കോഴിക്കോട്: 2025ഓടെ പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പ്രവർത്തനവുമായി സർക്കാർ മുന്നോട്ടു പോകുകയാണെന്ന് മൃഗ സംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. രാജ്യത്ത് പാലുത്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള കേരളത്തെ ഒന്നാമാതാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. പേരാമ്പ്ര നിയോജകമണ്ഡലം നവകേരള സദസ്സിൽ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ ദൗത്യം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി സബ്‌സിഡി ഇനത്തിൽ കൂടുതൽ പശുക്കളെ സംസ്ഥാനത്തേക്ക് എത്തിക്കും. ക്ഷീര കർഷകർക്ക് അത്യാവശ്യ സബ്‌സിഡികൾ, പലിശ രഹിത വായ്പകൾ, മറ്റു സഹായങ്ങൾ എന്നിവ നൽകും. നിലവിൽ സംസ്ഥാനത്ത് 29 ബ്ലോക്കുകളിൽ ഡോക്ടമാരുടെ സേവനം ഉൾപ്പെടെയുള്ള ആംബുലൻസ് വാഹനങ്ങൾ വിതരണം ചെയ്തു കഴിഞ്ഞു. ഇതുവഴി ക്ഷീര കർഷകന് ഏതൊരു സമയത്തും സേവനം ലഭ്യമാവുമെന്ന് മന്ത്രി പറഞ്ഞു.
സ്ത്രീ ശക്തീകരണ രംഗത്ത് മികച്ച നേട്ടമാണ് കേരളം കൈവരിച്ചിട്ടുള്ളത്. സ്ത്രീ സുരക്ഷയിൽ മാതൃക സംസ്ഥാനമായി കേരളം മാറി. അതിക്രമങ്ങൾ നടന്നാൽ മിനിറ്റുകൾക്കകം പ്രതിയെ പിടിക്കാനും ജയിൽ ശിക്ഷ ഉറപ്പുവരുത്താനുമുള്ള സംവിധാനം ഇന്ന് കേരളത്തിലുണ്ട്. വനിതാ കമ്മീഷൻ പ്രവർത്തനവും ശാക്തീകരിക്കപ്പെട്ടതായും മന്ത്രി പറഞ്ഞു.
എഴ് വർഷമായി സർക്കാർ വികസന ക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ്. മൂന്ന് ലക്ഷത്തോളം പട്ടയങ്ങൾ ഈ രണ്ടു ഭരണ കാലയളവിലായി സർക്കാർ നൽകി. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിൽ സമഗ്ര പുരോഗതി സാധ്യമായി. സ്‌കൂൾ കെട്ടിടങ്ങൾ നവീകരിക്കുകയും ആധുനിക സൗകര്യത്തോടുകൂടിയുള്ള ക്ലാസ്സ് മുറികളും ഒരുക്കി വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം സാധ്യമാക്കിയതായി മന്ത്രി പറഞ്ഞു.
ലോകത്ത് ആദ്യമായാണ് ഒരു മന്ത്രിസഭ തന്നെ വികസന ക്ഷേമ പ്രവർത്തനങ്ങൾ സാധാരണക്കാർക്ക് മുന്നിൽ പങ്കുവെക്കാനും അവരോട് സംവദിക്കാനുമായി എത്തിയിട്ടുള്ളത്. എല്ലായിടത്തും കാണുന്ന ജനബാഹുല്യം ജനങ്ങൾ നവകേരള സദസ്സ് ഏറ്റെടുത്തു എന്നതിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു.