ആലപ്പുഴ: മാരാരിക്കുളം സ്വദേശിയായ ഷൈലമ്മയുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു എ.എ.വൈ വിഭാഗത്തിലെ റേഷന്‍കാര്‍ഡ് എന്നത്. മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ജില്ലയിലെ പരാതി പരിഹാര അദാലത്ത് സാന്ത്വന സ്പര്‍ശത്തിലൂടെ ഇതിന് പരിഹാരമായി.
എ.എ.വൈ വിഭാഗത്തിലുള്ള പുതിയ റേഷന്‍ കാര്‍ഡ് അദാലത്തില്‍ വെച്ച് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഷൈലമ്മക്ക് കൈമാറി.
9 വര്‍ഷം മുന്‍പ് ക്യാന്‍സര്‍ രോഗം മൂലം ഷൈലമ്മയുടെ ഭര്‍ത്താവ് തുളസീധരന്‍ മരണപെട്ടിരുന്നു.
പിന്നീട് ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നതിനിടെയാണ് സഹായങ്ങള്‍ നല്‍കിവന്നിരുന്ന ഇളയ മകള്‍ പ്രസവത്തെ തുടര്‍ന്ന് മരണപ്പെട്ടത്.
തുടര്‍ന്നുള്ള നിത്യജീവിതത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ട ഷൈലമ്മ ഏറെ പ്രയാസങ്ങള്‍ അനുഭവിച്ച സാഹചര്യത്തിലാണ് റേഷന്‍ കാര്‍ഡ് എ. എ. വൈ വിഭാഗത്തിലേക്ക് മാറ്റാന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയത്.
ഈ ആവശ്യത്തിലാണ് മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം പരിപാടിയിലൂടെ പരിഹാരമായത്. ജില്ലയില്‍ നിന്ന് 172 അപേക്ഷകളാണ് രണ്ട് താലൂക്കുകളില്‍ നിന്നും റേഷന്‍ കാര്‍ഡ് തരം മാറ്റത്തിനായി ലഭിച്ചത്.
ഇതില്‍ ഭൂരിപക്ഷം അപേക്ഷകളും നിലവില്‍ നടപടിക്രമങ്ങളുടെ അവസാന ഘട്ടത്തില്‍ ഉള്‍പ്പെടുന്നതാണെന്ന് കണ്ടെത്തി. ഇതിലെ നടപടി ഉടന്‍ പൂര്‍ത്തിയാകും. കൊമ്മാടി മാടയില്‍ വീട്ടില്‍ റെയ്ച്ചല്‍, പുന്നപ്ര വടക്ക് കാര്‍ത്തിക സ്മിത, വടക്കന്‍ ആര്യാട് മണ്ണെഴത്ത് വെളി ഓമന എന്നിവര്‍ക്കും റേഷന്‍ കാര്‍ഡ് തയ്യാറാക്കി നല്‍കി.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വാഴക്കുളം അഗ്രോ പ്രോസസിങ് കമ്പനി വീണ്ടും "ജൈവു"മായി ലൈവ് ആകുന്നു