കൊച്ചി: വിത്തുകൾ വിൽക്കാനുള്ളതല്ല, തലമുറകൾക്ക് കൈമാറാനുള്ള നന്മയാണെന്ന് പദ്മശ്രീ പുരസ്കാര ജേതാവും ആദിവാസി കർഷകനുമായ ശ്രീ ചെറുവയൽ രാമൻ. 16ാമത് കാർഷിക ശാസ്ത്ര കോൺഗ്രസിൽ നടന്ന കർഷക സംഗമത്തിൽ അനുഭവം പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയുടെ വരദാനമാണ് വിത്തുകൾ. പമ്പരമ്പരാഗതയിനങ്ങൾ ഉൾപ്പെടെയുള്ള നെൽവിത്തുകൾ സംരക്ഷിച്ചുവരുന്നുണ്ട്. ആവശ്യക്കാർക്ക് സൗജന്യമായാണ് ഇവ നൽകുന്നത്. എന്നാൽ പ്രകൃതിക്കിണങ്ങുന്ന കൃഷിരീതികളും ജൈവവൈവിധ്യങ്ങളും സംരക്ഷിക്കാൻ പുതുതലമുറക്ക് താൽപര്യമുണ്ടാകുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശ്രീ ചെറുവയൽ രാമനെ കൂടാതെ, പദ്മ പുരസ്കാരജേതാക്കളായ ഉത്തർപ്രദേശിൽ നിന്നുള്ള ശ്രീ സേത്പാൽ സിംഗ്, ശ്രീ ചന്ദ്രശേഖർ സിംഗ്, ഒഡീഷയിൽ നിന്നുള്ള കുമാരി സബർമതി, ശ്രീ ബട്ട കൃഷ്ണ സാഹു എന്നിവർ അനുഭവങ്ങളും നിർദേശങ്ങളും പങ്കുവെച്ചു. പദ്മജേതാക്കളായ കർഷകരെ സമ്മേളനം ആദരിച്ചു.
കാർഷികമേഖലയിൽ സ്ത്രീസൗഹദമായ യന്ത്രങ്ങളും ഉപകരണങ്ങളും വികസിപ്പിക്കണമെന്ന് കുമാരി സബർമതി ആവശ്യപ്പെട്ടു. വിളകൾക്ക് പോഷകമൂല്യം കൂട്ടുന്നതിനുള്ള ശ്രമങ്ങൾ വേണം. കർഷകരെയും പരിസ്ഥിതിയെയും പരിഗണിച്ചുള്ള ഗവേഷണപഠനങ്ങൾക്ക് കാർഷിക ശാസ്ത്രജഞർ മുൻകയ്യെടുക്കണം. ഗവേഷണങ്ങൾക്ക് മാനുഷിക മുഖം കൂടി വേണം. കർഷകരുടെ നഷ്ടങ്ങളും പ്രതിസന്ധികളും പരിഹരിക്കേണ്ടത് ഉത്തരവാദിത്തമായി കരുതണമെന്നും അവർ ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടു.
കർഷക സംഗമത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം കർഷകർ ശാസ്ത്രജ്ഞരുമായി സംവദിച്ചു. മതിയായ വിലലഭിക്കുന്ന വിധത്തിൽ ഓരോ ഉൽപന്നങ്ങൾക്കും വിപണി ഉറപ്പുവരുത്തണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ചെറുകിട-ഇടത്തരം കർഷകരുടെ പ്രശ്നങ്ങൾകൂടി പരിഗണിച്ചുള്ള കാർഷികവികസന നയമാണ് വേണ്ടത്. വായ്പകൾ കർഷകർക്ക് കടമ്പകൾ അധികമില്ലാതെ ലഭ്യമാക്കാൻ സൗകര്യമൊരുക്കണം. കർഷകർക്ക് സമൂഹത്തിൽ അന്തസ് കൽപിച്ചുനൽകണം. നെല്ലിനങ്ങളുടെ പ്രാദേശിക വകഭേദങ്ങൾ വികസിപ്പിക്കണം. കൃഷിക്കാവശ്യമായ ചെറുകിടയന്ത്രങ്ങൾ കർഷകർക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കണം. കർഷക ഉൽപാദന സംഘങ്ങൾക്ക് പലിശരഹിത വായപ് നൽകണം. കർഷകരുടെ ഉൽപന്നങ്ങൾ പൊതുവിതരണ സംവിധാനത്തിലൂടെ ജനങ്ങളിലെത്തിക്കണം. വിലയിടിവും രോഗബാധയും കാരണം നാളികേരകർഷകർ പ്രതസന്ധിയിലാണെന്നും അവർ പറഞ്ഞു.
കേരളത്തിനു പുറമെ, ഉത്തർപ്രദേശ്, ഗുജറാത്ത്, ചത്തീസ്ഗഢ്, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, മേഘാലയ, മിസോറാം, നാഗാലാന്റ്, ഗോവ, കർണാടക, തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ സംഗമത്തിൽ പങ്കെടുത്തു. റാണി ലക്ഷ്മിഭായി കേന്ദ്രകാർഷിക സർവകലാശാല വൈസ് ചാൻലസലർ ഡോ എ കെ സിങ്, തമിഴ്നാട് കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ വി ഗീതലക്ഷ്മി എന്നിവർ സംവാദം നിയന്ത്രിച്ചു.
നാഷണൽ അക്കാദമിക ഓഫ് അഗ്രികൾച്ചറൽ സയൻസസ് (നാസ്) സംഘടിപ്പിക്കുന്ന കോൺഗ്രസ് സിഎംഎഫ്ആർഐയാണ് ആതിഥ്യം വഹിക്കുന്നത്. സമ്മേളനം ഒക്ടോബര് 12ന് സമാപിക്കും.