കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ദ്ധനവിലൂന്നിയ മുന്നേറ്റത്തിന് സഹായകരമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടാണ് സ്മാള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം (എസ്എഫ്എസി) രൂപീകരിച്ചിട്ടുള്ളത്. ആഗോളവത്ക്കരണം,നഗരവത്ക്കരണം,വിസ്തൃതമായിക്കൊണ്ടിരിക്കുന്ന ഭക്ഷ്യമാര്‍ക്കറ്റുകള്‍, അതിനോടനുബന്ധിച്ച് വികാസം പ്രാപിച്ചു വരുന്ന വ്യവസായങ്ങള്‍ എന്നിവ കേരളത്തിലെ കര്‍ഷകര്‍ക്ക് പരമാവധി പ്രയോജനപ്പെടുംവിധം കാര്‍ഷിക വ്യവസായ ശ്രംഖല ശാക്തീകരിക്കുക എന്നതാണ് എസ്എഫ്എസിയുടെ രൂപീകരണത്തിലേക്ക് വഴി തെളിച്ചത്.
എസ്എഫ്എസിയുടെ ലക്ഷ്യങ്ങള്‍
*കൂടുതല്‍ തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കുന്നതോടൊപ്പം കര്‍ഷകന്റെ വരുമാനം വര്‍ദ്ധിപ്പിക്കുക
* കേരളത്തിലെ നിലവിലുള്ള പദ്ധതികളില്‍ ഉള്‍പ്പെട്ടതും പുതുതായി രൂപീകരിക്കുന്നതുമായ കര്‍ഷക കൂട്ടായ്മകള്‍, ക്ലസ്റ്ററുകള്‍ എന്നിവയിലൂടെ മൂല്യവര്‍ദ്ധനവിന്റെ ആശയങ്ങള്‍ക്ക് പരമാവധി പ്രചാരണം നല്‍കുക
* മൂല്യവര്‍ദ്ധനവിനാവശ്യമായ ഫാം മെഷിനറികള്‍ മേഖലാടിസ്ഥാനത്തില്‍ സ്ഥാപിച്ച് കേരളത്തിന്റെ ഗ്രാമീണ മേഖല ശക്തിപ്പെടുത്തുക
* കൃഷിയിടത്തില്‍ നിന്നും കാര്‍ഷിക ഉത്പ്പന്നങ്ങള്‍ മൂല്യവര്‍ദ്ധന യൂണിറ്റിലേക്ക് ഇടമുറിയാതെ എത്തിക്കുക വഴി പാഴായി പോകാവുന്ന ഉത്പന്നങ്ങള്‍ക്ക് മികച്ച മൂല്യം ഉറപ്പാക്കുക
നിലവിലെ അവസ്ഥ
കൃത്യമായ പരിപാലന മുറകള്‍ അവലംബിക്കാത്തതുമൂലവും അജ്ഞത മൂലവും പഴം പച്ചക്കറി മേഖലയില്‍ തന്നെ ഉദ്ദേശം മുപ്പതു ശതമാനത്തോളം കാര്‍ഷിക ഉത്പ്പന്നങ്ങള്‍ വിളവെടുപ്പിനു ശേഷം നഷ്ടമായി പോകുന്നു. ഉദ്ദേശം ഇരുപത് കോടി രൂപയാണ് ഈയിനത്തില്‍ പ്രതിവര്‍ഷം കേരളത്തിന് നഷ്ടമാകുന്നത്. ആഗോളതലത്തില്‍ തന്നെ കയറ്റുമതി മേഖലയില്‍ പ്രത്യേക സ്ഥാനമാണ് കേരളത്തിനുള്ളത്. ഏലം,കുരുമുളക്,മഞ്ഞള്‍ തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങളിലും വാഴപ്പഴത്തിലും കേരളം ശ്രദ്ധേയ സാന്നിധ്യമാണ്. ഈ മേഖലകളില്‍ ക്ലസ്റ്ററടിസ്ഥാനത്തിലുളള ഇടപെടലുകള്‍ക്ക് വന്‍ സാധ്യതയാണുള്ളത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുന്ന വിവധ വ്യാപാരക്കരാറുകള്‍ സംസ്ഥാനത്തെ കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന നിരവധി അനുഭവങ്ങളുമുണ്ട്. ഈ സാഹചര്യത്തില്‍ അനുയോജ്യമായ സംസ്‌ക്കരണ രീതികളുടെ അഭാവം മൂലം പാഴായി പോകുന്ന ഉത്പ്പന്നങ്ങള്‍ സംസ്‌ക്കരിക്കുക അനിവാര്യമായ ആവശ്യകതയാകുന്നു.
എസ്എഫ്എസി ഇടപെടല്‍
എല്ലാ കാര്‍ഷിക ഉത്പന്നങ്ങളുടെയും മൂല്യ വര്‍ദ്ധനവ് ലക്ഷ്യമിട്ടുകൊണ്ടുളള പദ്ധതികളാണ് എസ്എഫ്എസി തയ്യാറാക്കിയിട്ടുള്ളത്. പദ്ധതിക്കാവശ്യമുളള കെട്ടിട നിര്‍മ്മാണം,യന്ത്രവത്ക്കരണം,മാലിന്യ സംസ്‌ക്കരണം,ഓഫീസ് ഉപകരണങ്ങള്‍ എന്നിവയ്ക്കാണ് എസ്എഫ്എസി സഹായം നല്‍കുക. 25 ലക്ഷം രൂപ വരെ ചിലവിട്ട് ആരംഭിക്കുന്ന സൂക്ഷ്മതല സംരംഭങ്ങള്‍ക്ക് പരമാവധി പത്തു ലക്ഷം എന്നു നിജപ്പെടുത്തി അന്‍പത് ശതമാനം സബ്‌സിഡിയാണ് നല്‍കുന്നത്. ചെറുകിട സംരംഭ മേഖലയില്‍ 25 ലക്ഷം മുതല്‍ ഒരു കോടി വരെ ചിലവിട്ടു തയ്യാറാക്കുന്ന പദ്ധതികള്‍ക്ക് പരമാവധി 25 ലക്ഷം എന്നു നിജപ്പെടുത്തി നാല്‍പ്പതു ശതമാനം സബ്‌സിഡിയും പദ്ധതിയുടെ ഭാഗമായി നല്‍കുന്നു. ഇടത്തരം സംരംഭങ്ങള്‍ക്ക് ഒരു കോടി മുതല്‍ അഞ്ചുകോടിവരെ മൂലധന നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. ഇതില്‍ പരമാവധി 50 ലക്ഷമായി നിജപ്പെടുത്തി മുപ്പത് ശതമാനം സബ്‌സിഡിയും നല്‍കുന്നു.
ഈ പദ്ധതിയുടെ ആനുകൂല്യങ്ങളില്‍ നിന്നും എണ്ണമില്ലുകള്‍, ധാന്യമില്ലുകള്‍,കറിപ്പൊടി ഉത്പ്പാദന യൂണിറ്റുകള്‍,ഇഢലി-ദോശമാവ് യൂണിറ്റുകള്‍,ബേക്കറി യൂണിറ്റുകള്‍,അരിമില്ല്, ഡോര്‍ടെക്‌സ് യൂണിറ്റുകള്‍,കശുവണ്ടി യൂണിറ്റുകള്‍,കയര്‍ യൂണിറ്റുകള്‍,ജീവാണുവള കമ്പോസ്റ്റ് നിര്‍മ്മാണ യൂണിറ്റുകള്‍,ജൈവവള നിര്‍മ്മാണ യൂണിറ്റുകള്‍,സോപ്പ്-ഔഷധ നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. സംരംഭകര്‍ ഓണ്‍ലൈനായി www.sfackerala.org എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങളും ഇതേ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ആശാരാജ്,
കൃഷി ഓഫീസര്‍,
എസ്എഫ്എസി,
ഫോണ്‍- 9383470282