളത്. മത്തിയുടെ കുറവ് കാരണം 2014 മുതല്‍ ചെറുകിട വള്ളങ്ങള്‍ ഉപയോഗിച്ചുള്ള മീന്‍പിടുത്തം പകുതിയിലേറെ കുറഞ്ഞതായും പഠനത്തില്‍ പറയുന്നു. ഇതുവഴി ചെറുകിട മത്സ്യത്തൊഴിലാളികളുടെ വരുമാനം 2014 മുതല്‍ കുത്തനെ ഇടിഞ്ഞു. 2014 ന് മുമ്പ് അവര്‍ക്ക് ലഭിച്ചിരുന്ന വരുമാനത്തിന്റെ അഞ്ചിലൊന്നായി വരുമാനം കുറഞ്ഞുവെന്നാണ് കണ്ടെത്തല്‍. ചെറിയ വള്ളങ്ങളില്‍ നിന്നുള്ള ശരാശരി വരുമാനം 12,000 രൂപയായിരുന്നത് 2014 ന് ശേഷം ശരാശരി 2500 രൂപയായി കുറഞ്ഞു.
2010 മുതല്‍ 2018 വരെയുള്ള മത്സ്യലഭ്യതയും വരുമാനവുമാണ് പഠനവിധേയമാക്കിയത്. ഇക്കാലയളവില്‍ മത്തിയുടെ ലഭ്യത 2.5 ലക്ഷം ടണ്ണില്‍ നിന്നും 77,000 ടണ്ണായാണ് കുറഞ്ഞത്. ശരാശരി 19.82 ശതമാനം വാര്‍ഷിക കുറവാണ് മത്തിയിലുണ്ടായത്. 2018ല്‍ കേരളത്തില്‍ 77,093 ടണ്‍ മത്തിയാണ് ലഭ്യമായത്.മത്തിക്ക് ക്ഷാമം നേരിട്ടപ്പോള്‍, ചില്ലറ വ്യാപാരത്തില്‍ മത്തിയുടെ വില ശരാശരി 47 രൂപയില്‍ നിന്നും 120 രൂപയായി ഉയര്‍ന്നു. എന്നിട്ടും, മത്തിയുടെ മൂല്യം 1219 രൂപ കോടി രൂപയില്‍ നിന്നും 925 കോടി രൂപയായി ഇടിഞ്ഞതായും പഠനത്തില്‍ വ്യക്തമാക്കുന്നു.
2012 ല്‍ 3.9 ലക്ഷം ടണ്‍ മത്തി കേരള തീരങ്ങളില്‍ നിന്ന് ലഭിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ മത്തിയുടെ ലഭ്യതയില്‍ ഗണ്യമായ കുറവുണ്ടായി. 2017ല്‍ നേരിയ വര്‍ധനവുണ്ടായെങ്കിലും വീണ്ടും മത്തി കുറയുകയാണുണ്ടായത്. 2018ല്‍ 77,093 ടണ്‍ മത്തിയാണ് കേരളത്തില്‍ ലഭ്യമായത്.മുന്‍വര്‍ഷത്തേക്കള്‍ 54 ശതമാനം മത്തിയാണ് ഇന്ത്യയിലൊട്ടാകെ കുറഞ്ഞത്.സിഎംഎഫ്‌ആര്‍ഐയില്‍ നടന്ന രാജ്യാന്തര മറൈന്‍ സിമ്ബോസിയത്തിലാണ് പഠന റിപ്പോര്‍ട്ടിലാണ് ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന പഠനം അവതരിപ്പിച്ചത് .
മധ്യ- ശാന്ത സമുദ്രത്തില്‍ ചൂട് കൂടിയതുമൂലം അറബിക്കടലില്‍ ഉണ്ടായ പ്രത്യാഘാതമാണ് കേരളത്തില്‍ മത്തിയുടെ ലഭ്യത കഴിഞ്ഞ വര്‍ഷം( 2019) സാരമായി ബാധിച്ചത്. കടലിലെ ഈ എല്‍നിനോ പ്രതിഭാസം മത്തിയെ മാത്രമാണ് ബാധിച്ചുകാണുന്നതെന്നും സിഎംഎഫ്‌ആര്‍ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായ ഡോ.ഇ.എം അബ്ദുള്‍ സമദ് ചൂണ്ടിക്കാട്ടിയിരുന്നു.അറബിക്കടലില്‍ വന്‍തോതില്‍ മത്തിയുടെ മുട്ടകള്‍ കുറഞ്ഞതായി കഴിഞ്ഞ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ കൊച്ചിയിലെ സിഎംഎഫ്‌ആര്‍ഐയുടെ ഗവേഷക വിഭാഗം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. മുട്ടയിടാനുളള ലക്ഷണം പോലും മത്തികളില്‍ കണ്ടില്ലെന്നും പഠനം നടത്തിയവര്‍ പറഞ്ഞു. കടലിലെ കാലാവസ്ഥയില്‍ മാറ്റമുണ്ടായാല്‍ മത്തിയുടെ തിരിച്ചുവരവുണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.