ഇത് മണ്ണഞ്ചേരി മാടത്തുങ്കര മോഹന മന്ദിരത്തിൽ എം ശ്യാം മോഹൻ ' - നാട്ടുകാരുടെ ശ്യാംകുട്ടൻ. ജോലി ആലപ്പുഴ പി എസ് സി ഓഫീസിൽ സീനിയർ അസിസ്റ്റന്റ്.സർക്കാർ ജോലി ലഭിച്ചപ്പോൾ കൂട്ടുകാരും നാട്ടുകാരും ചോദിച്ചു - ഇനി കൃഷിയുടെ ആവശ്യമില്ലല്ലോ?
പത്തു വർഷത്തിലേറെയായി തുടരുന്ന കാർഷിക മേഖലയിലെ അധ്വാനം ജോലിയുടെ പേരിൽ നിർത്താൻ മനസില്ലെന്ന് 32കാരനായ ശ്യാംകുട്ടൻ കൃഷിയിടത്തിലെ സമൃദ്ധമായ വിളകളിലൂടെ തെളിയിക്കുകയാണ്. നെല്ലും പച്ചക്കറികളും പശുവളർത്തലുമൊക്കെയായി സർക്കാർ ഉദ്യോഗസ്ഥർ ക്കടക്കം മാതൃക തീർക്കുകയാണ് ഈ യുവാവ്.
പത്ത് വർഷം മുമ്പ് വീട്ടിൽ പച്ചക്കറി കൃഷിക്ക് വിത്ത് പാകിയാണ് തുടക്കം.. വെച്ചൂരിലെ പാരമ്പര്യനെൽകർഷകനായ അമ്മാവൻ മനോഹരനിൽ നിന്നും നെൽകൃഷിയുടെ ബാലപാഠങ്ങൾ മനസിലാക്കിയപ്പോൾ അതിൽ കമ്പമായി. അമ്മാവന്റെ കൂടെ പാടത്ത് പോകുകയും കൃഷി പണികൾ പഠിക്കുകയും ചെയ്തു. ഇന്നും നെൽകൃഷി പണികൾ ചെയ്യാൻ വെച്ചൂരിൽ പോകുന്ന ശ്യാം മോഹൻ മുതിർന്ന കർഷകരുടെ അനുഭവങ്ങളിൽ നിന്നും ഒട്ടേറെ കാര്യങ്ങൾ പഠിക്കുന്നു.
ഇപ്പോൾ വെച്ചൂർ, മണ്ണഞ്ചേരി മാങ്കരി, തെക്കേകരി, പൊന്നാട് പെരുന്തുരുത്ത് കരി എന്നിവിടങ്ങളിലായി ശ്യാം മോഹൻ 15 ഏക്കറിലേറെ നെൽകൃഷി ചെയ്യുന്നു. കൂടുതലും പാട്ടത്തിനെടുത്തതാണ്. നിലം ഒരുക്കാനും വിത്ത് വിതയ്ക്കാനും കളപറിക്കാനും വളമിടാനും കൊയ്യാനും ഈ യുവാവിനെ ആരും പഠിപ്പിക്കേണ്ടതില്ല.
മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ നിമ്മി, സുരേന്ദ്രൻ എന്നിവരിൽ നിന്നും ശാസ്ത്രീയ അറിവുകൾ കൂടി നേടിയാണ് ഇപ്പോൾ നെൽകൃഷിയിൽ മുന്നേറ്റം നടത്തുന്നത്.
വിവിധയിടങ്ങളിലായി മൂന്നേക്കറിലാണ് പച്ചക്കറിയും വാഴയും കൃഷി ചെയ്യുന്നത്. മുളക്, വെണ്ട, ചീര, പയർ, വഴുതന തുടങ്ങി എല്ലാ ഇനങ്ങളും പല സമയങ്ങളിലായി വിളവെടുക്കുന്നു. വീട്ടിൽ നാടൻ പശു, ഗിർ ,വെച്ചൂർ പശു എന്നിവയേയും വളർത്തുന്നു. ജൈവവളമുപയോഗിച്ചുള്ള കൃഷി ആയതിനാൽ ആവശ്യക്കാരേറെയാണ്.അച്ഛൻ മോഹനനും അമ്മ ശോഭനയും കൃഷിയിൽ സഹായിക്കുന്നു.
ശ്യാംമോഹന്റെ കൃഷിയിലെ മികവിന് രണ്ടു തവണ അംഗീകാരം തേടിയെത്തി. പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുത്ത് ആദരിച്ചു.കഞ്ഞിക്കുഴിയിൽ നടന്ന കർഷക സംഗമത്തിൽ മന്ത്രിമാരായ ടി എം തോമസ് ഐസക്, പി തിലോത്തമൻ എന്നിവരിൽ നിന്നും ആദരവ് ഏറ്റുവാങ്ങാനും ഈ യുവകർഷകനായി.
പുന്നപ്ര കാർമൽ പോളിടെക്നിക്കിൽ നിന്നും ഇലക്ട്രോണിക്സിൽ ഡിപ്ലോമ നേടിയ ശ്യാം മോഹൻ ചങ്ങനാശേരി എസ് ബി കോളേജിൽ നിന്നും രസതന്ത്ര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.ഫോൺ :9074685789
കടപ്പാട് : കെ എസ് ലാലിച്ചൻ