അത്യാവശ്യമായി എടിഎമ്മിൽ നിന്ന് പണം എടുക്കേണ്ട ആവശ്യമുണ്ട്. എന്നാൽ, ഡെബിറ്റ് കാർഡ് എടുക്കാൻ മറന്നുപോയി... മിക്കപ്പോഴും നമ്മൾ എത്തിപ്പെടുന്ന പ്രതിസന്ധിയാണിത്. എന്നാൽ, ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ നിങ്ങൾ ഒരു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപഭോക്താവാണെങ്കിൽ ഇനി അഭിമുഖീകരിക്കേണ്ടി വരില്ല.
ഡെബിറ്റ് കാർഡ് ഉപയോഗിക്കാതെ തന്നെ എടിഎമ്മിൽ നിന്ന് പണം എടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ ബാങ്കിങ് രീതിയാണ് എസ്ബിഐ അവതരിപ്പിക്കുന്നത്.
എസ്ബിഐയുടെ ഏത് എടിഎമ്മിൽ നിന്ന് വേണമെങ്കിലും 'എസ്ബിഐ യോനോ' എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് പണം പിൻവലിക്കാനുള്ള സൗകര്യമാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. ആൻഡ്രോയിഡ് ഫോണുകളിലും ആപ്പിൾ ഫോണുകളിലും ഇവ ലഭ്യമാണ്.
POS ടെർമിനലുകളിലും കസ്റ്റമർ സർവീസ് പോയിന്റുകളിലും(CSP) ഈ ആപ്പ് സുഗമമായി പ്രവർത്തിക്കും. എസ്ബിഐ യോനോ ആപ്പിലൂടെ ഉപഭോക്താക്കൾക്ക് പിൻവലിക്കാനാവുന്ന കുറഞ്ഞ പണം 500 രൂപയും പരമാവധി തുക 10,000 രൂപയുമാണ്.
യോനോ ആപ്പ് ഉപയോഗിക്കുന്നത് എങ്ങനെയെന്ന് കൂടി പരിചയപ്പെടാം…
ഘട്ടം 1: ആദ്യം നിങ്ങളുടെ ഫോണിലെ യോനോ ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യുക.
ഘട്ടം 2: വെബ്‌സൈറ്റിലെ ‘യോനോ ക്യാഷ്’ എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: യോനോ ക്യാഷിന് കീഴിലുള്ള എടിഎം വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: പിൻവലിക്കേണ്ട തുക എത്രയെന്ന് ടൈപ്പ് ചെയ്ത ശേഷം എന്റർ അമർത്തുക.
ഘട്ടം 5: ആറ് അക്കമുള്ള പിൻ നമ്പർ രൂപീകരിക്കുക.
ഘട്ടം 6: പിൻ നമ്പർ സൃഷ്ടിച്ചു കഴിഞ്ഞാൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ യോനോ ക്യാഷ് ട്രാൻസാക്ഷൻ നമ്പർ ലഭിക്കും. ഈ നമ്പറിന് 6 മണിക്കൂർ മാത്രമാണ് സാധുത.
ഘട്ടം 7: ട്രാൻസാക്ഷൻ നമ്പർ ലഭിച്ചു കഴിഞ്ഞ ശേഷം എടിഎമ്മിലെ യോനോ ക്യാഷ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
ഘട്ടം 8: നിങ്ങൾ സൃഷ്ടിച്ച 6 അക്ക പിൻ നമ്പറും യോനോ ക്യാഷ് ട്രാൻസാക്ഷൻ നമ്പറും നൽകുക.
ഘട്ടം 9: ഇത് പൂർത്തിയാകുന്നതോടെ നിങ്ങൾക്ക് എടിഎമ്മിൽ നിന്ന് പണം എടുക്കാം.
ഡെബിറ്റ് കാർഡില്ലാതെ പണം പിൻവലിക്കാൻ സാധിക്കും എന്നത് മാത്രമല്ല, ഈ മൊബൈൽ ആപ്ലിക്കേഷനിലൂടെ ഓൺലൈൻ ഷോപ്പിങ്ങിനും സംവിധാനമുണ്ട്.
എസ്ബിഐ യോനോ പോലെ തന്നെ ഡിജിറ്റല്‍ പണ ഇടപാടുകള്‍ക്ക് ബാങ്ക് ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു അപ്ലിക്കേഷനാണ് എസ്ബിഐ യോനോ ലൈറ്റ്.
ഇതിലെ സിം ബൈന്‍ഡിങ് എന്ന സംവിധാനത്തിലൂടെ ഒരു ഡിവൈസില്‍ നിന്ന് ബാങ്കുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ ഉള്ള ഒരാളെ മാത്രമേ ബാങ്ക് അനുവദിക്കുകയുള്ളു. ഓൺലൈൻ പണം തട്ടിപ്പുകൾക്ക് എതിരെ എസ്ബിഐ കൊണ്ടുവന്ന ഒരു സാങ്കേതിക വിദ്യ കൂടിയാണിത്.