Updated on: 13 April, 2023 5:16 PM IST

1. വിഷുവും പെരുന്നാളും പടിക്കലെത്തിയിട്ടും കേരളത്തിലെ റേഷൻ കടകളിൽ പുഴുക്കലരിക്ക് ക്ഷാമം. കേന്ദ്രസർക്കാർ പുഴുക്കലരി വിഹിതം വെട്ടിക്കുറച്ചതോടെ മട്ട അരിയും പച്ചരിയും മാത്രം വാങ്ങേണ്ട അവസ്ഥയിലാണ് മലപ്പുറം ജില്ലയിലെ ജനങ്ങൾ. ഒരു റേഷൻ കാർഡ് അംഗത്തിന് 1 കിലോ പുഴുക്കലരിയെങ്കിലും നൽകണമെന്നാണ് ആവശ്യം. തിരൂരിലും തിരൂരങ്ങാടിയിലും കുറഞ്ഞ തോതിൽ പുഴുക്കലരി ലഭ്യമാണെങ്കിലും പൊന്നാനിയിൽ വിതരണം നിലച്ച സ്ഥിതിയാണ്. റേഷൻ കടക്കാർ അരി പൂഴ്ത്തി വയ്ക്കുന്നു എന്ന പരാതിയും ഉയരുന്നുണ്ട്. ഇതിനിടയിൽ റേഷൻകട തൊഴിലാളികളുടെ കയറ്റിറക്കു കൂലി 15 ശതമാനമായി വർധിപ്പിക്കാൻ തീരുമാനമായി.

കൂടുതൽ വാർത്തകൾ: BPL റേഷൻ കാർഡുകാർക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ

2. നഗരാസൂത്രണ പദ്ധതികളുടെ നിർവഹണം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്മാർട്‌സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷൻ, തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപം സ്ഥാപിച്ച മൾട്ടിലെവൽ കാർ പാർക്കിംഗ് സെന്ററിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. 19 കോടിയോളം രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണനയും പാർക്കിംഗ് സംവിധാനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

3. കേരളത്തിലെ ക്ഷീരകർഷകർക്ക് കൈത്താങ്ങാകാൻ സരൾ കൃഷി ഭീമ പദ്ധതിക്ക് തുടക്കം. അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യയും മിൽമ മലബാർ റീജിയണും ചേർന്നാണ് പദ്ധതിക്ക് തുടക്കമിട്ടത്. മെയ് 9 വരെ പദ്ധതി തുടരും. ആദ്യഘട്ടത്തിൽ പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വേനൽച്ചൂട് മൂലം പാലുൽപാദനത്തിലുണ്ടാകുന്ന കുറവിന് ഇൻഷുറൻസ് പരിരക്ഷ നൽകി കർഷകന് സഹായം നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

4. റേഷൻ വിതരണത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് പ്രതിഷേധാർഹമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. തമ്പാനൂരിൽ സംഘടിപ്പിച്ച സപ്ലൈകോ വിഷു, റംസാൻ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗതാഗത മന്ത്രി ആന്റണി രാജു, ഡെപ്യൂട്ടി മേയർ പികെ രാജു എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഏപ്രിൽ 21 വരെ ഫെയർ നടക്കും.

5. ഡിജിറ്റൽ റീസർവ്വേ ചരിത്രനേട്ടമെന്ന് റവന്യൂമന്ത്രി കെ രാജൻ. തിരുവനന്തപുരം സർവ്വേ ഡയറക്ടറേറ്റിൽ സ്ഥാപിച്ച കണ്ടിന്യൂസ് ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. സാങ്കേതിക പ്ലാറ്റ്‌ഫോമായ സ്റ്റേഷന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ ഡിജിറ്റൽ റീസർവ്വേ കൂടുതൽ കൃത്യതയുള്ളതായി മാറുമെന്നും ജി.പി.എസിൽ ഉണ്ടാകുന്ന മാറ്റങ്ങളടക്കം പ്രതിരോധിക്കാൻ സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്നും ചടങ്ങിൽ മന്ത്രി കൂട്ടിച്ചേർത്തു.

6. സീറോ വേസ്റ്റ് അറ്റ് കൊച്ചി എക്സിബിഷന് ഇന്ന് സമാപനം. കൊച്ചി നഗരസഭയിൽ മാലിന്യ സംസ്കരണ സംവിധാനം കൊണ്ടുവരുന്നതിനായി സർക്കാരും ശുചിത്വ മിഷനും കൊച്ചി നഗരസഭയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഉറവിട മാലിന്യ സംസ്കരണത്തിന് വേണ്ട ഉപകരണങ്ങളുടെ പ്രദർശനം കാണാൻ നിരവധി ആളുകളാണ് മേളയിൽ എത്തിയത്. ശുചിത്വ മിഷന്റെ അംഗീകാരം നേടിയ 12 ഏജൻസികൾ മെഷീനുകൾ പ്രദർശിപ്പിച്ചു. കൂടാതെ, ‘വേസ്റ്റ് മാനേജ്മെന്റ്’ എന്ന വിഷയത്തിൽ രണ്ട് ദിവസം സെമിനാറുകളും നടന്നു.

7. സപ്ലൈകോയുടെ വിഷു–റംസാൻ ഫെയറുകൾക്ക് എറണാകുളത്ത് തുടക്കം. നഗരസഭ കൗൺസിലർ ബിന്ദു ശിവൻ സപ്ലൈകോ ഗാന്ധിനഗർ ഹൈപ്പർ മാർക്കറ്റിൽ സംഘടിപ്പിച്ച ഫെയർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഫെയറിന് പുറമേ ആറിടത്ത് താലൂക്ക് ഫെയറുകളും സപ്ലൈകോ സംഘടിപ്പിക്കുന്നുണ്ട്. വിഷു–റംസാൻ ഫെയറുകൾ ഈ മാസം 21 വരെ നീണ്ടുനിൽക്കും.

8. മത്സ്യത്തൊഴിലാളി അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി ഏപ്രില്‍ 28 വരെ നീട്ടി. പ്രീമിയം തുക 510 രൂപയും ഇന്‍ഷ്വറന്‍സ് ആനുകൂല്യം 10 ലക്ഷം രൂപയുമാണ്. പദ്ധതിയിൽ ചേരാനുള്ള പ്രായപരിധി 18നും 70നും ഇടയിലാണ്. കൊല്ലം ജില്ലയിലെ എല്ലാ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളും അവരുടെ മുഴുവന്‍ തൊഴിലാളികളെയും, SHG ഗ്രൂപ്പുകള്‍ എല്ലാ അംഗങ്ങളെയും ഇന്‍ഷ്വര്‍ ചെയ്യണമെന്നാണ് നിർദേശം. ഫോണ്‍: 9526041229, 9526041178, 9526041293, 9526041324, 9526041325, 9633945358.

9. കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് കേരളത്തിൽ ഭക്ഷ്യേൽപന്നങ്ങളുടെ വില കുതിക്കുന്നു. ചില്ലറ കമ്പോളത്തിൽ മുളക് വില ഇരട്ടിയായി വർധിച്ചു. 30 രൂപയായിരുന്ന പച്ച മുളകിന് 65 മുതൽ 70 രൂപ വരെയാണ് വില ഉയർന്നത്. വറ്റൽ മുളകിന് 290 രൂപ വരെയെത്തി. തമിഴ്നാട്ടിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞതോടെയാണ് മുളകിന് വില ഉയർന്നത്. വിഷു-പെരുന്നാൾ സീസൺ കൂടി ആരംഭിച്ചതോടെ പ്രതിസന്ധിയിലായത് കച്ചവടക്കാരും സാധാരണക്കാരുമാണ്.

10. കേരളത്തിൽ ഉയർന്ന ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട് ജില്ലയിലും കരിപ്പൂർ വിമാനത്താവളത്തിലും 39 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ഇതിനുമുമ്പ് കണ്ണൂരിൽ 38.6 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ശരാശരി താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

English Summary: Shortage of rice in ration shops in kerala
Published on: 13 April 2023, 02:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now