ജീവിതത്തിലെ ചെലവുകൾ വർദ്ധിക്കുന്നതിന് അനുസരിച്ച് നിക്ഷേപങ്ങൾ ചെയ്യുന്നതിലും മാറ്റങ്ങൾ അത്യാവശ്യമാണ്. എങ്കിലേ റിട്ടയർ ആവുന്ന സമയത്ത് വല്ലതും കയ്യിൽ കാണു.
റിട്ടയര്‍ ആവുമ്പോഴേക്കും മക്കൾ ഒക്കെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരായിട്ടുണ്ടാകും. മിക്കവരുടെയും റിട്ടയര്‍മെൻറ് സ്വപ്നമാണിത്. എന്നാൽ ഈ സമയത്ത് അപ്രതീക്ഷിതമായി എത്തുന്ന നിരവധി ചെലവുകൾ ഉണ്ടാകും. ഈ ചെലവുകൾ മുൻ കൂട്ടിക്കണ്ട് ജോലി ചെയ്യുമ്പോൾ മുതൽ ഒരു തുക നിക്ഷേപത്തിനായി മാറ്റി വെച്ചാൽ നല്ലൊരു തുക സമ്പാദിക്കാൻ റിട്ടയര്‍മെൻറ് കാലത്താകും. റിട്ടയര്‍മെൻറ് കാലത്തെ 50 ലക്ഷം രൂപയൊക്കെ പഴയ സങ്കൽപ്പമാണിപ്പോൾ. നേരത്തെ റിട്ടയര്‍ ചെയ്യാൻ ആഗ്രഹിക്കുന്നവര്‍ ഇതിനു ശേഷം ഒരു 25 വര്‍ഷം കൂടെ തനിക്കും ജീവിത പങ്കാളിക്കും അല്ലലില്ലാതെ ജീവിക്കാനുള്ള തുക കണ്ടെത്തേണ്ടതുണ്ട്.
ജീവിതച്ചെലവേറും
30 വയസുള്ള നിങ്ങൾക്ക് ശരാശരി വീട്ടുചെലവ് പ്രതിമാസം 50,000 രൂപയാണെങ്കിൽ അഞ്ച് ശതമാനം പണപ്പെരുപ്പം കണക്കാക്കിയാൽ റിട്ടയര്‍മെൻറ് കാലത്ത് ഇത് പ്രതിമാസം 1.32 ലക്ഷം രൂപയായിരിക്കും. പ്രതിവർഷം വേണ്ടിവരിക 15.92 ലക്ഷം രൂപയോളമാണ്. ഈ തുക കണ്ടെത്തണമെങ്കിൽ ഇതിനായി നേരത്തെ നിക്ഷേപവും തുടങ്ങണം. വിവിധ നിക്ഷേപ മാര്‍ഗങ്ങൾ പരീക്ഷിക്കാം.
സ്ഥിരനിക്ഷേപവും പ്രൊവിഡൻറ് ഫണ്ടും പോര
ബാങ്ക് നിക്ഷേപങ്ങൾ, പബ്ലിക് പ്രൊവിഡൻറ് ഫണ്ട് എന്നിവയൊക്കെ പരമാവധി ഏഴു ശതമാനം വരെ നൽകുമ്പോൾ എൻപിഎസിൽ നിന്ന് ഇതിലും ഉയര്‍ന്ന നേട്ടം ലഭിക്കാം. എന്നാൽ വൻ തുക നിക്ഷേപലക്ഷ്യമുള്ളവര്‍ക്ക് ഇത് മാത്രം മതിയാകില്ല. ദീര്‍ഘകാലാടിസ്ഥാനത്തിൽ 12 മുതൽ 15 ശതമാനം വരെ റിട്ടേൺ നൽകുന്ന മികച്ച മ്യൂച്വൽ ഫണ്ടുകളിൽ നേരത്തെ നിക്ഷേപം നടത്തുന്നത് ലക്ഷ്യത്തിലെത്താൻ സഹായകരമാകും.
കൂടുതൽ നേട്ടം തരം സ്റ്റെപ് അപ് എസ്ഐപി
എസ്ഐപികളെ ഇതിന് ആശ്രയിക്കാം. എത്ര നേരത്തെ നിക്ഷേപം തുടങ്ങുന്നോ അത്രയും കുറച്ച് തുക അടച്ചാൽ മതിയാകും. മികച്ച എസ്ഐപികൾ തെരഞ്ഞെടുക്കാം. ഉദാഹരണത്തിന് 25 വയസുള്ള ഒരാൾ 50 വയസ് എത്തുമ്പോൾ 10 കോടി രൂപ സമ്പാദിക്കാൻ സാധാരണ ഫണ്ടുകളിൽ 53,000 രൂപയോളം ഒക്കെ നിക്ഷേപിക്കണമങ്കിൽ സെറ്റ്പ് അപ് എസ്ഐപികളിൽ 25,410 രൂപ നിക്ഷേപിച്ചാൽ മതിയാകും.
അതേസമയം 30 വയസിലാണ് നിക്ഷേപം നടത്തുന്നതെങ്കിൽ 53.000 രൂപ നിക്ഷേപിക്കേണ്ടി വരും. സാധാരണ എസ്ഐപികളിൽ ഇത് 1.1 ലക്ഷം രൂപ വരെയാകാം.
സാധാരണ എസ്ഐപിയിൽ തന്നെ ഓരോ വര്‍ഷവും അധിക തുക കൂട്ടി നിക്ഷേപിക്കുന്നവയാണ് സ്ടെപ് അപ് എസ്ഐപികൾ. വരുമാനം അനുസരിച്ച് നിക്ഷേപിക്കുന്ന തുകയും കൂട്ടാം.