ജല അതോറിറ്റിയും ജലസേചന വകുപ്പും വൻകിട സൗരോർജ പദ്ധതികൾ ആരംഭിക്കും. ജല അതോറിറ്റി അനെർട്ടുമായും ഇറിഗേഷൻ വകുപ്പ് കെ.എസ്.ഇ.ബി.യുമായും സഹകരിച്ചാണിത്.ജലവിഭവമന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചീഫ് എൻജിനിയർമാരുടെ യോഗത്തിലാണ് തീരുമാനം. ജലസേചനവകുപ്പിൻ്റെ പദ്ധതിപ്രദേശങ്ങളിലും ഡാമുകളുടെ വൃഷ്ടിപ്രദേശത്തും സൗരോർജപാനലുകൾ സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി.യുമായി ചേർന്ന് വിശദപദ്ധതിരേഖ തയ്യാറാക്കും.ഇതിൽ വകുപ്പിന്റെ ആവശ്യം കഴിഞ്ഞുള്ളത് കെ.എസ്.ഇ.ബി.ക്ക് കൈമാറും. സമാനരീതിയിൽ അനെർട്ടുമായി സഹകരിച്ച് ജല അതോറിറ്റിയും പദ്ധതി തയ്യാറാക്കും.
ഡാമുകൾ കേന്ദ്രീകരിച്ചും പദ്ധതിപ്രദേശങ്ങളിലെ ഒഴിഞ്ഞ ഇടങ്ങൾ കേന്ദ്രീകരിച്ചും സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിനു പുറമേ അനെർട്ടുമായിച്ചേർന്ന് പുരപ്പുറ സൗരോർജ പദ്ധതിയും ജല അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്. ആദ്യഘട്ടമായി ജല അതോറിറ്റിയുടെ കേന്ദ്രകാര്യാലയത്തിൽ 25 കെ.വി. സൗരോർജനിലയം ഉദ്ഘാടനം ചെയ്തു. തിരുമല, ആറ്റുകാൽ എന്നിവിടങ്ങളിൽ 100 കെ.വി. വീതവും ..ഒബ്‌സർവേറ്ററിയിൽ 60 കെ.വി.യുടെയും നിലയങ്ങളുടെ നിർമാണവും പുരോഗമിച്ചുവരുന്നു..2.83 കോടി രൂപയാണ് ഈ നാലു പദ്ധതികളുടെയും ആകെ ചെലവ്..മറ്റു ജില്ലകളിലെ ഓഫീസ് മന്ദിരങ്ങളിലും പുരപ്പുറ സൗരോർജ ഉത്പാദനം ആരംഭിക്കും.നിലവിൽ മാസം 30 കോടിയും വർഷം 360 കോടിയുമാണ് വൈദ്യുതി ബില്ലായി ജല അതോറിറ്റിയുടെ ചെലവ്.