സമഗ്ര കാര്‍ഷിക വികസനം ലക്ഷ്യമിട്ട് കളമശ്ശേരി മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന 'കൃഷിക്ക് ഒപ്പം കളമശ്ശേരി' പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
പദ്ധതിയുടെ ഭാഗമായി ഏലൂര്‍ മുനിസിപ്പാലിറ്റിയുടെ കീഴില്‍ വരുന്ന കുടുംബങ്ങളെ ചേര്‍ത്ത് കുടുംബകൃഷി പ്രോത്സാഹിപ്പിക്കും. ഒന്നര സെന്റ് സ്ഥലമോ 60 ചതുരശ്ര മീറ്റര്‍ ടെറസോ ഉള്ളവര്‍ക്ക് വിവിധയിനം പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്നതിനാണ് കുടുംബ കൃഷിയിലൂടെ ലക്ഷ്യമിടുന്നത്. നാട്ടില്‍ വിഷരഹിത പച്ചക്കറികള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് അടുക്കളത്തോട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്.
പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് പ്രതിനിധികള്‍, സഹകരണ ബാങ്ക് പ്രതിനിധികള്‍, കൃഷി ഓഫീസര്‍മാര്‍ എന്നിവരെ മുഖ്യഭാരവാഹികളാക്കി ക്ലസ്റ്റര്‍ രൂപീകരണം പുരോഗമിക്കുകയാണ്. പഞ്ചായത്ത്/ മുനിസിപ്പാലിറ്റി തല മോണിറ്ററിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാതൃക തോട്ടങ്ങള്‍ കണ്ടെത്തിയാണ് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുക.
ഓരോ പഞ്ചായത്തിലും ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങളുടെ കൃത്യമായ വിവരങ്ങള്‍ അനുസരിച്ചുള്ള വിപണന ശൃംഖല സാധ്യമാക്കുകയും സ്ഥിരമായ വരുമാനം ലഭ്യമാക്കുകയുമാണ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ കര്‍ഷകര്‍ക്ക് കാര്‍ഷിക അറിവുകളുടെ നേര്‍ക്കാഴ്ചയായി ഡെമോണ്‍സ്‌ട്രേഷന്‍ പ്ലോട്ടുകളും ഓരോ ക്ലസ്റ്ററിലും ഉണ്ടാകും.
ആലങ്ങാട്, കടുങ്ങല്ലൂര്‍, ഏലൂര്‍, കരുമാലൂര്‍, കളമശ്ശേരി എന്നിവിടങ്ങളില്‍ ക്ലസ്റ്റര്‍ രൂപീകരണം പൂര്‍ത്തിയായി. ഒക്ടോബര്‍ 20ന് കുന്നുകര പഞ്ചായത്തില്‍ യോഗം ചേര്‍ന്ന് കമ്മിറ്റി രൂപീകരിക്കും.