തൃശൂർ : കൊറോണ കാലത്ത് ഓഫീസ് സേവനങ്ങൾ പൊതു ജനങ്ങൾക്ക് ഉറപ്പാക്കുന്നതിന്റെ ഭാഗമായി സേവനം വാതിൽപ്പടിയിൽ പദ്ധതിക്ക് ചാലക്കുടിയിൽ തുടക്കം. കൊരട്ടി സെക്ഷൻ പരിധിയിലാണ് സേവനങ്ങൾ ഓൺലൈനിലൂടെ ഉറപ്പാക്കുന്ന പദ്ധതി ആരംഭിച്ചത്.
പൊതുജനങ്ങൾക്ക് ലഭിക്കേണ്ട പുതിയ കണക്ഷൻ, താരിഫ് മാറ്റം, കണക്റ്റഡ് ലോഡ് മാറ്റം, ഉടമസ്ഥാവകാശ മാറ്റം, മീറ്റർ ബോർഡ് മാറ്റം എന്നീ വിവിധതരം സേവനങ്ങൾക്ക് 9383444049 എന്ന നമ്പറിൽ ബന്ധപ്പെടാം. വാട്സ്ആപ്പ് സന്ദേശം അയച്ചാലും ബന്ധപ്പെട്ട അധികൃതർ മറുപടി നൽകും.
വിവരങ്ങൾ രജിസ്റ്റർ ചെയ്ത് രേഖപ്പെടുത്തി വേണ്ട നടപടികൾ സ്വീകരിക്കും. ഓഫീസ് ദിവസങ്ങളിൽ രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ പൊതുജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾക്കായി വിളിക്കാം.
വാട്സാപ്പ് സന്ദേശം ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും അയക്കാവുന്നതാണ്. ഓഫീസ് ദിവസങ്ങളിൽ ആദ്യം വരുന്ന മെസ്സേജ് എന്ന ഓർഡറിൽ രജിസ്ട്രർ ചെയ്ത് ഓരോ കേസുകളും പരിഗണിക്കും. പദ്ധതിയുടെ ഉദ്ഘാടനം ബി ഡി ദേവസ്സി എം എൽ എ നിർവഹിച്ചു.
കൊരട്ടി നിവാസികൾക്ക് കെ എസ് ഇ ബിയുടെ പുതുവത്സര സമ്മാനമാണ് ഈ പദ്ധതിയെന്ന് എം എൽ എ പറഞ്ഞു.
കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജു, വാർഡ് മെമ്പർ വർഗീസ് തച്ചുപറമ്പിൽ, കൊരട്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി കെ സാബു, അസിസ്റ്റന്റ് എൻജിനീയർ സി എസ് രജികുമാർ തുടങ്ങിയവർ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മദർതെരേസ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം അവസാന തിയതി ജനുവരി 27