1. വിലക്കയറ്റത്തിൽ വലയുന്ന ജനങ്ങൾക്ക് ഇരുട്ടടിയായി സപ്ലൈകോ മാർക്കറ്റുകളിൽ സബ്സിഡി ഇനങ്ങൾക്ക് ക്ഷാമം. അരിയും പയറും ഉൾപ്പടെ 13 ഇനം ഭക്ഷ്യ സാധനങ്ങൾ സബ്സിഡി ഇനത്തിൽ നൽകുന്നുണ്ട് എന്നാണ് സർക്കാരിന്റെ വാദം. എന്നാൽ ആവശ്യക്കാർ കൂടുതലുള്ള ജയ അരി, കടല, വൻ പയർ, മുളക്, പച്ചരി എന്നിവ മിക്ക സ്റ്റോറുകളിലും കിട്ടാനില്ല. പാലക്കാട് ജില്ലയിൽ സബ്സിഡി ഇനത്തിൽ വിതരണം ചെയ്യുന്ന സാധനങ്ങളിൽ 7 എണ്ണത്തിന് കടുത്ത ക്ഷാമമാണ്.
കൊല്ലം ജില്ലയിൽ പഞ്ചസാര, കടല, ഉഴുന്ന്, മുളക് തുടങ്ങിയവ കിട്ടാനില്ല. 2 മാസമായി പഞ്ചസാരയും ലഭിക്കുന്നില്ല. ഓണസീസൺ ആയതോടെ സബ്സിഡി സാധനങ്ങൾ വാങ്ങുന്നതിന് സപ്ലൈകോയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അതേസമയം, പൊതുവിപണയിലാകട്ടെ അരിയ്ക്കും പച്ചക്കറികൾക്കും തൊട്ടാൽ പൊള്ളുന്ന വിലയാണ്. സബ്സിഡി സാധനങ്ങൾക്ക് 8 വർഷമായി വില കൂട്ടിയില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും, ആവശ്യ സാധനങ്ങൾ കിട്ടാനില്ല എന്നതാണ് യാഥാർഥ്യം.
2. രാജ്യ തലസ്ഥാനത്ത് തക്കാളി വില 300 രൂപ കടക്കുമെന്ന് മൊത്തവ്യാപാരികൾ. നിലവിൽ 220 രൂപയ്ക്കാണ് മൊത്ത വ്യാപാരം നടക്കുന്നത്. തക്കാളി കിലോഗ്രാമിന് 250 രൂപയായ സാഹചര്യത്തിലാണ് വില ഇനിയും ഉയരുമെന്ന് വ്യാപാരികൾ പറയുന്നത്. 259 രൂപയ്ക്കാണ് മദർ ഡയറി 1 കിലോ തക്കാളി വിൽക്കുന്നത്. മഴ അധികമായതോടെ പച്ചക്കറികൾ കയറ്റുമതി ചെയ്യുന്നതിന് 8 മണിക്കൂർ വരെ അധികം എടുക്കുന്നതും വില ഉയരുന്നതിന് കാരണമാകും. കയറ്റുമതി വൈകിയാൽ പച്ചക്കറികൾ കേടാകാനുള്ള സാധ്യതയും കൂടുതലാണ്. അതേസമയം, ഒഎൻഡിസി വഴി ഡൽഹിയിൽ 10,000 കിലോ തക്കാളിയാണ് സബ്സിഡി നിരക്കിൽ വിറ്റത്.
കൂടുതൽ വാർത്തകൾ: സെപ്റ്റംബർ 30 വരെ ആധാർ കാർഡ് പുതുക്കാം; സമയപരിധി വീണ്ടും നീട്ടി
3. ഒമാനിലെ വടക്കൻ ശർഖിയ ഗവർണറേറ്റിൽ നടന്ന മുന്തിരി ഫെസ്റ്റിവൽ വൻ വിജയം. മേളയിൽ നിന്നും 58,000 റിയാൽ വരുമാനം നേടിയതായി ഗവർണർ അലി ബിൻ അഹ്മദ് അൽ ഷംസി അറിയിച്ചു. കർഷകർ, സംരംഭകർ, തൊഴിലന്വേഷകർ എന്നിവർക്ക് വ്യവസായ രംഗത്തുള്ളവരുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അവസരമാണ് മേളയിൽ ഉണ്ടായിരുന്നത്. മേളയിലൂടെ പ്രാദേശിക ഫാമുകൾക്ക് 40 ഹെക്ടർ ഭൂമി കൃഷിയ്ക്ക് അനുവദിക്കുകയും മോഡൽ മുന്തിരി ഫാമുകൾ തുടങ്ങുന്നതിന് നിക്ഷേപം സ്വീകരിക്കുകയും ചെയ്തു. മേളയിൽ അണിനിരത്തിയ 35 ഇനം മുന്തിരികളിൽ ഏകദേശം 10,000 കിലോ മുന്തിരി വിറ്റഴിക്കാൻ സാധിച്ചു.