കോഴിക്കോട്: സാമൂഹികമായും സാമ്പത്തികമായും പാർശ്വവത്കരിക്കപ്പെട്ട സ്ത്രീകൾക്ക് അത്താണിയാവുകയാണ് ബാലുശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന' ശരണ്യ' വനിതാ കൂട്ടായ്മ. വനിതകള്‍ക്കായി ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടപ്പിലാക്കുന്ന ശരണ്യ സ്വയം തൊഴില്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണ് കൂട്ടായ്മയിലെ അംഗങ്ങള്‍. വിധവകള്‍, വിവാഹമോചിതര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, മുപ്പത് വയസ്സ് കഴിഞ്ഞ അവിവാഹിതര്‍ തുടങ്ങി സാമൂഹികമായും സാമ്പത്തികമായും പര്‍ശ്വവല്‍ക്കരിക്കപ്പെട്ടവർ അവരുടെ പ്രശ്‌നങ്ങള്‍ പങ്കിട്ടും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും മുഖ്യധാരയിലേക്ക് തിരിച്ചെത്താന്‍ നടത്തുന്ന ധീരമായ ശ്രമങ്ങളുടെ നേര്‍ചിത്രമാണ് നാളിത് വരെയുള്ള ഈ സംഘത്തിന്റെ ചരിത്രം.
അശരണരായ സ്ത്രീകള്‍ക്കായി സര്‍ക്കാര്‍ 'ശരണ്യ പദ്ധതിയിലൂടെ നല്‍കുന്ന സാമ്പത്തിക സഹായത്തിനായി അപേക്ഷിച്ചപ്പോഴാണ് ശരണ്യ' വനിതാ കൂട്ടായ്മയിലെ അംഗങ്ങൾ പരസ്പരം കണ്ടുമുട്ടുന്നത്. ഒറ്റപ്പെടലുകളും നിസ്സഹായതയും അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ഒരു കൂട്ടായ്മ എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു പുതിയ തുടക്കത്തിന് ഇത് കാരണമായി. 2016 ല്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും 2019 ലാണ് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്. കൃത്യമായ സംഘടനാ മികവോടെയും ആശയത്തോടെയും നടത്തിയാല്‍ ഏതൊരു കൂട്ടായ്മയും വിജയം കാണും എന്നതിന് സാക്ഷ്യമാണ് വനിതകള്‍ നടത്തുന്ന ശരണ്യ കൂട്ടായ്മ.
അംഗങ്ങള്‍ സ്വയം നിർമ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍, പ്രാദേശിക കര്‍ഷകരില്‍ നിന്ന് ശേഖരിച്ച കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, നൂറു ശതമാനം ഗുണമേന്‍മ ഉറപ്പു തരുന്ന മഞ്ഞള്‍, കൂവ തുടങ്ങിയ നാടന്‍ ഉല്‍പ്പനങ്ങള്‍, ജൈവ കൃഷിക്ക് അനുയോജ്യമായ വിത്ത്, ജൈവ വളം, കരകൗശല വസ്തുക്കള്‍, അച്ചാറുകള്‍, സര്‍ബത്ത്, സോപ്പ്, ലോഷനുകള്‍ തുടങ്ങി വിത്യസ്ത ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിച്ചാണ് സ്വയം ശാക്തീകരണം എന്ന ലക്ഷ്യത്തിലേക്ക് ശരണ്യ കൂട്ടായ്മ ചുവടുകള്‍ വെക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: തൊഴിലുറപ്പ് പദ്ധതി: നിഷേധിക്കപ്പെട്ട തൊഴില്‍ ദിനങ്ങളും വേതനവും ഉടന്‍ ലഭ്യമാക്കണം: ഓംബുഡ്സ്മാന്‍
11 എക്‌സിക്യൂട്ടിവ് അംഗങ്ങളും ജില്ലയിലുടനീളം 250 ഓളം അംഗങ്ങളുമാണ് നിലവില്‍ ശരണ്യ കൂട്ടായ്മയുടെ ശക്തി. സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു ഓഫീസ് സമുച്ചയം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് ശരണ്യ കൂട്ടായ്മ. കൂടാതെ സ്വന്തമായി വീടില്ലാത്തവർക്കായി ഒരു പാര്‍പ്പിടം ഒരുക്കണമെന്നും ഇവർ ആഗ്രഹിക്കുന്നു. കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കാനറാ ബാങ്ക്, ആര്‍ സെറ്റി, കുടുംബശ്രീ ജില്ലാ മിഷന്‍ എന്നിവരുടെ പിന്തുണ കൂട്ടായ്മക്ക് ഉണ്ട്. നബാര്‍ഡ് സാമ്പത്തിക സഹായത്തോടെ നിര്‍മ്മിച്ച വിപണന ഔട്ട്ലെറ്റ് 2022 ഡിസംബര്‍ മുതല്‍ സിവില്‍ സ്റ്റേഷനില്‍ പ്രവർത്തിക്കുന്നുണ്ട്. ഓണം വിപണി ലക്ഷ്യമിട്ട് വിപണന മേളകള്‍ ഒരുക്കുമെന്നും ഇതോടൊപ്പം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വിപണന കേന്ദ്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സംഘടിപ്പിക്കുമെന്നും ശരണ്യ കൂട്ടായ്മയുടെ സെക്രട്ടറി ജെസി അറിയിച്ചു.