സർക്കാർ സ്ഥാപനങ്ങളല്ലാത്ത മറ്റു സ്ഥാപങ്ങളിൽ ജോലിചെയ്യുന്നവർക്ക്, ജോലിയിൽ നിന്ന് വിരമിച്ച ശേഷം വരുമാനത്തിനായി മറ്റു മാർഗ്ഗങ്ങൾ തേടേണ്ടിവരുന്നു. പ്രതിമാസം മുടക്കമില്ലാതെ ഒരു വരുമാനം കൈയിൽ ലഭിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകാൻ സാധ്യതയില്ല. ജോലിയിൽ നിന്നും വിരമിക്കുക, ജോലി/ ബിസിനസിൽ നിന്നും അസ്ഥിരമായ വരുമാനം എന്നിങ്ങനെയുള്ള വിവിധ കാരണങ്ങളാൽ മുടങ്ങാതെ മാസംതോറും വരുമാനം ലഭിക്കാൻ ശ്രമിക്കുന്നവരുണ്ടാകും. ഇത്തരത്തിൽ ഒറ്റത്തവണയായി നിക്ഷേപിച്ച്, പ്രതിമാസ വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന സുരക്ഷിതമായ ചില മാർഗങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.
സ്ഥിരനിക്ഷേപം
രാജ്യത്തെ ഏറ്റവും ജനകീയമായ നിക്ഷേപ മാർഗങ്ങളിലൊന്നാണ് സ്ഥിരനിക്ഷേപം (FD). നിക്ഷേപ കാലയളവിന്റെ അടിസ്ഥാനത്തിൽ പലിശ നിരക്ക് വ്യത്യാസപ്പെട്ടിരിക്കുന്നു. മാസംതോറുമോ അർധ വാർഷികമോ വാർഷികമായോ ഒക്കെ പലിശ സ്വീകരിക്കാനുള്ള അവസരം നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്തെ മുൻനിര ബാങ്കുകൾ 6.5-8.50 ശതമാനം നിരക്കിൽ പലിശ വാഗ്ദാനം ചെയ്യുന്നു.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
ഒറ്റത്തവണയായി വലിയൊരു തുക നിക്ഷേപിക്കാൻ അനുവദിക്കുന്ന പദ്ധതിയാണിത്. ഇതിലൂടെ അടുത്ത 6 വർഷത്തേക്ക് മാസംതോറും പലിശ വരുമാനം ലഭിക്കും. നിലവിൽ 7.40 ശതമാനം നിരക്കിൽ പലിശ നൽകുന്നു. ഒരാൾക്ക് പരമാവധി 9 ലക്ഷവും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം വരെയും നിക്ഷേപിക്കാം.
ഇൻഷുറൻസ് കമ്പനിയുടെ അന്വിറ്റി സ്കീം
പൊതുമേഖലയിൽ പ്രവർത്തിക്കുന്ന എൽഐസിയിൽ നിന്നോ സ്വകാര്യ ഇൻഷുറൻസ് കമ്പനികളിൽ നിന്നോ അന്വിറ്റി സ്കീമിൽ ചേരാം. പെൻഷൻ കാലയളവിന് അനുസൃതമായിരിക്കും ഇതിൽ നിന്നുള്ള ആദായം. താരതമ്യേന ആദായനിരക്ക് കുറവുള്ള പദ്ധതിയാണിത്. കൈവശമുള്ള പണം വേറെ ആവശ്യങ്ങൾക്കൊന്നുമായി ചെലവഴിക്കാൻ ഇല്ലെങ്കിൽ മാത്രം ഈ സ്കീം പരിഗണിക്കുന്നതാണ് ഉചിതം.
സർക്കാരിന്റെ ദീർഘകാല ബോണ്ട്
25 മുതൽ 30 വരെ കാലാവധിയുള്ള ദീർഘകാല സർക്കാർ ബോണ്ടുകൾപ പരിഗണിക്കാവുന്ന സുരക്ഷിത നിക്ഷേപങ്ങളിലൊന്നാകുന്നു. അർധ വാർഷികമായി 7.30% നിരക്കിൽ പലിശ നൽകുന്നു (ഈ നിരക്കുകളിൽ സമയാസമയം മാറ്റംവരാം). കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപതുക തിരികെ ലഭിക്കും. സർക്കാരാണ് എതിർ കക്ഷിയെന്നതിനാൽ ഏറ്റവും സുരക്ഷിത മാർഗമായി കണക്കാക്കാം. സർക്കാരിന്റെ വിഭവ സമാഹരണങ്ങളുടെ ഭാഗമായാണ് ഇത്തരം ബോണ്ടുകൾ അവതരിപ്പിക്കുന്നത്. സെക്കൻഡറി വിപണിയിൽ ഈ ബോണ്ടുകൾ വ്യാപാരം ചെയ്യാൻ സാധിക്കും.
സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം
60 വയസ് പൂർത്തിയായ മുതിർന്ന പൗരന്മാർക്ക് പരിഗണിക്കാവുന്ന മികച്ച നിക്ഷേപ പദ്ധതികളിലൊന്നാണ് സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം. ഇക്കഴിഞ്ഞ പാദത്തിൽ 8% നിരക്കിലാണ് പലിശ നൽകിയത്. 5 വർഷത്തേക്കാണ് നിക്ഷേപ കാലയളവ്. ഇത് പൂർത്തിയാക്കിയാൽ 3 വർഷത്തേക്ക് കൂടി നീട്ടാനാകും. വിആർഎസ് പദ്ധതിയിലൂടെ വിരമിച്ച 55-60 വയസിനിടയിലുള്ള വ്യക്തികൾക്കും നിക്ഷേപിക്കാൻ അവസരം നൽകുന്നു.