കോഴിക്കോട്: സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് ശക്തി പകർന്ന് നരിക്കുനിയിൽ വനിത-പിങ്ക് ഫിറ്റ്നസ് സെന്ററുമായി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് വാർഷിക പദ്ധതി 2021- 22 വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച 'യെസ് അയാം' പദ്ധതിയുടെ ഭാഗമായാണ് ഫിറ്റ്നസ് സെന്റർ ആരംഭിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ഇവ ശീലമാക്കിയാൽ ബിപി, പ്രമേഹം, കൊളസ്‌ട്രോള്‍, ക്യാൻസർ തുടങ്ങി ജീവിതശൈലികൊണ്ടുള്ള എല്ലാ രോഗങ്ങളും തടയാം
വനിതകൾക്ക് അവരുടെ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും മികച്ച ആരോഗ്യം നിലനിർത്തുന്നതിനും പദ്ധതി സഹായകരമാകും. മിതമായ നിരക്ക് മാത്രമാണ് ഫിറ്റ്നസ് സെന്ററിൽ ഈടാക്കുക. നരിക്കുനി ബ്ലോക്ക് സാക്ഷരതാഭവൻ കേന്ദ്രീകരിച്ചാണ് ഫിറ്റ്നസ് സെന്റർ പ്രവർത്തിക്കുക. നരിക്കുനി കുടുംബശ്രീ സി.ഡി.എസ്സിനാണ് കേന്ദ്രത്തിന്റെ പ്രവർത്തന ചുമതല.
സംസ്ഥാന സർക്കാരിന്റെ ആയിരത്തിൽ അഞ്ച് പേർക്ക് തൊഴിൽ നൽകുക എന്ന നയത്തിന്റെ കൂടി ഭാഗമായിട്ടാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. കുടുംബശ്രീയിലെ അഞ്ചുപേർക്ക് പദ്ധതി വഴി തൊഴിലും വരുമാനവും ഉറപ്പുവരുത്താൻ സാധിക്കും. സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിൽ ബ്ലോക്ക് പഞ്ചായത്തിന്റെ വികസന നയത്തിന്റെ ഭാഗമായുള്ള പദ്ധതി മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും മാതൃകയാണ്.
ജില്ലയിൽ ആദ്യമായി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിലാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി സുനിൽകുമാർ പറഞ്ഞു. വരും വർഷങ്ങളിൽ ബ്ലോക്ക് പഞ്ചായത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കക്കോടിയിലെ ഫിറ്റ്നസ് സെന്ററും ഉദ്ഘാടനത്തിന് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
നവംബർ 17ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം ചെയ്യും.