ഉയർന്ന പലിശയും ആനുകൂല്യങ്ങളുമുള്ള തരുന്ന ചില സർക്കാർ നിക്ഷേപ പദ്ധതികളെ കുറിച്ചാണ് വിശദമാക്കുന്നത്. ഈ പദ്ധതികൾ കേന്ദ്ര സർക്കാറിൻറെ പിന്തുണയോടെ നടത്തപ്പെടുന്നതിനാൽ നിക്ഷേപ തുക സുരക്ഷിതമാണ്. ഏതെല്ലാമാണെന്ന് അവ എന്ന് നോക്കാം.
പോസ്റ്റ് ഓഫീസ് സേവിങ് അക്കൗണ്ട്
പലിശ നിരക്ക് 4 ശതമാനമാണ്. 500 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. പരമാവധി നിക്ഷേപ തുക നിശ്ചയിച്ചിട്ടില്ല. വ്യക്തിഗതമായോ പ്രായപൂർത്തിയായ മറ്റൊരു വ്യക്തിയുമായി ചേർന്ന് സംയുക്തമായും അക്കൗണ്ട് ആരംഭിക്കാം. 10 വയസ് തികഞ്ഞ കുട്ടികൾക്കും അക്കൗണ്ട് തുറക്കാം. പലിശ ഇനത്തിൽ 10,000 രൂപ വരെയുള്ള തുകയ്ക്ക് നികുതി ഇളവ് ലഭിക്കും. നിലവിൽ 4 ശതമാനമാണ് പലിശ നിരക്കുള്ളത്.
റിക്കറിങ് ഡിപ്പോസിറ്റ് അക്കൗണ്ട്
പലിശ നിരക്ക് 6.5 ശതമാനം. പ്രതിമാസം ചുരുങ്ങിയത് 100 രൂപ വീതം നിക്ഷേപം നടത്താം. പരമാവധി പ്രതിമാസ നിക്ഷേപ തുക നിശ്ചയിച്ചിട്ടില്ല. 5 വർഷമാണ് കാലാവധി. ഒരു വർഷത്തിനു ശേഷം അക്കൗണ്ടിലുള്ള തുകയുടെ 50 ശതമാനം വരെ പിൻവലിക്കാൻ അനുവദിക്കും. മൂന്ന് വർഷത്തിനു ശേഷം അക്കൗണ്ട് അവസാനിപ്പിക്കാനും സാധിക്കും. സാധാരണ പലിശയാണ് ലഭിക്കുക. നിലവിൽ 5 വർഷത്തേക്കുള്ള ആർഡി അക്കൗണ്ടിനാണ് 6.5 ശതമാനം പലിശ.
നാഷണൽ സേവിങ്സ് സ്കീം (പ്രതിമാസ വരുമാന അക്കൗണ്ട്)
പലിശ നിരക്ക് 7.4 ശതമാനം. ചുരുങ്ങിയത് 1,000 രൂപയുടെ നിക്ഷേപം. തുടർന്ന് ആയിരത്തിന്റെ ഗുണിതങ്ങളായി നടത്താം. സിംഗിൾ അക്കൗണ്ടിൽ പരമാവധി 9 ലക്ഷവും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം വരെയും നിക്ഷേപിക്കാം. അക്കൗണ്ട് കാലാവധി 5 വർഷം.
നാഷണൽ സേവിങ്സ് ടൈം ഡിപ്പോസിറ്റ് അക്കൗണ്ട്
ചുരുങ്ങിയ നിക്ഷേപ തുക 1000 രൂപ. നാല് കാലാവധിയിൽ ടൈം ഡിപ്പോസിറ്റ് അക്കൗണ്ട് ലഭ്യമാണ് (1, 2, 3, 5 വർഷം). തുടർന്ന് 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. പരമാവധി നിക്ഷേപത്തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. ആറ് മാസത്തിനു ശേഷം അക്കൗണ്ട് ക്ലോസ് ചെയ്യാം. 5 വർഷത്തെ നിക്ഷേപത്തിന് 80-സി പ്രകാരം നികുതി ഇളവ് ലഭിക്കുന്നതാണ്. പലിശ (2023 ജൂലൈ - സെപ്റ്റംബർ) 1 വർഷം- 6.90%, 2 വർഷം- 7%, 3 വർഷം- 7%, 5 വർഷം- 7.5% എന്നിങ്ങനെയാകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: അടൽ പെൻഷൻ യോജന: റിട്ടയർമെന്റ് ലൈഫിൽ മാസം 10,000 രൂപ, നിക്ഷേപം ഇപ്പോൾ തന്നെ തുടങ്ങാം
സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം
ചുരുങ്ങിയ നിക്ഷേപം 1,000 രൂപയാകുന്നു. തുടർന്ന് 1,000 രൂപയുടെ ഗുണിതങ്ങളായി പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. അക്കൗണ്ട് ആരംഭിക്കുന്ന വേളയിൽ 60 വയസ് പൂർത്തിയാകണം. സ്വയം വിരമിക്കൽ പദ്ധതിയിലൂടെ റിട്ടയർ ചെയ്ത 55-നും 60-നും ഇടയിലുള്ളവർക്കും അംഗമാകാം. വ്യക്തിഗതമായോ പങ്കാളിയുമായി ഒത്തുചേർന്നോ അക്കൗണ്ട് ആരംഭിക്കാം. ഓരോ സാമ്പത്തിക പാദത്തിന്റെ അവസാനവും പലിശ അക്കൗണ്ടിലേക്ക് വരവുവെക്കും. അക്കൗണ്ട് ആരംഭിച്ചിട്ട് 5 വർഷ കാലാവധി പൂർത്തിയാകുമ്പോൾ ക്ലോസ് ചെയ്യാം. കാലാവധി പൂർത്തിയായാൽ മൂന്ന് വർഷത്തേക്ക് കൂടി നീട്ടാനാകും. നിബന്ധനകൾക്ക് വിധേയമായി കാലാവധിക്ക് മുൻപേ അക്കൗണ്ട് ക്ലോസ് ചെയ്യാൻ അനുവദിക്കും. എസ്‍സിഎസ്എസ് നിക്ഷേപത്തിന്മേൽ 80-സി പ്രകാരമുള്ള നികുതി ആനുകൂല്യം. നിലവിലെ പലിശ നിരക്ക് 8.20 ശതമാനമാകുന്നു.
നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്
10 വയസ് തികഞ്ഞ കുട്ടികൾക്കും അക്കൗണ്ട് ആരംഭിക്കാം. ചുരുങ്ങിയ നിക്ഷേപം 1,000 രൂപയാണ്. തുടർന്ന് 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. കാലാവധി 5 വർഷം. നിക്ഷേപത്തിന് പരമാവധി തുക നിശ്ചയിച്ചിട്ടില്ല. കാലാവധി പൂർത്തിയാകുമ്പോൾ ഉടമകളെല്ലാവർക്കുമായി ഒരുമിച്ച് നിക്ഷേപ തുക മടക്കി നൽകും. ജോയിന്റ്-ബി വിഭാഗത്തിൽ മൂന്ന് പേർക്ക് സംയുക്തമായി അക്കൗണ്ട് ആരംഭിക്കാനും അതിജീവിക്കുന്നവരിൽ ഏതൊരാൾക്കുമായി തുക മടക്കി നൽകും. അതിനകം നിക്ഷേപിച്ച തുകയിൽ ബാങ്ക് വായ്പ ലഭിക്കുന്നതാണ്. നിലവിലെ പലിശ നിരക്ക് 7.7 ശതമാനമാകുന്നു.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
ഒരു സാമ്പത്തിക വർഷത്തിൽ ചുരുങ്ങിയത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാനാകും. മൂന്ന് വർഷം പൂർത്തിയാക്കിയാൽ ആറാം സാമ്പത്തിക വർഷം വരെയുള്ള കാലയളവിനിടെ ആവശ്യമെങ്കിൽ വായ്പ അനുവദിക്കുന്നതാണ്. ഏഴാം സാമ്പത്തിക വർഷത്തിനു ശേഷം തുക പിൻവലിക്കാനും അവസരം നൽകും. 15 വർഷമാണ് നിക്ഷേപ കാലാവധി. ഇത് പൂർത്തിയായാൽ 5 വർഷക്കാലയളവിലേക്ക് വീതം എത്ര തവണ വേണമെങ്കിലും അക്കൗണ്ട് പുതുക്കി നിക്ഷേപം നിലനിർത്താം. പിപിഎഫ് നിക്ഷേപം കോടതി വിധിയിലൂടെയും പിടിച്ചെടുക്കാനാകില്ലെന്നത് സവിശേഷതയാണ്. നിക്ഷേപത്തിനും പലിശയ്ക്കും നികുതി ഇളവും ലഭിക്കും. നിലവിൽ 7.1 ശതമാനമാണ് പലിശ നിരക്കുള്ളത്.
സുകന്യ സമൃദ്ധി അക്കൗണ്ട്
ഒരു സാമ്പത്തിക വർഷം ചുരുങ്ങിയത് 250 രൂപ മുതൽ പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 10 വയസിന് താഴെയുള്ള പെൺകുട്ടിയുടെ പേരിലാണ് അക്കൗണ്ട് ആരംഭിക്കാനാകുക. ഒരു പെൺകുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് മാത്രമേ ആരംഭിക്കാൻ അനുവദിക്കുകയുള്ളു. അംഗീകൃത ബാങ്കുകളിലും പോസ്റ്റ് ഓഫീസിലും അക്കൗണ്ട് തുറക്കാം. ഇന്ത്യയിൽ എവിടേക്ക് വേണമെങ്കിലും അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാം. 21 വർഷമാണ് നിക്ഷേപ കാലാവധി. എന്നിരുന്നാലും വിദ്യാഭ്യാസ ചെലവുകൾക്കായോ 18 വയസ് പൂർത്തിയാക്കിയ പെൺകുട്ടിയുടെ വിവാഹ ആവശ്യത്തിനായോ നേരത്തെ തുക പിൻവലിക്കാനും അനുവദിക്കും. നിക്ഷേപത്തിനും ആദായത്തിനും നികുതി ഇളവ് ലഭിക്കും. നിലവിൽ 8 ശതമാനമാണ് പലിശ നിരക്ക്.
മഹിള സമ്മാൻ സേവിങ് സർട്ടിഫിക്കറ്റ്
2023 ബജറ്റിൽ കേന്ദ്രസർക്കാർ പുതിയതായി ആരംഭിച്ച ലഘുസമ്പാദ്യ പദ്ധതിയാണിത്. ഒറ്റത്തവണ നിക്ഷേപമാകുന്നു. പരമാവധി രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാം. പെൺകുട്ടികൾക്കും സ്ത്രീകളുടെയും പേരിൽ അക്കൗണ്ട് ആരംഭിക്കാം. പരമാവധി നിക്ഷേപ കാലയളവ് രണ്ട് വർഷമാകുന്നു. നിലവിൽ 7.5 ശതമാനമാണ് പലിശ വാഗ്ദാനം ചെയ്യുന്നത്.
കിസാൻ വികാസ് പത്ര
ചുരുങ്ങിയ നിക്ഷേപം 1,000 രൂപ. തുടർന്ന് 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. പരമാവധി നിക്ഷേപത്തുക നിശ്ചയിച്ചിട്ടില്ല. പ്രായപൂർത്തിയായവർക്കോ കുട്ടികളുടെ പേരിലോ അക്കൗണ്ട് ആരംഭിക്കാം. മൂന്ന് പേർക്ക് വരെ സംയുക്തമായും അക്കൗണ്ട് പ്രവർത്തിപ്പിക്കാം. പോസ്റ്റ് ഓഫീസിലോ അംഗീകൃത ബാങ്കുകളിലോ അക്കൗണ്ട് തുറക്കാം. രണ്ടര വർഷത്തിനു ശേഷം നിക്ഷേപം പിൻവലിക്കാം. നിലവിലെ പലിശ നിരക്ക് 7.5 ശതമാനമാകുന്നു.