തൃശ്ശൂർ: ഫിഷറീസ് വകുപ്പിന് കീഴിൽ മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെനിന്റെ നേതൃത്വത്തിൽ തീരമൈത്രി പദ്ധതി 2023 - 24 പ്രകാരം ചെറുകിട തൊഴിൽ സംരംഭ യൂണിറ്റുകൾ ആരംഭിക്കുന്നതിനായി മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ 20നും 50 നും ഇടയിൽ പ്രായമുള്ള, മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററിൽ അംഗത്വമുള്ള 2 മുതൽ 5 വരെ പേരടങ്ങുന്ന ഗ്രൂപ്പായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
പ്രകൃതി ദുരന്തങ്ങൾക്ക് നേരിട്ട് ഇരയായവർ, മാറാരോഗങ്ങൾ ബാധിച്ച കുടുംബങ്ങളിൽ നിന്നുള്ള വനിതകൾ, ട്രാൻസ്ജെൻഡേഴ്സ്, വിധവകൾ (കൂടിയ പ്രായപരിധി 50 വയസ്സ് ), തീരനൈപുണ്യ കോഴ്സിൽ പങ്കെടുത്ത കുട്ടികൾ, 20 - 40 വയസ്സിനിടയിലുളളവർ എന്നിവർക്ക് മുൻഗണന.
സാഫിൽ നിന്നും ഒരു ധനസഹായം കൈപ്പറ്റിയവർക്ക് അപേക്ഷ സമർപ്പിക്കുവാൻ സാധിക്കില്ല. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റായും, 20 ശതമാനം ബാങ്ക് ലോണും, 5 ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും. ഒരംഗത്തിന് പരമാവധി 1 ലക്ഷം രൂപ നിരക്കിൽ 5 പേർ അടങ്ങുന്ന ഗ്രൂപ്പിന് പരമാവധി 5 ലക്ഷം രൂപ വരെ സബ്സിഡിയായി ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: കേരള സംസ്ഥാന ഫിഷറീസ് നയം (Kerala State Fisheries Policy)
ഡ്രൈ ഫിഷ് യൂണിറ്റ്, ഹോട്ടൽ ആൻഡ് കാറ്ററിംഗ്, ഫിഷ് ബൂത്ത്, ടെയിലറിംഗ് ആൻഡ് ഗാർമെന്റ്സ്, ഫ്ളോർ മിൽ, പ്രൊവഷൻ സ്റ്റോർ, ബ്യൂട്ടി പാർലർ, ബേക്കറി, കാറ്ററിംഗ്, ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്, പെറ്റ്സ് ഷോപ്പ്, ഗാർഡൻ സെറ്റിംഗ് ആൻഡ് നേഴ്സറി, ലാബ് ആൻഡ് മെഡിക്കൽ സ്റ്റോർ, ഹോം മെയിഡ് ടോയിലറ്ററീസ്, ഓൾഡ് ഏജ് ഹോം, പാലിയേറ്റീവ് കെയർ യൂണിറ്റ്, ഫിറ്റ്നസ് സെന്റർ, കുട നിർമ്മാണ യൂണിറ്റ്, ടൂറിസം, ഐ.ടി അനുബന്ധ സ്ഥാപനങ്ങൾ, കംപ്യൂട്ടർ ഡി.ടി.പി സെന്റർ മുതലായ യൂണിറ്റുകളാണ് ഈ പദ്ധതി വഴി ആരംഭിക്കാവുന്നത്.
അപേക്ഷകൾ മത്സ്യഭവനുകളിൽ നിന്നും സാഫിന്റെ തൃശൂർ ജില്ലാ നോഡൽ ഓഫീസിൽ നിന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും www.fisheries.kerala.gov.in, www.safkerala.org എന്നീ വെബ്സൈറ്റുകളിൽ നിന്നും ലഭിക്കുന്നതാണ്.
പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 10 ന് വൈകീട്ട് 5 മണി.ഫോൺ : 9745470331, 9544112401.