രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചു. 2021 ഡിസംബർ 1 മുതൽ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഇഎംഐ ഇടപാടുകൾക്ക് പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതായി എസ്ബിഐ അറിയിച്ചു.
100 രൂപയാണ് പ്രോസസിങ് ഫീസ് ഈടാക്കുക. എസ്ബിഐ കാര്‍ഡുകളുടെ നിരക്ക് വർധിപ്പിക്കുന്നതായി ഉപഭോക്താക്കൾക്ക് അയച്ച ഇ-മെയിലിലൂടെയാണ് കമ്പനി സൂചിപ്പിച്ചത്.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ, ആപ്പ് എന്നിവ വഴി നടത്തുന്ന ഇഎംഐ ഇടപാടുകൾക്കും ഫീസിലെ വർധനവ് ബാധകമാണ്. ഇതിന് പുറമെ ഇഎംഐയിലൂടെ സാധനങ്ങൾ വാങ്ങിയിട്ടുള്ള ഇഎംഐ തിരിച്ചടവിനും ഈ പ്രത്യേക നിരക്ക് ബാധകമാണ്.
ഇതു പ്രകാരം ഇഎംഐ ഇടപാടുകൾക്കായി എസ്ബിഐ ഉപഭോക്താക്കൾ 99 രൂപ പ്രോസസ്സിങ് ഫീസും ഒപ്പം ബാധകമായ നികുതികളും നൽകേണ്ടതായി വരുന്നു. ഈ പുതിയ നിയമം ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കൾക്ക് വലിയ ആഘാതമാണ്.
എന്നിരുന്നാലും, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന മറ്റ് ഇഎംഐ തിരിച്ചടവുകളുടെ നിരക്കുകൾ സംബന്ധിച്ച് കമ്പനി വ്യക്തത നൽകിയിട്ടില്ല.
പുതിയ നിരക്ക് ഡിസംബർ ഒന്ന് മുതൽ
ഡിസംബർ ഒന്നിന് മുൻപ് വരെയുള്ള ഇഎംഎ ഇടപാടുകൾ പുതിയ നിരക്കിൽ നിന്ന് ഒഴിവാക്കപ്പെടും. റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഷോപ്പിങ് നടത്തുമ്പോൾ ചാർജ് സ്ലിപ്പുകൾ മുഖേന ഇഎംഎ ഇടപാടുകളുടെ പ്രോസസിങ് ഫീസിനെ കുറിച്ച് കാർഡ് ഉടമകളെ അറിയിക്കും. ഓൺലൈൻ ഇഎംഎ ഇടപാടുകൾക്കാവട്ടെ, പേയ്‌മെന്റ് പേജിലൂടെ ആയിരിക്കും ഇത് അറിയിക്കുന്നത്.
അതേ സമയം, ഇഎംഎ ഇടപാട് നടന്നില്ലെങ്കിൽ പ്രോസസിങ് ഫീസ് തിരിച്ചു ലഭിക്കുമെന്നും കമ്പനി അറിയിച്ചു.
എങ്ങനെയാണ് പ്രോസസിങ് ഫീസ് ഈടാക്കുന്നത്?
ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഏതെങ്കിലും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിൽ നിന്ന് ഇഎംഎ സ്കീം ഉപയോഗിച്ച് ഒരു ഫോൺ വാങ്ങുകയാണെന്ന് വിചാരിക്കുക. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഈ ഇടപാടിനായി കമ്പനി നിങ്ങളിൽ നിന്ന് 99 രൂപ അധികമായി ഈടാക്കും.
ഇതിനുപരി അധിക നികുതിയും ഈടാക്കും. ഈ അധിക തുകയും ആ ഉൽപ്പന്നത്തിന്റെ ഇഎംഎ തുകയും നിങ്ങളുടെ ക്രെഡിറ്റ് കാർഡിന്റെ പ്രതിമാസ സ്റ്റേറ്റ്‌മെന്റിൽ രേഖപ്പെടുത്തുന്നതാണ്.
'ബൈ നൗ, പേ ലേറ്റർ' എന്ന സംവിധാനം ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡിലൂടെയുള്ള പര്‍ച്ചേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനവുമായി എസ്ബിഐ കാര്‍ഡ് എത്തുന്നത്.
മുഴുവൻ സമയവും ഒരുമിച്ച് നൽകാതെ, ഇൻസ്റ്റാൾമെന്റ് അടിസ്ഥാനത്തിൽ പിന്നീട് പണം നൽകാൻ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. എന്നാൽ ഇത്തരം പര്‍ച്ചേസുകൾക്ക് താരതമ്യേന പ്രോസസിങ് ഫീസും കൂടുതലാണ്.
ക്രെഡിറ്റ് കാർഡ് കമ്പനികൾ ഈടാക്കുന്ന പലിശ നിരക്കിന് പുറമെയാണ് പ്രോസസ്സിങ് ഫീസ് ഈടാക്കുന്നത്. പലിശ രഹിത ഇഎംഐ ഇടപാടുകൾക്കും ഇത് ബാധകമാണ്. മറ്റ് ഇടപാടുകൾ ഇഎംഐലേക്ക് മാറ്റുന്നതിനും ഈ അധിക നിരക്ക് അടക്കേണ്ടി വരും.